കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ആലക്കോട് നിന്നും മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണം; കേരള കോൺഗ്രസ്
ആലക്കോട്: തൊടുപുഴ കെഎസ്ഇബി നമ്പർ 2 വിഭജിച്ച് ഉണ്ടാക്കിയ സെക്ഷൻ ഓഫീസ് ആലക്കോട് നിന്നും മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 2005 - 10 കാലയളവിലെ ആലക്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ പി. ജെ. ജോസഫ് എം. എൽ. എ യുടെ നിർദേശപ്രകാരം ആലക്കോട്, ഇടവെട്ടി , വെള്ളിയാമറ്റം പഞ്ചായത്തുകളിലെ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം തൊടുപുഴ No.2 സെക്ഷൻ ഓഫീസ് വിഭജിച്ച് ആലക്കോട് സെക്ഷൻ ഓഫീസ് സ്ഥാപിക്കുവാൻ ഉത്തരവിട്ടത് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ് അയിരുന്നു. പിന്നീട് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
ആലക്കോട് ഗ്രാമപഞ്ചായത്ത് സ്വന്തം കെട്ടിടത്തിൽ വാടക രഹിതമായി അനുവദിച്ചു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകി. ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദമായ സെക്ഷൻ ഓഫീസ് മാറ്റുന്നതിനുള്ള ഗൂഢനീക്കം ഉദ്യോഗസ്ഥ ലോബിയുടെതാണെന്ന് ആക്ഷേപമുണ്ട്.
മണ്ഡലം പ്രസിഡണ്ട് ടോമി കാവാലം അധ്യക്ഷത വഹിച്ചു. ബിനു ലോറൻസ്, ജോസ് പാലാട്ട്, മാത്യു ചേമ്പ്ളാങ്കൽ, ബേബി തെങ്ങുംപിള്ളിൽ, ദേവസ്യ കരോട്ടെകുന്നേൽ, ജയ്മോൻ പാണങ്കാട്ട്, മാത്യു കല്ലിടുക്കിൽ, ബിജു കുറ്റ്യാനിമറ്റത്തിൽ, ജോബിൻ തടിക്കാട്ട്, റ്റോംസൺ താന്നിക്കൽ, ജോർജ് കുമരപ്പിള്ളിൽ, ദേവസ്യ പാറക്കൽ, സിജോ കുറ്റിയാനിമറ്റത്തിൽ ആൻഡ്രൂസ് പുറക്കാട്ട് എന്നിവർ പ്രസംഗിച്ചു.