കർമചാരി പദ്ധതി; വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാം, ആദ്യം നടപ്പാക്കുന്നത് കൊച്ചി നഗരത്തിൽ
വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ലഭ്യമാക്കാൻ സർക്കാർ പ്രഖ്യാപിച്ച കർമചാരി പദ്ധതി ആദ്യം നടപ്പാക്കുന്നത് കൊച്ചി നഗരത്തിൽ. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഹയർസെക്കൻഡറി, കോളേജ്, ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, തൊഴിലുടമ പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം ചേർന്നു.
പഠനത്തെ ബാധിക്കാത്തരീതിയിൽ പരമാവധി എത്രസമയം ജോലി ചെയ്യണം, രാത്രിയിൽ വിദ്യാർഥികളെ ജോലി ചെയ്യിക്കുന്നതിൽ വിദ്യാഭ്യാസസ്ഥാപന അധികൃതരുടെ നിലപാട്, രക്ഷാകർത്താക്കളുടെ അനുമതി, ഓരോ വിദ്യാഭ്യാസസ്ഥാപനവും എത്ര വിദ്യാർഥികളെ പദ്ധതിയിൽ ഉൾപ്പെടുത്തും, ഹോളിഡേ ഡ്യൂട്ടി അനുവദിക്കൽ, പദ്ധതി മേൽനോട്ടത്തിനായി സ്ഥാപനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കൽ, വിദ്യാർഥികളുടെ വേതനം, ഓരോ സ്ഥാപനത്തിനും എത്രപേർക്ക് ജോലി നൽകാനാകും, ജോലിയുടെ സ്വഭാവം, പാർട്ട് ടൈം ജോലി ചെയ്യുന്നവർക്ക് ഇ.എസ്.ഐ അനുവദിക്കൽ, ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിക്കൽ തുടങ്ങിയവ ചര്ച്ച ചെയ്തു.
കർമചാരി പദ്ധതി സംസ്ഥാനത്ത് ആദ്യം ആരംഭിക്കാൻ കഴിയുന്നത് സ്വകാര്യമേഖലയുമായി സഹകരിച്ചാകുമെന്നും കൊച്ചിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്റ്റാർ ഹോട്ടൽ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്ട് ലേയേഴ്സ്, ടെക്സ്റ്റൈൽസ്, റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി പാർട്ട്ടൈം ജോലി നൽകുന്നതിന് ലക്ഷ്യമിടുന്നത്.
ഐ.ടി അധിഷ്ടിത ജോലികളും പരിഗണിക്കും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ ദിവാകരൻ, തൊഴിൽവകുപ്പ് അഡീഷണൽ സെക്രട്ടറി ഡി ലാൽ, അഡീഷണൽ ലേബർ കമീഷണർമാരായ കെ ശ്രീലാൽ, രഞ്ജിത് മനോഹർ, കെ.എം സുനിൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, തൊഴിൽസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.