കർണാടകയിൽ ആരൊക്കെ മന്ത്രിമാരാവുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായില്ല; ഡൽഹിയിൽ ഇന്ന് ഹൈക്കമാൻഡ് ചർച്ച, സത്യ പ്രതിജ്ഞ ചടങ്ങിൽ കേരള മുഖ്യമന്ത്രിക്ക് ക്ഷണമില്ല
ബാംഗ്ലൂർ: നാളെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ കർണാടകയിൽ ആരൊക്കെ മന്ത്രിമാരാവുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായില്ല. ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ഡൽഹിയിലെത്തിച്ചേർന്നിട്ടുണ്ട്. ഇന്ന് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചയിലാവും അന്തിമ തീരുമാനം.
മന്ത്രിസഭയിൽ പരമാവധി 34 പേരെയാണ് അംഗമാക്കാൻ കഴിയുന്നതെങ്കിൽ ഇരട്ടിയോളം പേരാണ് മന്ത്രി സ്ഥാനം മോഹിച്ച് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി പദം പ്രതീക്ഷിച്ച ലിംഗായത്ത്, ദളിത്, മുസ്ലിം വിഭാഗങ്ങളിൽ നിന്ന് വലിയ സമ്മർദ്ദവുമുണ്ട്. സാമുദായിക സമവാക്യങ്ങൾ പാലിക്കുന്നതിനൊപ്പം പ്രധാന വകുപ്പുകൾ വിഭജിക്കുന്നതിലും കിടമത്സരമുണ്ട്.
അതേസമയം നാളെ നടക്കുന്ന സത്യ പ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ബിജെപി ഇതര നേതാക്കൾക്കെല്ലാം തന്നെ ചടങ്ങിലോട്ട് ക്ഷണമുണ്ട്. എന്നാൽ സിപിഎം നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.
കോൺഗ്രസ് നേതാക്കൾക്കു പുറമേ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജ്സ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.