ദൈവത്തോടു പോലും നരേന്ദ്രമോദി പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കണമെന്ന് വിശദീകരിക്കും; രാഹുൽ ഗാന്ധി
കാലിഫോർണിയ: എല്ലാ വിഷയത്തെ കുറിച്ചും അറിവുണ്ടെന്ന് നടിക്കുന്ന ചിലരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.എസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി കലിഫോർണിയിലെ സർവകലാ ശാലയിൽ സംവദിക്കവെ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
ദൈവത്തോടു പോലും നരേന്ദ്രമോദി പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കണമെന്ന് വിശദീകരിക്കും. ഇത് കേൾക്കുമ്പോൾ ദൈവം പോലും താൻ എന്താണ് സൃഷ്ടിച്ചതെന്ന ആശയക്കുഴപ്പത്തിലെത്തും. ചിലർ ശാസ്ത്രജ്ഞർ, സൈനികർ, ചരിത്രകാരൻമാർ തുടങ്ങി എല്ലാവരേയും ഉപദേശിക്കും. എന്നാൽ അവർക്ക് കാര്യമായ അറിവുണ്ടാകണമെന്നില്ല. ഗുരുനാനാക്, മഹാത്മാ ഗാന്ധി, ബസവേശ്വരൻ തുടങ്ങിയവരൊന്നും തനിക്ക് എല്ലാമറിയുമെന്ന് വിചാരിച്ചല്ല കഴിഞ്ഞിരുന്നത്. ലോകം വളരെ വലുതാണെന്ന തിരിച്ചറിവാണ് വേണ്ടത്- രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തെ ആർഎസ്എസും ബിജെപിയും ചേർന്നാണ് നിയന്ത്രിക്കുന്നതെന്നും രാഹുൽ പറഞ്ഞു. നിലവിൽ ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന പൊതുയോഗങ്ങളും ചർച്ചകളുമൊക്കെ അവരുടെ നിയന്ത്രണത്തിലാണ്, അത് താൻ ഭാരത് ജോഡോ യാത്രയ്ക്ക് പുറപ്പെടും മുൻപു തന്നെ വ്യക്തമായിരുന്നതായും അതിനാൽ തന്നെയാണ് ജനങ്ങൾക്കൊപ്പം നടന്ന് അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൻറെ ഭാരത് ജോഡോ യാത്രയെ ഇല്ലാതാക്കാൻ ബിജെപി കഠിനമായി പരിശ്രമിച്ചു. എന്നാൽ ഞാനത് നടന്നു തീർത്തു. "വെറുപ്പിൻറെ വിപണയിൽ സ്നേഹത്തിൻറെ കട തുറന്നെന്ന" ആശയത്തെക്കുറിച്ചും രാഹുൽഗാന്ധി വിശദീകരിച്ചു. എല്ലാ ദിവസവും 25 കിലോമീറ്ററായിരുന്നു യാത്ര. പുലർച്ചെ 6 ന് ആരംഭിക്കുന്ന യാത്ര രാത്രി 8 മണിവരെ നീളും. മൂന്നാഴ്ച്ചയായതോടെ ക്ഷീണം അനുഭവപ്പെടാതെയായി.
ഒപ്പമുള്ളവരോട് ക്ഷീണമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ഇതിൽ നിന്നും രാജ്യം ഒപ്പം നിൽക്കുന്നതായി തിരിച്ചറിയുകയായിരുന്നു.
വിവിധ മതത്തിൽ നിന്നായി പ്രായമായവർ മുതൽ കൊച്ചു കുട്ടികൾ വരെ ഒപ്പം നടക്കാൻ തുടങ്ങി. ഇവർ നൽകിയ സ്നേഹത്തിൻറെ അന്തരീക്ഷത്തിൽ നിന്നാണ് വെറുപ്പിൻറെ വിപണിയിൽ സ്നേഹത്തിൻറെ കട തുറന്നെന്ന ആശയം പിറവിയെടുത്തതെന്നെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.