എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന് തുടക്കം കുറിച്ചു
തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന് തുടക്കം കുറിച്ച് ചെമ്പതാകയുയർന്നു. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ വി.കെ പ്രശാന്ത് എം.എൽ.എ പതാകയുയർത്തി.
നവോത്ഥാന നായകൻ അയ്യൻകാളിയുടെ സ്മൃതി മണ്ഡപത്തിൽനിന്ന് സംസ്ഥാന സെക്രട്ടറി പി.പി സന്തോഷിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ദീപശിഖ യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളനവേദിയായ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ സി എച്ച് അശോകൻ നഗറിൽ തെളിച്ചു.
വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് വൈസ് പ്രസിഡന്റ് ബി അനിൽകുമാറിന്റെ നേതൃത്വത്തിൽ കൊടിമരവും തൃശൂർ ഇ എം എസ് സ്ക്വയറിൽനിന്ന് വൈസ് പ്രസിഡന്റ് റ്റി.പി ഉഷയുടെ നേതൃത്വത്തിൽ പതാകയും പൊതുസമ്മേളന നഗരിയിലെത്തിച്ചു. വെള്ളി രാവിലെ ദീപശിഖാ ജാഥ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്തു.
യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ അധ്യക്ഷനായി. സൗത്ത് ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ, വൈസ് പ്രസിഡന്റ് ജെ ശ്രീമോൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണമേറ്റുവാങ്ങിയാണ് ദീപശിഖ സമ്മേളന നഗരിയിലെത്തിയത്. ബുധനാഴ്ച പ്രയാണമാരംഭിച്ച കൊടിമര, പതാക ജാഥകൾ വെള്ളി രാവിലെ ജില്ലയിൽ പ്രവേശിച്ചു. ഇരുജാഥകളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു.
ശനി രാവിലെ പ്രതിനിധി സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരൻ പതാകയുയർത്തും. 27ന് രാവിലെ 8.30ന് സി എച്ച് അശോകൻ നഗറിൽ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് സംസ്ഥാന കൗൺസിൽ ചേരും. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ ഔപചാരികമായി എൻജിഒ യൂണിയനിൽ ലയിക്കും. തുടർന്ന് ഭാരവാഹി തെരഞ്ഞെടുപ്പും പ്രതിനിധി സമ്മേളന ഉദ്ഘാടനവും സെമിനാറും പ്രഭാഷണവും നടക്കും.
പ്രതിനിധി സമ്മേളനം ഇന്ന്എൻജിഒ യൂണിയൻ പ്രതിനിധി സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. രാവിലെ 10.30ന് ആക്ടിവിസ്റ്റ് ഡോ. രാംപുനിയാനി ഉദ്ഘാടനംചെയ്യും. പകൽ രണ്ടരയ്ക്ക് വികസന പ്രവർത്തനങ്ങളും ജനപക്ഷ സിവിൽ സർവീസുമെന്ന വിഷയത്തിൽ സെമിനാർ നടക്കും. ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് ഫെഡറലിസത്തിന്റെ ഭാവിയെന്ന വിഷയത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തും.
വൈകിട്ട് നായനാർ പാർക്കിലെ ടി ശിവദാസ മേനോൻ നഗറിലെ ചരിത്രപ്രദർശന വേദിയിൽ പുല്ലമ്പാറ പഞ്ചായത്തിലെ കുട്ടികളുടെ കലാവേദി അവതരിപ്പിക്കുന്ന ചങ്ങാതി ഡോക്യുഡ്രാമയുമുണ്ടാകും. സമ്മേളനത്തിന് സമാപനം കുറിച്ച് ചൊവ്വ വൈകിട്ട് അഞ്ചിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.