സംസ്ഥാനത്തുള്ളത് സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഭരണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
അടിമാലി: മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ട് പരിഹരിക്കുന്നതിനായി സംസ്ഥാനത്തെമ്പാടും നടത്തുന്ന പരാതിപരിഹാര അദാലത്തുകൾ ഈ സർക്കാരിന്റെ ജനകീയ മുഖമാണ് വ്യക്തമാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്കുതല പരാതി പരിഹാര അദാലത്തുകളിലെ ദേവികുളം താലൂക്ക് അദാലത്ത് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.
സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഭരണസംവിധാനമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. എല്ലാവർക്കും എവിടെയും എപ്പോഴും സമീപിക്കാവുന്ന ഭരണസംവിധാനമാണിവിടുത്തേതെന്നും ഒട്ടെറ ജനകീയപ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുകയാണ് അദാലത്തുകളുടെ ലക്ഷ്യം. സർവതലസ്പർശിയായ മാറ്റങ്ങൾക്ക് നിദാനമാകുന്ന ഒരു സർക്കാരാണ് പിണറായി വിജയൻ സർക്കാരെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ജനങ്ങളുടെ അഭിലാഷങ്ങൾക്കൊത്ത് സമയോചിതമായി പ്രവർത്തിക്കാൻ കഴിയുന്നു എന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഭരണകൂടം തന്നെ താഴേക്ക് ഇറങ്ങിവരുന്ന കാഴ്ചയാണ് അദാലത്തുകളിൽ. ജനാധിപത്യത്തിൽ ജനങ്ങളാണ് ഭരണാധികാരികൾ. ജനപ്രതിനിധികൾ ദാസൻമാരാണ്.
ഈ കാഴ്ചപ്പാടിനെ അർത്ഥപൂർണമാക്കുകയാണ് താലൂക്ക് തല അദാലത്തുകൾ. സമാനതകളില്ലാത്ത വികസനക്ഷേമ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ അവശേഷിക്കുന്ന കാര്യങ്ങൾ നടപ്പാക്കിക്കൊണ്ടാവും ഈ സർക്കാർ ഭരണം പൂർത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ. എം രാജ മഹനീയ സാന്നിധ്യമായി.
പ്രകൃതിദുരന്തത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ട പള്ളിവാസലിലെ ചെല്ലദുരൈ, വീരമണി എന്നിവർക്ക് നഷ്ടപരിഹാരവും വെള്ളത്തൂവലിലെ നീതു എൽദോസിന് റേഷൻകാർഡ് അനുവദിച്ചതും ഉദ്ഘാടനച്ചടങ്ങിനൊടുവിൽ വിതരണം ചെയ്തുകൊണ്ടാണ് മന്ത്രിമാർ അദാലത്ത് തുടങ്ങിയത്.
ജില്ലാ കളക്ടർ ഷീബാ ജോർജ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി ദാസ്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, എ.ഡി.എം. ഷൈജു പി. ജേക്കബ്, ഡെ. കളക്ടർമാരായ കെ. പി ദീപ, ജോളി ജോസഫ്, മനോജ് കെ., ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പീരുമേട് താലൂക്ക് അദാലത്ത് മെയ് 19ന് കുട്ടിക്കാനം കുടുംബ സംഗമം ഓഡിറ്റോറിയത്തിലും ഉടുമ്പഞ്ചോല താലൂക്ക് അദാലത്ത് മെയ് 22 ന് നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിലും ഇടുക്കി താലൂക്ക് അദാലത്ത് മെയ് 24 ന് ചെറുതോണി പഞ്ചായത്ത് ടൗൺഹാളിലും നടക്കും. മുൻപ് അപേക്ഷ സമർപ്പിച്ചവർക്ക് പുറമെ പുതുതായി എത്തുന്ന അപേക്ഷകർക്കും പരാതികൾ നൽകാനുള്ള സൗകര്യം അദാലത്ത് വേദികളിൽ ഒരുക്കിയിട്ടുണ്ട്.