ഇലോൺ മസ്ക് ടെസ്ലക്കായി ഇന്ത്യയിൽ സ്ഥലം അന്വേഷിക്കുന്നു
ന്യൂഡൽഹി: ലോകത്തെ മുൻനിര ഇലക്ട്രിക് കാർനിർമാതാക്കളായ ടെസ്ല ഇന്ത്യയിൽ ഫാക്റ്ററി തുടങ്ങാൻ സ്ഥലം അന്വേഷിക്കുന്നു. കമ്പനി ഉടമ ഇലോൺ മസ്ക് തന്നെയാണ് ഇതു സംബന്ധിച്ച സൂചന പുറത്തുവിട്ടത്. പുതിയ ഫാക്റ്ററി പണിയാൻ ഇന്ത്യ ഞങ്ങളുടെ റഡാറിലുണ്ട് എന്നാണ് ടെസ്ല സംഘം ഇന്ത്യ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെ മസ്ക് വെളിപ്പെടുത്തിയത്.
ആഗോള തലത്തിൽ ഇലക്ട്രിക വാഹന വിപ്ലവം തുടങ്ങും മുൻപു തന്നെ ഈ മേഖലയിൽ ബഹുദൂരം മുന്നേറിയ കാർ നിർമാതാക്കളാണ് ടെസ്ല. ഇന്ത്യയിലേക്ക് ടെസ്ല കാർ മോഡലുകൾ ഇറക്കുമതി ചെയ്യാൻ മസ്കും സംഘവും നികുതി ഇളവ് തേടാൻ തുടങ്ങിയിട്ട് വർഷം കുറച്ചായി. എന്നാൽ, ഇറക്കുമതിക്ക് നികുതിയിളവ് കിട്ടില്ലെന്നും, ഇന്ത്യയിൽ ഫാക്റ്ററി തുടങ്ങി മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മോഡലിൽ ഇവിടെ തന്നെ കാർ നിർമിക്കുകയോ ഇവിടെ നിന്നു കയറ്റുമതി ചെയ്യുകയോ ആണെങ്കിൽ ഇളവുകൾ ആലോചിക്കാം എന്നുമുള്ള നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.
ഇറക്കുമതിക്ക് നികുതിയിൽ ഇളവെന്ന മോഹം ഉപേക്ഷിച്ച് മസ്ക് ഇന്ത്യയുടെ വഴിക്കു വരുന്നെന്നു തന്നെയാണ് പുതിയ സൂചന. ലോകത്തെ രണ്ടാമത്തെ വലിയ വാഹന വിപണിക്കു നേരെ നിസ്സാരമായങ്ങു കണ്ണടയ്ക്കാൻ ഏതു ശതകോടീശ്വരനും ഒന്നു മടിക്കുമല്ലോ!
യു.എസിനു പുറത്തുള്ള അടുത്ത ഫാക്റ്ററി മെക്സിക്കോയിലാണെന്ന് നേരത്തെ തന്നെ ഞങ്ങൾ പ്രഖ്യാപിച്ചതാണ്. ഈ വർഷം അവസാനത്തോടെ അടുത്ത സ്ഥലം പ്രഖ്യാപിക്കും, മസ്ക് വ്യക്തമാക്കി. ഇന്ത്യയും പരിഗണനയിലുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, തീർച്ചയായും എന്നായിരുന്നു മസ്കിന്റെ മറുപടി.
ടെസ്ല അധികൃതരുടെ ഇന്ത്യ സന്ദർശനവേളയിൽ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ അവരെ പ്രോത്സാഹിപ്പിച്ചതായാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അതിനു ശേഷം പറഞ്ഞിരുന്നത്.
ഇന്ത്യൻ വിപണിയിൽ തങ്ങൾക്കുള്ള സാധ്യതകളെക്കുറിച്ച് രണ്ടു വർഷം മുൻപ് തന്നെ ടെസ്ല പഠനം പൂർത്തിയാക്കിയതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഇറക്കുമതി ചെയ്യാനുള്ള മാർഗങ്ങൾ ആരാഞ്ഞത്. എന്നാൽ, മെഴ്സിഡസ്-ബെൻസ്, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ കമ്പനികളെല്ലാം ഇന്ത്യയിൽ തന്നെ ഇലക്ട്രിക് കാറുകൾ നിർമിച്ചുവരുന്നതായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
നേരിട്ട് ഇറക്കുമതി ചെയ്യാൻ അനുവദിച്ചാൽ, ചൈനയിലെ ഫാക്റ്ററിയിൽ നിർമിക്കുന്ന കാറുകളായിരിക്കും ടെസ്ല ഇന്ത്യയിലെത്തിക്കുകയെന്ന ആശങ്കയും കേന്ദ്ര സർക്കാരിനുണ്ട്.
നിലവിൽ മുപ്പത്തിമൂന്നു ലക്ഷം രൂപ വരെയുള്ള വിദേശ നിർമിത കാറുകൾക്ക് 60 ശതമാനവും അതിനു മുകളിൽ മൂല്യമുള്ളവയ്ക്ക് 100 ശതമാനവുമാണ് ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവ. വാഹനത്തിന്റെ വില, ഇൻഷുറൻസ്, ഇറക്കുമതിച്ചെലവ് എന്നിവയെല്ലാം അടക്കമാണ് മൂല്യം കണക്കാക്കുക.