അച്ഛനു പിന്നാലെ സർവീസിലിരിക്കെ ജോബിയും മടങ്ങി; 26ന് 51-ാം പിറന്നാൾ ആഘോഷിക്കാമെന്നു കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു; പക്ഷേ വിധി
പൊൻകുന്നം: 26ന് 51-ാം പിറന്നാൾ ആഘോഷിക്കാമെന്നു കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകിയിരുന്ന ജോബി ജോർജിന്റെ ദുരന്തവാർത്ത വാഴേപ്പറമ്പിൽ വീടിനു താങ്ങാനായില്ല.
ശനിയാഴ്ച രാത്രി രാമപുരത്തു ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിനു മുകളിൽനിന്നു വീണുമരിച്ച ഗ്രേഡ് എസ്ഐ ജോബി ജോർജിന്റെ വേർപാട് പിതാവ് വി.വി. ജോർജിന്റെ അകാല മരണമാണ് എല്ലാവരെയും ഓർമിപ്പിച്ചത്.
പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹവും സർവീസിലിരിക്കെയാണ് മരിച്ചത്. 1999ൽ സിബിസിഐഡിയിൽ ഉദ്യോഗസ്ഥനായിരുന്ന ജോർജ് കോട്ടയം മെഡിക്കൽ കോളജിനു സമീപം കടയിൽ കയറിയപ്പോൾ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
ജോബി 1993ൽ 18-ാം വയസിലാണ് പിഎസ്എസ് പരീക്ഷയെഴുതി പോലീസ് കോൺസ്റ്റബിളായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ പ്രീഡിഗ്രി പൂർത്തിയാക്കി ഡിഗ്രി പഠനം തുടങ്ങിയ വേളയിലായിരുന്നു ഇത്.
തൃശൂർ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി പൊൻകുന്നം, കാഞ്ഞിരപ്പള്ളി, പാമ്പാടി, പാലാ, ഏറ്റുമാനൂർ, ചങ്ങനാശേരി, മുണ്ടക്കയം സ്റ്റേഷനുകളിൽ ജോലി ചെയ്തു. രണ്ടു വർഷം മുന്‍പാണ് രാമപുരം സ്റ്റേഷനിലെത്തിയത്.
പുതിയ വീട് വയ്ക്കാൻ ജോബി സ്ഥലം വാങ്ങിയിരുന്നു. വീടിന്റെ നിർമാണം ഉടൻ തുടങ്ങണമെന്ന ആഗ്രഹം കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നെന്നും ജ്യേഷ്ഠൻ ജോർട്ടി ജോർജ് പറഞ്ഞു.
20-ാം മൈലിന് സമീപം വാങ്ങിയ വീട്ടിലായിരുന്നു ജോബി താമസിച്ചിരുന്നത്. ഇതു പഴയവീടായതിനാലാണ് പുതിയ വീട് നിർമിക്കാൻ തീരുമാനിച്ചത്. നാളെ രാവിലെ 11ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിലാണ് സംസ്കാരം.
സംസ്കാര ശുശ്രൂഷകൾ സഹോദരൻ ജോളിയുടെ കുടുംബവീട്ടിൽവച്ചാണ്. മൃതദേഹം ഇന്നു വൈകുന്നേരം ഇവിടെയെത്തിക്കും. ഭാര്യ: ബിന്ദു. മകൾ: അൽഫോൻസ.
ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്, പാലാ ഡിവൈഎസ്പി എ.ജെ. തോമസ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
രാമപുരം പോലീസ് സ്റ്റേഷനില്‍നിന്നു 50 മീറ്റര്‍ ദൂരെ ബസ് സ്റ്റാൻഡിനു സമീപം ആനത്താരയ്ക്കല്‍ ബില്‍ഡിംഗിലാണ് അപകടമുണ്ടായത്. രണ്ടാം നിലയില്‍നിന്നു തൊട്ടടുത്ത വ്യാപാരി വ്യവസായ സമിതിയുടെ ബില്‍ഡിംഗിന്റെ ഇടനാഴിയിലേക്കാണ് വീണത്.
ഇടനാഴിയിലുള്ള മതിലില്‍ ഇടിച്ചതും മരണകാരണമാകാമെന്നു പറയുന്നു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ പോലീസ് ജീപ്പില്‍ ഉടന്‍തന്നെ പാലാ ഗവണ്മെന്റ് ആശുപത്രിയിലും തുടര്‍ന്ന് ചേര്‍പ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചീട്ടുകളിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലാ എസ്എച്ച്ഒ കെ.പി. തോംസനാണ് അന്വേഷണ ചുമതല.