ജീവനക്കാരുടെ കുറവ്; ആയുര്‍വേദ ആശുപത്രിയിലെ ചികിത്സാ പദ്ധതികള്‍ താളം തെറ്റുന്നു
തൊടുപുഴ: തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരുടെ അഭാവത്തില്‍ ചികിത്സാ പദ്ധതികള്‍ താളം തെറ്റുന്നതായി പരാതി. വിവിധ പദ്ധതികള്‍ക്കായി നിശ്ചിത കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് നിയമിച്ച ജീവനക്കാരെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പിരിച്ചുവിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
കുട്ടികളുടെ കാഴ്ച്ച വൈകല്യവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ദൃഷ്ടി പദ്ധതിയില്‍ ചികിത്സ തേടിയെത്തിയ നാല്‍പ്പതോളം കുട്ടികളും രക്ഷിതാക്കളുമാണ് ഏറെ ആശങ്കയിലായത്. നാല് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായാണ് സ്കൂള്‍ അവധിക്കാലത്ത് ദൃഷ്ടി പദ്ധതി നടപ്പാക്കുന്നത്.
15 ദിവസത്തോളം ആശുപത്രിയില്‍ അഡ്മിറ്റായി വേണം ചികിത്സ തേടേണ്ടത്. ധാര, നസ്യം ഉള്‍പ്പെടെ രാവിലെ മുതല്‍ തുടങ്ങുന്ന ചികിത്സാ ക്രമമാണുള്ളത്.
സ്റ്റാഫില്ലാത്തതിനാല്‍ സുര്യന് ഉദിച്ച് വെയില് ഉറയ്ക്കുന്നതിന് മുമ്പായി ചെയ്യേണ്ട പല ചികിത്സാ ക്രമങ്ങളും മണിക്കൂറുകള്‍ ക്യൂ നിന്ന് വൈകിട്ട് മാത്രമേ പൂര്ത്തിയാക്കാനാവുന്നൂള്ളൂ എന്നതു കൊണ്ട് ചികിത്സയുടെ ആകെ ഫലത്തെ ബാധിക്കുമോയെന്നും ആശങ്കയുണ്ട്.
ഫാര്‍മസിസ്റ്റ്, തെറാപ്പിസ്റ്റ് തസ്തികയില്‍ ജീവനക്കാരുടെ കുറവാണ് ഏറെ പ്രതിസന്ധി. രോഗികളുടെ എണ്ണക്കുടുതല്‍ മൂലം പരിചിതരല്ലാത്ത ജീവനക്കാരാണ് പലപ്പോഴും ഉഴിച്ചിലുള്പ്പെടെയുള്ളവ ചെയ്യുന്നത്. ഇത് പലപ്പോഴും പ്രശ്നമായി മാറുന്നുണ്ട്. പല വിഭാഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ മാത്രമായിരിക്കും സ്ഥിരം ജീവനക്കാരായിട്ടുള്ളത്.
മറ്റ് തസ്തികകളിലുള്ളവരെ വിവിധ പ്രൊജക്ടുകള്‍ക്കായി ജില്ലാ പഞ്ചായത്താണ് നിയമിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിശ്ചിത സമയത്ത് തന്നെ കരാര്‍ പുതുക്കുകയും പുതിയ ആളുകളെ നിയമിക്കാറുമുണ്ട്.
ഇത്തവണ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇതുവരെ പുര്ത്തിയാക്കാനാവാത്തതാണ് പ്രശ്നമായി മാറിയത്. ദിവസേന നൂറ് കണക്കിന് ആളുകള്‍ ചികിത്സ തേടിയെത്തുന്ന പൊതുമേഖലയിലെ ആതുരാലയത്തോടാണ് അധികൃതരുടെ അവഗണന.