മലയാലപ്പുഴയിലെ ദുർമന്ത്രവാദ കേന്ദ്രത്തിൽ എട്ട് വയസ്സുകാരിയേയും അമ്മയേയും വല്ല്യമ്മയേയും പൂട്ടിയിട്ടത് 10 ദിവസം
മലയാലപ്പുഴ: ദുർമന്ത്രവാദ കേന്ദ്രമായ വാസന്തി മഠത്തിൽ എട്ട് വയസ്സുകാരിയേയും അമ്മയേയും വല്ല്യമ്മയേയും 10 ദിവസം പൂട്ടിയിട്ടെന്ന് പരാതി. സിപിഐ എം പ്രവർത്തകർ സംഘടിച്ചെത്തി ഇവരെ മോചിപ്പിച്ചു. പൊതീപ്പാട് കേന്ദ്രീകരിച്ച് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തുന്ന ശോഭനയാണ് ഇവരെ തടങ്കലിലാക്കിയത്. ശോഭനയുടെ ഭർത്താവ് ഉണ്ണികൃഷ്ണനൊപ്പം ജയിലിൽ കിടന്ന പത്തനാപുരം സ്വദേശി അനീഷീന്റെ ഭാര്യ ശുഭയേയും (34) മകളേയും അമ്മ എസ്തറിനേയുമാണ് 10 ദിവസമായി ആഹാരം പോലും കൊടുക്കാതെ മുറിയിൽ പൂട്ടിയിട്ടത്.
പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പോലും സമ്മതിക്കാതെ കുട്ടിയെ ഉൾപ്പെടെ മർദിച്ചെന്ന് ശുഭ പറയുന്നു. സമീപവാസികളിൽ നിന്ന് വിവരമറിഞ്ഞ് സി.പി.ഐ.എം പ്രവർത്തകർ സ്ഥലത്തെത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇതേ കേന്ദ്രത്തിൽ കൊച്ചു കുട്ടിയെ ഉപയോഗിച്ച് ആഭിചാര ക്രിയ നടത്തിയതിന് ശോഭനയും ഭർത്താവും റിമാൻഡിലായിരുന്നു. ഇതേ സമയം സാമ്പത്തിക ഇടപാടിൽ വഞ്ചനാക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന അനീഷും ഭാര്യ ശുഭയും.
ജയിലിൽ നിന്നുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ ശോഭനയും ഭർത്താവ് ഉണ്ണികൃഷ്ണനും ജനുവരിയിൽ അനീഷിനേയും ഭാര്യയേയും മകളേയും അനീഷിന്റെ അമ്മയേയും ഇവരുടെ വീട്ടിൽ കൊണ്ടുവന്നു. സാമ്പത്തിക ഇടപാടിൽ സഹായിക്കാമെന്ന് പറഞ്ഞ് വാസന്തി മഠത്തിൽ താമസിപ്പിച്ചു. മൂന്ന് ലക്ഷത്തിലധികം രൂപ അനീഷ് ഇവർക്ക് നൽകാനുള്ളതായാണ് പറയുന്നത്.
പണം തിരികെ ആവശ്യപ്പെടുകയും ലഭിക്കാത്തതിനെ തുടർന്ന് ഇവരെ മുറിയിൽ പൂട്ടിയിടുകയുമായിരുന്നു. ജനുവരി മുതൽ കുട്ടിയെ ഉപയോഗിച്ച് ആഭിചാര കർമങ്ങൾ നടത്തി. 10 ദിവസമായി ക്രൂര മർദനവും കൊന്ന് വാഴയിലയിൽ കിടത്തുമെന്ന് ഭീഷണിയും ശോഭന നടത്തിയതായി ശുഭ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പൊലീസിന് ശുഭ നൽകിയ മൊഴിയിൽ കുട്ടിയെ ഉപയോഗിച്ച് ആഭിചാര കർമങ്ങൾ നടത്തിയതായി പറയുന്നില്ല.
എട്ട് വയസ്സുകാരിയെ അടക്കം പൂട്ടിയിട്ട സംഭവം അറിഞ്ഞ് സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എസ് ബിജു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം വി ശിവകുമാർ, ലോക്കൽ കമ്മിറ്റിയംഗം മിഥുൻ ആർ നായർ, പഞ്ചായത്തംഗങ്ങളായ എം മഞ്ജേഷ്, രജനീഷ്, സിഡിഎസ് ചെയർപേഴ്സൺ എ ജലജകുമാരി, വൈസ് ചെയർപേഴ്സൺ കെ ജി പ്രമീള, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് വിനീത് വാസുദേവൻ, മഹിള അസോസിയേഷൻ പ്രവർത്തകരായ ശ്രീലത, സിന്ധു, രേഷ്മ രമേശ്, രേഷ്മ ആർ നായർ, ബ്രാഞ്ച് സെക്രട്ടറിമാരായ മനുമോഹൻ, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ മോചിപ്പിച്ചത്.
മലയാലപ്പുഴ എസ്ഐ ടി അനീഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ശുഭയേയും മകളേയും അനീഷിന്റെ അമ്മയേയും സ്റ്റേഷനിലേയ്ക്ക് മാറ്റി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശോഭനയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ശോഭനയും ഭർത്താവും സ്ഥലത്തില്ല. ഒളിവിൽ പോയതാകാമെന്ന് സംശയിക്കുന്നു.