സ്വപ്ന ചിറകിലേറി അറക്കുളത്തെ കുടുംബശ്രീക്കാർ
മൂലമറ്റം: അറക്കുളത്തെ സാധാരണ കുടുംബാംഗങ്ങളായ കുടുംബശ്രീ പ്രവർത്തകരുടെ വിമാനത്തിൽ കയറുകയെന്ന സ്വപ്നം യാഥാർത്ഥ്യമായി. അറക്കുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ ഐശ്വര്യ കുടുംബശ്രീ പ്രവർത്തകരുടെ സ്വപ്നങ്ങളാണ് ചിറക് വിരിച്ചത്. 13 അംഗങ്ങളുള്ള സംഘത്തിലെ 11 പേരാണ് കഴിഞ്ഞ ദിവസം വിമാനയാത്ര നടത്തിയത്. അടുക്കള പണിയും, തയ്യലും, പശുവളർത്തലും, തൊഴിലുറപ്പും, അച്ചാർ ഉൽപാദനവും, ചെറിയ ചെറിയ പണികളുമായി കഴിഞ്ഞു പോയിരുന്ന സാധാരണ കുടുംബിനികളാണ് ഇവരെല്ലാം.
12 വർഷക്കാലം 14-ാം വാർഡ് എ.ഡി.എസ് പ്രസിഡൻ്റും, ഇപ്പോൾ സംഘത്തിൻ്റെ സെക്രട്ടറിയുമായ ലിസ്സി ജോസ് വിദേശത്തുള്ള മകളെ സന്ദർശിക്കാൻ പോയപ്പോൾ മുതലാണ് കൂടെയുള്ള കുടുംബശ്രീക്കാരെ കുടി വിമാനത്തിൽ കയറ്റാമെന്ന് ആലോചിച്ചത്. വലിയ ചിലവ് വരുമെന്ന കാരണം പറഞ്ഞ് പലരും നിരുൽസാഹപ്പെടുത്തി.
ബാംഗ്ലുരിൽ ജോലി ചെയ്യുന്ന ലിസ്സിയുടെ മകൻ ശ്രേയസ്സ് അമ്മയുടെ ആഗ്രഹം അറിഞ്ഞ് അതിനാവിശ്യമായ എല്ലാ സഹായങ്ങളും ചെയ്തു. ടിക്കറ്റുകൾ എടുത്തും, ബാംഗ്ലൂരിലെ കാഴ്ചകൾ കാണുവാനും അവസരമൊരുക്കി, ഭക്ഷണ യാത്രാ സൗകര്യങ്ങൾ സജ്ജീകരിച്ചും സൗകര്യങ്ങളൊരുക്കി കൊടുത്തു.
ചിലവായ തുക 11 പേരും തുല്യമായി വീതം വച്ച് തിരികെ നൽകുവാനും തീരുമാനിച്ചു. അറക്കുളത്ത് നിന്ന് വെളുപ്പിന് മൂന്നിന് 11 പേരും യാത്ര പുറപ്പെടുമ്പോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ്, ഗ്രാമപഞ്ചായത്തംഗം പി.എ വേലുക്കുട്ടൻ, മുൻ 14-ാം വാർഡ് മെമ്പറും എ.ഡി.എസ് പ്രസിഡൻ്റുമായ ബിജി വേലുക്കുട്ടൻ, സി.ഡി.എസ് മെമ്പർ ബിന്ദു മുരുകൻ, യാത്ര പോകുന്നവരുടെ കുടുംബാംഗങ്ങൾ എന്നിവർ യാത്ര അയക്കാൻ ഒപ്പമുണ്ടായിരുന്നു.
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് എയർ ഏഷ്യ വിമാനം പറന്നുയർന്നപ്പോൾ പലരും അങ്കലാപ്പിലായിരുന്നു. പിന്നീട് കാഴ്ചകളും, ഫോട്ടോയെടുക്കലും, കുശലം പറഞ്ഞുമിരുന്നു. ഒരു മണിക്കൂറിനുള്ളിൽ വിമാനം ബാംഗ്ലൂരിലെത്തി. അവിടെ സ്വീകരിക്കുവാൻ ലിസിയുടെ മകൻ ശ്രേയസും ഭാര്യ നീമയും കാത്ത് നിൽപ്പുണ്ടായിരുന്നു. പിന്നീട് പ്രഭാത ഭക്ഷണത്തിന് ശേഷം ബാംഗ്ലൂർ നഗരം കറങ്ങി.
ഉച്ചക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം വീണ്ടും നഗരം ചുറ്റികണ്ടു, ഷോപ്പിങ്ങ് നടത്തി. രാത്രി 9.40 ന് വീണ്ടും വിമാനത്തിൽ കയറി ബാംഗ്ലൂരിനോട് യാത്ര പറഞ്ഞു. രാത്രി 10.40ന് വിമാനം നെടുമ്പാശ്ശേരിയിൽ ഇറങ്ങുമ്പോൾ നടക്കില്ലായെന്ന് കരുതിയ സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലായിരുന്നു അറക്കുളം ഐശ്വര്യ കുടുംബശ്രീ അംഗങ്ങൾ. ജൂൺ രണ്ടിന് നടക്കുന്ന 14-ാം വാർഡിൻ്റെ
എ.ഡി.എസ് മീറ്റിങ്ങിൽ വിമാനമേറിയ കുടുംബശ്രീ പ്രവർത്തകരെ ആദരിക്കുവാനാണ് അധികൃതരുടെ തീരുമാനം.