ഞായറാഴ്ച പിറക്കുന്നവരും വിട ചൊല്ലുന്നവരും വിശുദ്ധരാണ്; മേലുകാവിൽ നിന്നും വലിയ ഇടയൻ വിട ചൊല്ലിയതും ഒരു ഞായറാഴ്ച
മേലുകാവ്: സഭാചരിത്രത്തിലെ ഒരു സുവർണ യുഗപ്രഭാവൻ്റെ കർമ്മതേജസിൻ്റെ ദീപം അണഞ്ഞു. സി എസ് ഐ മോഡറേറ്ററായിരുന്ന മോസ്റ്റ് റവ.ഡോ.കെ.ജെ സാമുവേൽ (81) കാലം ചെയ്തു.
ഇടുക്കി ജില്ലയിലെ ഇലപ്പള്ളി കുന്നുംപുറത്ത് കെ.എസ് ജോസഫ് - റേച്ചൽ ജോസഫ് ദമ്പതികളുടെ 9 ആൺ മക്കളിൽ ഏറ്റവും മൂത്ത മകനായി 1942 ജനുവരി 7 ന് ജനനം. ഇലപ്പള്ളി ഗവ. എൽ പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം.സി.എം.എസ് മിഷൻ സ്കൂൾ ഇലപ്പള്ളിയിൽ മിഡിൽ സ്കൂൾ വിദ്യാഭ്യാസം.ഹൈസ്കൂൾ പഠനം ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ്, ഹൈസ്കൂളിൽ.
കൗമാരകാലത്ത് വളരെ സജീവമായിരുന്ന വൈഎം സി എ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇലപ്പള്ളി സഭയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ സുവിശേഷ വേലയ്ക്ക് സമർപ്പിച്ച കെ.ജെ. സാമുവേൽ തുടർന്ന് ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് മദ്രാസ്, (1960- 62 )യൂത്ത്മോൾ സെrമിനാരി, മഹാരാഷ്ട്ര ജി.ടി.എച്ച്(1962-64) ,1966-68 ബി ആർ ഇ ,എന്നിവിടങ്ങളിൽ വൈദിക പഠനം പൂർത്തിയാക്കി.ഇന്ത്യാ പ്രയർ ഫെലോഷിപ്പുമായി സഹകരിച്ച് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സുവിശേഷ പര്യടനം നടത്തി.
1969 ജനുവരി 10-ാം തീയതി മേലുകാവ്മറ്റം താന്നിക്കൽ ടി.എച്ച്. ഇത്താക്കിന്റെയും ശോശാമ്മ ഇത്താക്കിന്റെയും മൂത്ത പുത്രി ,ദൈവവേലയിൽ തല്പരയായ സൂസമ്മ എന്ന ഏലിയാമ്മയെ വിവാഹം ചെയ്തു.
1964- 66 കാലയളവിൽ ആന്ധ്രാപ്രദേശിലെ ഉൾഗ്രാമമായ പറക്കാൽ എന്ന മിഷൻ ഫീൽഡിൽ ദൈവവേലയ്ക്കായി തിരിച്ചു.പ്രാഥമിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത പറക്കാലിൽ 10 വർഷക്കാലം പ്രവർത്തിച്ചു.നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി.1967 ൽ ഹിമാചൽ പ്രദേശ് - കുളു താഴ് വരയിൽ ഓൾസെയിൻഡ് മിനിസ്ട്രിയും ചെയ്തു.
സഹധർമ്മിണി ഏലിയാമ്മ ഹോമിയോ വൈദ്യം പഠിച്ചെടുത്ത് ആതുര സേവാ രംഗത്തും പ്രവർത്തിച്ചിരുന്നു.
മിഷണറി ദൗത്യത്തിനു ശേഷം 1968ൽ ദിയാക്കോൻ പട്ടവും ശെമ്മാശ്ശനായി.1969 ൽ പ്രസ്ബിറ്റർ പട്ടം നേടി മുഴുപ്പട്ടക്കാരനായി.
മലനാടിൻ്റെ പാവപ്പെട്ടവരുടെ ഇടയ ശ്രേഷ്ഠനായ് വിളങ്ങി. ഈസ്റ്റ് കേരള മഹായിടവകയിൽ അയ്യപ്പൻകോവിൽ, ക്രൈസ്റ്റ് കത്തീഡ്രൽ മേലുകാവ്, മൂവാറ്റുപുഴ എന്നീ വിവിധ സഭകളിൽ ശുശ്രൂഷ ചെയ്തു. 1979 ൽ മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ വികാരിയായിരുന്ന കാലഘട്ടത്തിൽ മേലുകാവിലെയും സമീപ പ്രദേശങ്ങളിലേയും റോഡ് വികസനത്തിനും വൈദ്യുതീകരണത്തിൻ്റെയും ടെലിഫോൺ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെയും പ്രവർത്തനങ്ങൾക്ക് അമരക്കാരനായിരുന്നു.
ക്രിസ്ത്യൻ യുണിവേഴ്സിറ്റി ടെക്സാസ് അമേരിക്ക,സെല്ലിയോക്ക് കോളജ് ബർമിംഹാം ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ വിദേശ വൈദിക വിദ്യാഭ്യാസം ചെയ്തു.
1983 ൽ ഈസ്റ്റ് കേരള മഹായിടവക രൂപം കൊള്ളുന്നതിനു വേണ്ട പ്രവർത്തനങ്ങൾക്കും സജീവമായ നേതൃത്വം നൽകി.ഈസ്റ്റ് കേരള മഹായിടവക രൂപം കൊണ്ടപ്പോൾ അതിന്റെ ആദ്യത്തെ വൈദിക സെക്രട്ടറിയായി.
1990 മാർച്ച് 10-ാം തീയതി മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന ശുശ്രൂഷയിൽ സി എസ് ഐ ഈസ്റ്റ് കേരള മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പായി വാഴിക്കപ്പെട്ടു.ഹിന്ദുസ്ഥാൻ ബൈബിൾ സെമിനാരി ഡി.ഡി. ബിരുദം നൽകി ആദരിച്ചു.
തുടർന്ന് നീണ്ട 17 വർഷക്കാലം മഹായിടവകയുടെ ബിഷപ്പായിരുന്ന കാലഘട്ടത്തിൽ മേലുകാവ് മറ്റത്ത് സഭയുടെ ആസ്ഥാന മന്ദിരമായ എച്ച് ആർ ഡിറ്റി സെൻ്ററിൻ്റെ നിർമ്മാണം, ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം, ബിഷപ്പ് ഹൗസ്, ചാപ്പൽ നിർമ്മാണ, മേലുകാവ് ഷാലോം പോളിയോ ഹോം, കെ.എൻ എച്ച് ഹോസ്റ്റലുകൾ, സ്ത്രീ ജന ആസ്ഥാന മന്ദിരം ,ഹെൻറി ബേക്കർ കോളേജിൻ്റെ നവീകരണം, മേലുകാവ് സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ നിർമ്മാണം എന്നിവ പൂർത്തിയാക്കി .നിരവധി മിഷൻ ഫീൽഡുകൾ തുടങ്ങി. പാവപ്പെട്ടവർക്കായി ചോരാത്ത കൂര എന്ന ഭവന പദ്ധതി നടപ്പിലാക്കി.
മുള്ളരിങ്ങാട്, ഒഴുവത്തടം, തേക്കും കാനം,പു ഷ്പഗിരി, ചീന്തലാർ, കല്ലുമേട്, തൊടുപുഴ, കപ്പ ക്കാനം, ഉളിപ്പൂണി, പാമ്പുപാറ,ദൈവംമേട്, മേമാരി, മുളകരമേട്, എന്നീ സ്ഥലങ്ങളിൽ പുതിയ പള്ളികൾ സ്ഥാപിച്ചു. വണ്ടിപ്പെരിയാർ, പുതുപ്പാറ, പാമ്പനാർ, ചെങ്കര,കരടിക്കുഴി, വെൺമണി, പള്ളിക്കുന്ന്, പട്ടയക്കുടി, കപ്പക്കാനം, ഒളപ്പുണി, ബോണാമി എന്നീ സ്ഥലങ്ങ ളിൽ പള്ളികൾ പുതുക്കി പണിതു. പാഴ്സനേജുകൾ, മിഷൻ വീടുകൾ എന്നിവയും പണിതു.
കോലാനി, കണ്ണിക്കൽ, കന്യാമല,ഹെലി ബറിയ, സെമിനി വാലി, കഞ്ഞിക്കുഴി, തേങ്ങാ ക്കല്ല്, അയ്യപ്പൻകോവിൽ, ലോൺട്രി, അടൂർ മല, മൂലമറ്റം, കുമളി, മുരിക്കടി, അനൂർ, ചീന്ത ലാർ, ബാലഗ്രാം, ചേറ്റുകുഴി, രാജാക്കാട്, കാഞ്ചിയാർ എന്നീ സ്ഥലങ്ങളിൽ പുതിയ പാഴ്സനേജുകളും കമ്പിളികണ്ടം, പൂമാല, എന്നീ സഭകളിൽ പുതിയ മിഷൻ വീടുകളും പ്രതിഷ്ഠിച്ചു. കരിമ്പനിൽ ന്യൂമൗണ്ട് കമ്യൂ ണിറ്റി ഹാൾ പ്രതിഷ്ഠിച്ചു. പാലായിൽ ക്രൈസ്റ്റ് ചർച്ച് കമ്യൂണിറ്റി ഹാളും പ്രതിഷ്ഠിച്ചു.
പാലാ, പൂക്കളം,തേക്കും കാനം, പുഷ്പ ഗിരി, റാണികോവിൽ,കല്ലുമേട്, തൊടുപുഴ മുത ലായ സ്ഥലങ്ങളിൽ പുതിയ സഭകൾ രൂപീകരിച്ചു.
കരുന്തരുവി, ഇടുക്കി, മത്തായിപ്പാറ, ചെങ്കര, ഇരുമാപ്രമറ്റം, പാമ്പനാർ, ബാലഗ്രാം, കഞ്ഞിക്കുഴി, കരിക്കൻ മേട്,ഒഴുവത്തടം,സെമിനിവാലി എന്നിവ ഇടവകകളായി ഉയർത്തപ്പെട്ടു.
ജർമ്മനിയിലെ പങ്കാളിത്ത സഭകളായ ഹസൻ ആൻഡ് നാസോ മഹായിടവകയു മായി നല്ല ബന്ധം പുലർത്താൻ കഴിഞ്ഞു. ശാലോം പോളിയോ ഹോം ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം നടന്നു. ജർമ്മനിയിലെ E.Z.E എന്ന സംഘടനയുടെ സഹായത്തോടെ നമ്മുടെ പ്രൈമറി സ്കൂളുകളുടെ പുനരുദ്ധാരണത്തിനും പഠനനിലവാരത്തിന്റെ ഉന്നമനത്തിനു സഹായകരമായ CORPED പ്രോഗ്രാം നിലവിൽ വന്നു.
മിഷൻ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനും ദൈവിക അനുഗ്രഹം പ്രാപിക്കുന്നതിനും ദൈവമുമ്പാകെ ദശാംശം നല്കണമെന്നും ,ദൈവം ആർക്കും കടക്കാരനല്ലെന്നും ഓരോ വിശ്വാസിയും അഞ്ചാമത്തെ സുവിശേഷമായി മാറണം എന്നും സുവിശേഷത്തെ കുറിച്ച് തനിക്ക് ലജ്ജയില്ലെന്നും ദൈവ വചനം കയ്യിൽ എടുക്കുക, വചനം നിങ്ങളെ കയ്യിൽ വഹിക്കും എന്നും ഉള്ള സന്ദേശം ശക്തിയായി ബിഷപ്പ് കെ.ജെ സാമുവേൽ തിരുമേനി പ്രഘോഷിച്ചിരുന്നു.
പാവപ്പെട്ടവൻ്റെ ബിഷപ്പ് എന്നറിയാൻ ഏറെ ആഗ്രഹിച്ച അദ്ദേഹം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രത്യേകിച്ച് എന്നും അടിസ്ഥാന വർഗ്ഗത്തിൽ ഉള്ള ജനങ്ങൾക്ക് ഒപ്പമായിരുന്നു.
എപ്പോഴും പ്രസന്ന വദനനായി പുഞ്ചിരിയോടെ കാണപ്പെട്ട അദ്ദേഹം എല്ലാവരുടെയും ഓമനപ്പേര് ചൊല്ലി വിളിക്കുമായിരുന്നു.
ശ്രുശ്രൂഷയിൽ ശോഭിച്ചു വരവേ 1998 ൽ റായലസീമ ഡയോസിസിൽ വച്ചു നടന്ന സിനഡിൽ ഡെപ്യൂട്ടി മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.
2000 ജനുവരി 12 മുതൽ 16 വരെ സെക്കന്ദ്രാബാദിൽ വച്ചു നടന്ന സിനഡ് സമ്മേളനത്തിൽ സി എസ് ഐ സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററായി അഭിഷിക്തനായി.സി എസ് ഐ സഭയുടെ പരമാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മോഡറേറ്ററായി മേദക്ക് രൂപതയിലെ കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് വാഴിക്കപ്പെട്ടു.തുടർന്ന് 2002 ൽ മേലുകാവ് മറ്റത്ത് നടന്ന സി എസ് ഐ സിനഡ് മീറ്റിംഗിൽ വച്ച് രണ്ടാമതും മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇവയുടെ അദ്ധ്യക്ഷനായിരുന്നു. 2007 മുതൽ വിശ്രമജീവിതത്തിലും ആദർശത്തിനും സാഹോദര്യത്തിനും സത്യത്തിനും മനുഷ്യാവകാശത്തിനും നിലകൊണ്ടു.5 ഭാരതീയ ഭാഷകളിൽ പ്രാവീണ്യം തെളിയിച്ച അദ്ദേഹം ബഹുഭാഷാ പണ്ഡിതനും ജനഹൃദയങ്ങളെ തൊട്ട പ്രഭാഷകനും ആത്മീയ ഉണർവ്വിൻ്റെ വക്താവും ഗ്രന്ഥകർത്താവും ആയിരുന്നു.
നിരവധി തവണ സ്വദേശത്തും വിദേശത്തും വചന ശുശ്രൂഷ നടത്തി.ലാംബത്ത് കോൺഗ്രഫറൻസിൽ നിരവധി തവണ പങ്കെടുത്തു.
ഇംഗ്ലണ്ടിലെ "സോമ"എന്ന സംഘടന യുടെ ക്ഷണപ്രകാരം റൈറ്റ് റവ. ഡോ.കെ.ജെ. സാമുവേൽ തിരുമേനിയും പത്നിയും 1991 ജൂൺ 5 മുതൽ 30 വരെ ഇംഗ്ലണ്ടിൽ പര്യടനം നടത്തി.
130 രാജ്യങ്ങളിൽ നിന്ന് എത്തിയ 3500 പേർ പങ്കെ ടുത്ത Brinton 91 സമ്മേളനത്തിലും കാന്റർബറി യിൽ വച്ചു നടന്ന ആംഗ്ലിക്കൻ ലീഡേഴ്സ് റിന്യൂവൽ കോൺഫറൻസിലും തിരുമേനി പങ്കെടുത്തു. ജർമ്മനിയിലെ ഓബർ-ഹെസ്സൻ മഹായിടവകയുടെ ക്ഷണം സ്വീകരിച്ച് ബിഷപ്പും പത്നിയും 1992 ഏപ്രിൽ 23 മുതൽ മേയ് 18 വരെ നിസ്സാ ഹെർബ്ബ്സ് റ്റൈൻ ഡീനറിയിൽ പര്യടനം നടത്തി.
മധുര, തിരുനെൽവേലി,കന്യാകുമാരി, കർണ്ണാടക സെൻട്രൽ എന്നീ 4 മഹായിടവകകളിൽ നിന്നും 12 പേർ അടങ്ങുന്ന ടീമിന്റെ ലീഡറായി തിരു മേനി ജർമ്മനിയും സ്കോട്ട്ലൻഡും സന്ദർശിച്ചു. 1992 ൽ റഷ്യയിലേയ്ക്ക് സ്നേഹപൂർവ്വം എന്ന പദ്ധതി പ്രകാരം 2000 ബൈബിളുകൾ അയച്ചു. ഹെൻറി ബേക്കർ കോളജ് ഡിഗ്രി കോളജ് ആയി ഉയർത്തപ്പെട്ടു. സിനഡ് പെൻഷൻ സ്കീമിൽ പട്ടക്കാരേയും പ്രവർത്തകരേയും ഉൾപ്പെടുത്തി. ദശാംശ ദാനം സാർവ്വത്രികമാക്കി. ഈസ്റ്റ് കേരള മഹാ യിടവകയിൽ നിന്നും 130000 രൂപ ബൈബിൾ സൊസൈറ്റിക്ക് വേണ്ടി സമാഹരിച്ചു.
എല്ലാ ജില്ലകളിലും സന്നദ്ധ സുവിശേഷസംഘം രൂപീ കൃതമായി. അച്ചൻമാരുടേയും ഉപദേശിമാ രുടേയും ശമ്പളം പുതുക്കി.1993 ൽ ബൈബിൾ സൊസൈറ്റി കേരള ഓക്സിലറി പ്രസിഡന്റ് റൈറ്റ് റവ. ഡോ. കെ.ജെ.സാമുവേൽ തിരുമേനി ആയിരുന്നു എന്നുള്ളത് പ്രസ്താവ്യമാണ്. സഭാ പ്രവർത്തകരുടെ ചികിത്സാ സൗകര്യത്തിനായി മെഡിക്കൽ സഹായ ഫണ്ട് ഏർപ്പെടുത്തി. ഹൈദരാബാദ് എവ് രി ഹോം ക്രൂസേഡ് ദേശീയ ചെയർമാൻ, ട്രാൻസ് വേൾഡ് റേഡിയോ വൈസ് പ്രസിഡൻ്റ്, കെ എൻ എച്ച് ചെയർമാൻ, കാസ, കാംപസ് ക്രൂസേഡ്, സി ഇ എഫ് എന്നീ സംഘടനകളിലും നേതൃത്വം വഹിച്ചു.
ആന്ധ്രാപ്രദേശിൽ നിന്നും കുട്ടിയായ കാലം മുതൽ ഒപ്പം കൂട്ടിയ ജോസ് എന്ന ആന്ധ്രാ സ്വദേശി ഇന്ന് വരെ 40 വർഷമായി മലയാളിയായി തിരുമേനിയുടെ സന്തത സഹചാരിയായി ഒപ്പമുണ്ട്.
തിരുമേനിയുടെ മുഖമുദ്ര ഫിലിപ്പിയർ 4:13 എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു. എന്ന വചനം ആധാരമായ തിരുമേനിയുടെ ലക്ഷ്യം - ദൈവത്തെ മാനിക്കുക എന്നതായിരുന്നു. 2015 ൽ മെത്രാഭിഷേക രജത ജൂബിലി വർഷം ആയിരുന്നു. മുൻ സി എസ് ഐ മോഡറേറ്റർ ബിഷപ്പ്. മോസ്റ്റ് . റവ.ഡോ.കെ.ജെ .ശാമുവേൽ തിരുമേനിയുടെ സഹധർമ്മിണി ഏലിയാമ്മ സാമുവൽ കൊച്ചമ്മ കഴിഞ്ഞ മാർച്ച് 5 ന് നിത്യതയിൽ പ്രവേശിക്കപ്പെട്ടിരുന്നു.