ദേശീയ പഞ്ചഗുസ്തി മത്സരത്തിനായി കേരള ടീം യാത്ര തിരിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ ദേശീയ പഞ്ചഗുസ്തി മത്സരങ്ങൾ ജൂൺ ഒന്നു മുതൽ നാലു വരെ ഉത്തർപ്രദേശിലെ മധുരയിലെ ഗ്ലാ യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കും. കേരളത്തിൽ നിന്നും ജൂനിയർ, യൂത്ത്, സീനിയർ മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി മത്സരിക്കുന്ന 167 പുരുഷ-വനിത കായികതാരങ്ങൾ യു.പിയിലേക്ക് യാത്ര പുറപ്പെട്ടു.
പുരുഷവിഭാഗം ക്യാപ്റ്റനായി എറണാകുളം ജില്ലയിലെ മുൻ ദേശീയ ചാമ്പ്യൻ ദിൽഷാദ്, ടിം മാനേജരായി കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന ട്രഷറുമായ റോഷിത്, വനിതാവിഭാഗം ക്യാപ്റ്റനായി മലപ്പുറം ജില്ലയിലെ സുനീറ, മാനേജരായി കണ്ണൂരുനിന്നുള്ള അനിതയേയും തിരഞ്ഞെടുത്തു.
കഴിഞ്ഞ 35 വർഷങ്ങളായി പുരുഷവിഭാഗത്തിലും 10 വർഷമായി വനിതാവിഭാഗത്തിലും കേരളമാണ് ചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്. ദേശീയ ചാമ്പ്യൻ ഷിപ്പിൽ 2016- മുതൽ കേരള സ്പോർട്ട്സ് കൗൺസിൽ ക്യാഷ് അവാർഡ് നൽകി വരുന്നുണ്ട്. മുൻദേശീയ ചാമ്പ്യൻമാരായ ജിൻസി, മധു, ശിവജിത്ത്, അഞ്ജു, ഷൗക്കത്ത്, യാസർ, സുരേഷ് മാധവൻ, ബൈജു, ആർദ്ര, തേജ, ആര്യ, ജോഷി,മോനു എന്നിവരടങ്ങുന്ന കേരളതാരങ്ങൾ ഈ വർഷവും ചാമ്പ്യൻഷിപ്പ് നിലനിർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ്.