സംസ്ഥാന പൊലീസ് സേനയില്‍ വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ ക്രമസമാധാനപാലന ചുമതലയുള്ള ഒമ്പത് എസ്.പിമാരടക്കം 19 എസ്.പിമാര്‍ക്ക് മാറ്റമെന്ന് റിപ്പോര്‍ട്ട്. സര്‍വീസില്‍ നിന്ന് വിമരിച്ച ശേഷം ഐ.പി.എസ് ലഭിച്ച എട്ട് പേരും പുതിയ നിയമത്തില്‍ ഉള്‍പ്പെടും. പൊലീസ് സേനയുടെ തലപ്പത്ത് നടത്താന്‍ പോകുന്ന അഴിച്ചുപണിക്ക് മുന്നോടിയായാണ് പിണറായി സര്‍ക്കാറിന്റെ പുതിയ നടപടി.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം റൂറല്‍, തിരുവനന്തപുരം റൂറല്‍, കണ്ണൂര്‍, തൃശൂര്‍ റൂറല്‍, കോഴിക്കോട് സിറ്റി, ആലുവ റൂറല്‍, കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളിലെ എസ്.പിമാര്‍ക്കാണ് മാറ്റം. കോട്ടയം, ഇടുക്കി ജില്ലാ പൊലീസ് മേധാവികളും മാറുമെന്നാണ് വിവരം.
കണ്ണൂരില്‍ കെ.പി ഫിലിപ്പ്, പാലക്കാട് പി. പുഷ്കരന്, ആലപ്പുഴയില്‍ വി.എം മുഹമ്മദ് റഫീഖ് എസ്.പിമാരാകും. തൃശൂര്‍ റൂറല്‍ എസ്.പി ആര്. നിശാന്തിനിയെ വിജിലന്‍സിലേക്ക് മാറ്റും. പത്തനംതിട്ട എസ്.പി ആയിരിക്കെ ആരോപണ വിധേയനായി മാറ്റിനിര്‍ത്തപ്പെട്ട രാഹുല്‍ ആര്. നായര്‍ക്കും പുതിയ ചുമതലയുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് സിറ്റി പൊലീസ് കമീഷണറാകും. ബി. അശോകനായിരിക്കും പത്തനംതിട്ട എസ്.പി.
വിരമിച്ച ശേഷം ഐ.പി.എസ് ലഭിച്ച സാം ക്രിസ്റ്റി ഡാനിയേല്‍, കെ. രാധാകൃഷ്ണന്, അലക്സ് കെ. ജോണ്‍, കെ.ബി വേണുഗോപാല്‍, സക്കറിയ ജോണ്‍ എന്നിവര്‍ക്കും പുതിയ നിയമനം ലഭിക്കും. വിജിലന്‍സിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്ന നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് വിവരം.