സൗന്ദര്യ സംരക്ഷണം ഭക്ഷണക്രമീകരണങ്ങളിലൂടെ
യുവതലമുറ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് സൗന്ദര്യ സംരക്ഷണം. മുഖത്ത് ഒരു കുരുവോ പാടോ വീണാല്‍ അപ്പോള്‍ തുടങ്ങും ആശങ്ക. പിന്നെ അതെങ്ങനെ ഇല്ലാതാക്കാം എന്നുള്ള ടെന്‍ഷനാണ്. അതിനുവേണ്ടി ആവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി പരീക്ഷണങ്ങള്‍ നടത്താനും മടിക്കാറില്ല. അവയില്‍ പലതും ഗുരുതരമായ പ്രശ്നത്തിലേക്കായിരിക്കും വഴിതെളിക്കുക.
സൗന്ദര്യ സംരക്ഷണത്തിനുള്ള കുറുക്കു വഴികള്‍ തേടുമ്പോള്‍ വിദഗ്ധരുടെ ഉപദേശം തേടുന്നത് നല്ലതാണ്. സൗന്ദര്യം നിലനിര്‍ത്താന്‍ സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല എന്ന തിരിച്ചറിവാണ് ഇതില്‍ പ്രധാനം.
ആരോഗ്യകരമായ ഭക്ഷണത്തിന് സൗന്ദര്യ സംരക്ഷണത്തില്‍ വഹിക്കാന്‍ കഴിയുന്ന പങ്ക് വളരെ വലുതാണ്, പ്രത്യേകിച്ച് ചര്മസംരംക്ഷണത്തില്. ചര്‍മത്തിന്റെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ നമ്മള് കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക സ്വാധീനമുണ്ട്.
മുഖക്കുരുവും ചര്‍മത്തിലുണ്ടാകുന്ന ചുളിവും ഏറെ അലട്ടുന്ന പ്രശ്നമാണ് . ഇതിന് പ്രധാന കാരണം ഭക്ഷണ രീതിയാണ്.വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ പലപ്പോഴും നമ്മളെ പ്രലോഭിപ്പിക്കാറുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന എണ്ണയുടെ അളവ് വളരെ കൂടുതലായതിനാല്‍ മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. മാത്രമല്ല ശരീരത്തിലെ കൊഴുപ്പിനേയും കലോറിയേയും കൂട്ടുകയും ചെയ്യുന്നു.
കാണുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നുന്ന ഒന്നാണ് ജങ്ക് ഫുഡ്. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നുകയും ചെയ്യും. പോഷകാംശം തീരെ കുറഞ്ഞ കൃത്രിമ വസ്തുക്കള്‍ അടങ്ങിയിരിക്കുന്ന ജങ്ക് ഫൂഡില്‍ സാച്വുറേറ്റഡ് ഫാറ്റും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്ന ഘടകങ്ങളുമുണ്ട്. ഇവയും മുഖക്കുരുവിന് കാരണമാകുന്നു.
ദാഹിച്ചാല് കുടിവെള്ളമല്ല സെവന് അപ്പും ഫാന്റയും സ്പ്രൈറ്റും ഒക്കെയാണ് വാങ്ങി കുടിക്കുക. ഇത്തരം സോഫ്റ്റ് ഡ്രിങ്ക്സില്‍ അടങ്ങിയിരിക്കുന്ന മധുരം ചര്‍മത്തിന് യോജിച്ചതല്ല. സോഡായുടെ ഉപയോഗം ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നു.മാത്രമല്ല ബാക്ടീരിയയോട് പൊരുതാനുള്ള പ്രതിരോധ ശക്തി ഇല്ലാതാക്കുകയും ചെയ്യും.
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കെല്ലാം അറിയാമെങ്കിലും ഇടയ്ക്കിടക്ക് ഒരു പെഗ് ആകുന്നതില്‍ തെറ്റില്ലെന്നു കരുതുന്നവരും ഉണ്ട്. മദ്യപാനം, അത് ഇനി എത്ര ചെറിയ അളവിലാണെങ്കിലും നിര്‍ജലീകരണത്തിന് ഇടയാക്കും. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴ്ത്തുകയും വരണ്ടതാക്കുകയും ചെയ്യും. ഇത് ത്വക്രോഗങ്ങള്ക്കും കാരണമാകുന്നു.
കഫീന്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളുടെ അമിതോപയോഗവും ദോഷകരമാണ്. ഇത് ചര്‍മത്തില്‍ നിര്‍ജലീകരണത്തിന് കാരണമാകും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ചര്‍മത്തിനും ആരോഗ്യത്തിനും നല്ലത്.
ചര്‍മത്തെ ബാധിക്കുന്ന പ്രതികൂല ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ച് ഭംഗിയും യുവത്വവും നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ആരോഗ്യമുള്ള ശരീരത്തിന് വ്യായാമവും അനിവാര്യമാണ്. അതുകൊണ്ട് ഭക്ഷണത്തിനൊപ്പം വ്യായാമകാര്യങ്ങളിലും ശ്രദ്ധിക്കുന്നത് നന്ന്.