സിദ്ദിഖിന്റെ കൊലപാതകം; മൂന്നു കഷ്ണങ്ങളാക്കി മുറിച്ച് രണ്ട് ട്രോളി ബാഗിൽ വച്ച് പൂട്ടിയാണ് മൃതദേഹം തള്ളിയത്
തിരൂർ: ഹോട്ടൽ വ്യാപാരി മേച്ചേരി സിദ്ദിഖിന്റെ ദാരുണ കൊലപാതകത്തിൽ ഞെട്ടി തരിച്ച് നാട്ടുകാരും കുടുംബവും. വിവരമറിഞ്ഞ് പുലർച്ചെമുതൽ നാട്ടുകാർ ഏഴൂർ പിസി പടിയിലെ ഷംല മൻസിലിലേക്കൊഴുകി. മുത്തൂർ മേച്ചേരി ബീരാൻകുട്ടിയുടെ മകൻ സിദ്ദിഖ് 25 വർഷത്തോളം സൗദി അറേബ്യയിലായിരുന്നു.
തിരൂരിൽ ടാക്സി ഡ്രൈവറായിരിക്കെയാണ് സൗദിയിൽ പോയത്. 2017ൽ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങി. തുടർന്ന് എഴൂരിൽ ഹോട്ടൽ ആരംഭിച്ചെങ്കിലും ലാഭകരമല്ലാത്തതിനാൽ അടച്ചു. ഇതിനിടെയാണ് കോഴിക്കോട് ഒളവണ്ണയിൽ കെട്ടിടം വാങ്ങി ഹോട്ടൽ ആരംഭിച്ചത്. ഹോട്ടലിൽതന്നെയായിരുന്നു താമസവും.
ആഴ്ചയിൽ ഒരുതവണയാണ് വീട്ടിലെത്താറ്. ഉടൻ വരാമെന്നും പറഞ്ഞാണ് 18ന് വീട്ടിൽനിന്ന് പോയത്. ഇറ്റലിയിലുള്ള മകൻ നാട്ടിലെത്തുന്നതിനാൽ ഭാര്യ വിളിച്ചപ്പോൾ വടകരയിലാണെന്ന് പറഞ്ഞു. പിന്നീട് വിളിച്ചപ്പോൾ ഫോൺ ഓഫ് ആയതിനാലാണ് 22ന് പൊലീസിൽ പരാതി നൽകിയതെന്ന് മകൻ ഷാഹിദ് പറഞ്ഞു.
സിദ്ദിഖിന്റെ മൃതദേഹം രണ്ട് ട്രോളി ബാഗിലാക്കിയത് മൂന്നു കഷ്ണങ്ങളാക്കി. തലമുതൽ അരവരെയുള്ള ഭാഗം ഒരു ബാഗിലും കാലുകളുടെ ഭാഗങ്ങൾ രണ്ടായി മറ്റൊരു ബാഗിലുമാക്കിയിരുന്നു. ഏഴ് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച നിലയിലാണ്. 19ന് രാത്രി ഇരുബാഗും അട്ടപ്പാടി ചുരം ഒമ്പതാംവളവിൽ തള്ളിയതായി പൊലീസ് സംശയിക്കുന്നു.
പ്രതികളായ പാലക്കാട് ചെർപ്പുളശേരി വല്ലപ്പുഴയിലെ ഷിബിലിയും സുഹൃത്ത് ചെർപ്പുളശേരി ചളവറയിലെ ഫർഹാനയും 19ന് പകൽ 3.15ന് ബാഗുകളുമായി കോഴിക്കോട്ടെ ഹോട്ടലിൽനിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട സിദ്ദിഖിന്റെ കാറിലാണ് മൃതദേഹം കടത്തിയത്.
മറ്റൊരു പ്രതി ആഷിഖ് മണ്ണാർക്കാട്ടുവച്ചാണ് കാറിൽ കയറിയതെന്ന് സംശയിക്കുന്നു. മൂവരും ചേർന്നാണ് മൃതദേഹം വനത്തിൽ തള്ളിയത്. ഇതിനുശേഷം ആഷിഖ് മണ്ണാർക്കാട്ട് ഇറങ്ങി. ഷിബിലിയും ഫർഹാനയും കാർ ചെറുതുരുത്തിയിൽ ഉപേക്ഷിച്ച് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ചെന്നൈയിലേക്ക് പോയി. ചെന്നൈ എഗ്മോറിൽവച്ചാണ് ആർപിഎഫ് സഹായത്തോടെ ഇരുവരും തിരൂർ പൊലീസിന്റെ പിടിയിലായത്.
മണ്ണാർക്കാട്ടുനിന്നാണ് ആഷിഖിനെ തിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ തള്ളിയ വിവരം ലഭിച്ചത്. വെള്ളി പുലർച്ചെ പൊലീസിനൊപ്പം എത്തിയ ആഷിഖ് ചുരത്തിലെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുത്തു. വനത്തിലെ കാട്ടുചോലയിൽ മുങ്ങിയ ബാഗുകൾ മുകളിലെ റോഡിലെത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. മണ്ണാർക്കാട്ടുനിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് വടംകെട്ടി രാവിലെ ആറോടെ ബാഗുകൾ മുകളിലെത്തിച്ചത്.
ക്രൂരമായി കൊലചെയ്യപ്പെട്ട തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖിന് പ്രതികളുമായുള്ള ബന്ധത്തിൽ ദുരൂഹത. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കൊലയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, അതിലേക്കുള്ള കാരണം വ്യക്തമല്ല. ഇരുപത്തൊന്നും പതിനെട്ടും വയസ്സുള്ള പ്രതികൾക്ക് അരുംകൊലയ്ക്ക് ക്രിമിനൽ സംഘങ്ങളുടെ സഹായം ലഭിച്ചോ എന്നതും വ്യക്തമല്ല.
കൊലയ്ക്കുശേഷം പ്രതികൾ സിദ്ദിഖിന്റെ എടിഎം കാർഡ് ഉപയോഗിച്ച് തുടർച്ചയായി പണമെടുത്തിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം പണം തട്ടൽ മാത്രമായിരുന്നോ എന്നതാണ് അറിയേണ്ടത്.കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ 18ന് സിദ്ദിഖ് രണ്ട് മുറികൾ ബുക്ക് ചെയ്തിരുന്നു. ഇതിൽ ഒരു മുറിയിൽ ഷിബിലിയും ഫർഹാനയുമായിരുന്നു. മറ്റൊന്നിൽ സിദ്ദിഖും. ഈ മുറിയിലാണ് കൊല നടന്നത്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലേക്ക് മാറ്റുകയായിരുന്നു.
ഷിബിലി ഹോട്ടലിൽ ജോലിചെയ്തത് 15 ദിവസം മാത്രമാണ്. പെരുമാറ്റദൂഷ്യം കാരണം 18ന് ഷിബിലിയെ പറഞ്ഞുവിട്ടു. മുഴുവൻ ശമ്പളവും നൽകിയിരുന്നു. അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത്. രാത്രിവരെ സിദ്ദിഖിന്റെ ഫോൺ പ്രവർത്തിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോൾ വടകരയിലാണെന്നാണ് പറഞ്ഞത്. എന്നാൽ, രാത്രിയിൽ ഫോൺ സ്വിച്ച് ഓഫായി. ഇതിനിടയിൽ കൊലപാതകം നടന്നിരിക്കാനാണ് സാധ്യത.
കൊലയ്ക്കുപിന്നിൽ ഹണി ട്രാപ്പാണെന്ന് ഉറപ്പായിട്ടില്ലെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് അട്ടപ്പാടിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് കൊലയെന്നാണ് ഇപ്പോൾ വ്യക്തമായത്. കൊലയ്ക്കുള്ള കാരണവും കൊന്ന രീതിയും മൂവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്താലേ അറിയാനാകൂ. മൊബൈൽ ഫോൺ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ചില സാക്ഷിമൊഴികളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അട്ടപ്പാടി മേഖലയിയിലുണ്ടെന്ന് മനസ്സിലായതെന്നും എസ്പി പറഞ്ഞു.
സിദ്ദിഖിന്റെ അക്കൗണ്ടിൽനിന്ന് 19ന് രണ്ടുലക്ഷത്തോളം രൂപ പിൻവലിച്ചിട്ടുണ്ട്. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ അക്കൗണ്ടുകളിൽനിന്നാണ് പണം പിൻവലിച്ചത്. സിസിടിവി ദൃശ്യങ്ങളിൽനിന്ന് പണം പിൻവലിച്ചത് സിദ്ദിഖ് അല്ലെന്ന് പൊലീസ് കണ്ടെത്തി. സിദ്ദിഖിന്റെ എടിഎം കാർഡും പാസ്വേർഡും ശിബിലിക്ക് എങ്ങനെ കിട്ടിയെന്നതുസംബന്ധിച്ച് വ്യക്തതയില്ല. ശിബിലി നേരത്തെ സിദ്ദിഖിന്റെ തിരൂരിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു. ക്രമക്കേടുകൾ കണ്ടതിനെത്തുടർന്ന് ഒഴിവാക്കുകയായിരുന്നു.
കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഷിബിലിയും ആഷിഖും സ്ഥിരം കുറ്റവാളികൾ.കൂട്ടുപ്രതി ഫർഹാന നൽകിയ പോക്സോ കേസിലും പ്രതിയാണ് ഷിബിലി. 2021 ജനുവരിയിൽ പാലക്കാട് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ചളവറ സ്വദേശിനിയായ ഫർഹാന ഷിബിലിനെതിരെ പരാതി നൽകിയത്. കേസിനുശേഷം ഇരുവരും സൗഹൃദത്തിലായി. 2018ൽ നെന്മാറയിലെ വഴിയരികിൽ പീഡിപ്പിച്ചെന്നാണ് ഷിബിലിനെതിരെ ഫർഹാനയും കുടുംബവും പരാതി നൽകിയത്. അന്ന് ഫർഹാനയ്ക്ക് 13 വയസ്സായിരുന്നു.
കോടതി ഷിബിലിയെ റിമാൻഡ് ചെയ്തിരുന്നു. ഇരുവർക്കുമെതിരെ മുമ്പും പലതവണ പരാതികൾ ഉയർന്നിരുന്നു. ബന്ധുവീട്ടിൽനിന്ന് അടുത്തിടെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഫർഹാനയ്ക്കെതിരെ പരാതിയുണ്ടായിരുന്നു. കാറൽമണ്ണയിലെ ബന്ധുവീട്ടിൽ വിവാഹച്ചടങ്ങിനെത്തിയ ഫർഹാന സ്വർണവുമായി മുങ്ങിയെന്നാണ് പരാതി. സ്വർണമെടുത്തത് താനാണെന്ന് കത്തെഴുതി വച്ചാണ് ഫർഹാന പോയത്. സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫർഹാനയുടെ സഹോദരൻ ഗഫൂറിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്.
മെയ് 23 മുതൽ ഫർഹാനയെ കാണാനില്ലെന്ന് കുടുംബം കഴിഞ്ഞദിവസം ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ചളവറയിലെ ഫർഹാനയുടെ വീട്ടിലെത്തിയിരുന്നു. കാണാനില്ലെന്ന പരാതിയിൽ അന്വേഷണത്തിന് എത്തിയതെന്നാണ് നാട്ടുകാർ കരുതിയത്. പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കടത്തടക്കമുള്ള കേസുകളിൽ പ്രതിയാണ് ആഷിഖ്.