പ്രധാനമന്ത്രിയുടെ വരവിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങൾ ജനങ്ങളെ പ്രയാസത്തിലാക്കും
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ ജനം വലയും. കെഎസ്ആർടിസി തമ്പാനൂർ ബസ് ടെർമിനൽ പൂർണമായും ചൊവ്വാഴ്ച അടച്ചിടും. ഞായറാഴ്ച മുതലുള്ള പല ട്രെയിനുകളും റദ്ദാക്കി. തമ്പാനൂർ റെയിൽവേ സ്റ്റേഷനുള്ളിലും പരിസര പ്രദേശങ്ങളിലുമുള്ള കടകൾക്കും പ്രവർത്താനുമതിയില്ല. എസ്.പി.ജി നിർദേശപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തുന്നത്. ചൊവ്വ രാവിലെ എട്ട് മുതൽ പകൽ 11 വരെ ഡിപ്പോ അടച്ചിലും. വികാസ് ഭവൻ ഡിപ്പോയിൽ നിന്നാകും ബസുകൾ ഓപ്പറേറ്റ് ചെയ്യുക.
ടെർമിനലിലെ വാഹന പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ ഇവിടെ പാർക്കിങ് അനുവദിക്കുന്നില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സെൻട്രൽ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം. തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി രണ്ട് ദിവസം റദ്ദാക്കിയിരിക്കുകയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മലബാർ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ചെന്നൈ മെയിൽ എന്നിവ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. അമൃത എക്സ്പ്രസ് ചൊവ്വാഴ്ചയും ശബരി എക്സ്പ്രസ് തിങ്കളാഴ്ചയും കൊച്ചുവേളി വരെയാണ് സർവീസ്.
കൊല്ലം- തിരുവനന്തപുരം പാസഞ്ചർ ഈ ദിവസങ്ങളിൽ കഴക്കൂട്ടത്തും നാഗർകോവിൽ- കൊച്ചുവേളി പാസഞ്ചർ നേമത്തും യാത്രയവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ കടകൾ രണ്ട് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. രണ്ട്, മൂന്ന് പ്ലാറ്റ്ഫോമിലെ കടകൾ ഞായറാഴ്ചയും അടപ്പിച്ചു. നാല്, അഞ്ച് പ്ലാറ്റ്ഫോമുകളിൽ മാത്രമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയും വരെ ട്രെയിനെത്തുക.
സ്റ്റേഷനിലെത്തുന്ന യാത്രക്കാർ പവർഹൗസ് റോഡിലുള്ള ഗേറ്റ് വഴി പുറത്തിറങ്ങണം. ഉദ്ഘാടന ദിവസം വിവിഐപികൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാത്രമാണ് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ പ്രവേശനം. പരിപാടിക്കെത്തുന്ന പൊതുജനങ്ങളെ പാസ് മൂലം നിയന്ത്രിക്കും. ഇവർക്ക് രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലാകും ഇരിപ്പിടം. ശംഖുംമുഖം, ആഭ്യന്തര വിമാനത്താവളം, ഓൾ സെയിൻസ്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പഞ്ചാപുര, ആർബിഐ, ബേക്കറി ജങ്ഷൻ, പനവിള, മോഡൽ സ്കൂൾ ജങ്ഷൻ, അരിസ്റ്റോ ജങ്ഷൻ, തമ്പാനൂർ റോഡിലും ബേക്കറി ജങ്ഷൻ, വാൻറോസ്, ജേക്കബ്സ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡിലും ഗതാഗതനിയന്ത്രണം ഉണ്ടാകും. ഈ റോഡുകൾക്ക് ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല.
രാവിലെ ഏഴ് മുതൽ പകൽ രണ്ട് വരെ തമ്പാനൂരിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണവുമുണ്ടാകും. ഈ മേഖലയിൽ കടകൾ പൂർണമായി അടച്ചിടുന്നതോടെ പൊതുജനങ്ങൾ പൂർണമായും ബന്ദിയാക്കപ്പെടുന്ന സാഹചര്യമുണ്ടാകും. സെൻട്രൽ റെയിൽവേ സ്റ്റേഷനിലും സെൻട്രൽ സ്റ്റേഡിയത്തിലും രാവിലെയാണ് പരിപാടി. ജോലിക്കായി ഓഫീസുകളിലേക്ക് പോകുന്നവരെയടക്കം സുരക്ഷാ ക്രമീകരണങ്ങൾ ബാധിക്കുമെന്നുറപ്പാണ്.