തൊഴിലാളികളെയും തൊഴിലവകാശങ്ങളെയും സംരക്ഷിച്ച് കേരളം വ്യത്യസ്തമാകുകയാണ്; മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകമെമ്പാടും തൊഴിലാളികളുടെ അവകാശം കവരുന്ന കാലത്ത് തൊഴിലാളികളെയും തൊഴിലവകാശങ്ങളെയും സംരക്ഷിച്ച് കേരളം വ്യത്യസ്തമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജോലിക്കുള്ള അവകാശം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ബാലവേല നിയമവിരുദ്ധമാക്കി. ട്രേഡ് യൂണിയൻ രൂപീകരിക്കൽ, കൂട്ടായ വിലപേശൽ, മാനേജ്മെന്റ് പങ്കാളിത്തം എന്നിവ ഇവിടെ സാധ്യമാണ്.
തൊഴിലാളി സഹകരണ സംഘം, ക്ഷേമനിധി ബോർഡ്, പെൻഷൻ പദ്ധതി, കുടിയേറ്റക്കാരുടെ അവകാശ സംരക്ഷണം എന്നിവയിൽ കേരളം മാതൃകയാണെന്നും തലസ്ഥാനത്ത് അന്താരാഷ്ട്ര ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.1958-ൽ തന്നെ കേരളം മിനിമംവേതന ചട്ടം പാസാക്കി. ഇതിലൂടെ തൊഴിലാളികളുടെ അവകാശം എങ്ങനെ സംരക്ഷിക്കാമെന്ന് കേരളത്തിലെ ആദ്യ സർക്കാർ ലോകത്തിന് കാട്ടിക്കൊടുത്തു.
1969-ൽ കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിച്ച് ക്ഷേമനിധി ബോർഡ് സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി. രാജ്യത്തെ ഏറ്റവും കുടിയേറ്റ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി 2010-ൽ അവതരിപ്പിച്ചു. ഗാർഹിക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാനുള്ള ബിൽ അവസാന ഘട്ടത്തിലാണ്.രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ബിൽ.
സംസ്ഥാനത്ത് 84 മേഖലയിൽ മിനിമം വേതനം നിശ്ചയിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. വേതനത്തിന്റെയും ആനുകൂല്യങ്ങളുടെയും കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. ഗ്രാമീണമേഖലയിലെ കർഷകേതര പുരുഷ തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന പ്രതിദിന വേതനം(677.6 രൂപ) കേരളത്തിലാണെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പറയുന്നു. ഇത് രാജ്യശരാശരിയുടെ ഇരട്ടിയിലധികമാണ്. വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള പാതയിലാണ്.
സാങ്കേതിക പുരോഗതിയുടെയും ആധുനിക മാനേജ്മെന്റിന്റെയും നേട്ടം ഉപയോഗപ്പെടുത്തും. ലിംഗം, ജാതി, മതം, സാമൂഹിക പശ്ചാത്തലം എന്നിവയ്ക്ക് അതീതമായി എല്ലാ ജനങ്ങളോടുമുള്ള കരുതലാണ് കേരളത്തിന്റെ വികസനപാതയെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.