വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകള്‍ പാലക്കാട്ടെത്തി
പാലക്കാട്: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകള്‍ പാലക്കാട്ടെത്തി. ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്റ്ററിയുടെ യാർഡിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഇന്ന് 11 മണിയോടെയാണ് പാലക്കാട് എത്തിയത്. 16 കോച്ചുകളുള്ള ട്രെയിനാണ് കേരളത്തിലെത്തിയത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ വന്ദേ ഭാരതിന് പാലക്കാട് വൻ സ്വീകരണമാണ് നൽകിയത്. ലോക്കോ പൈലറ്റിനെ മാലയിട്ട് സ്വീകരിച്ച ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ മധുരം വിതരണം ചെയ്തു. വന്ദേഭാരത് റേക്കുകൾ ഇന്നു വൈകിട്ടോടെ കൊച്ചുവേളിയിലെത്തും.
ആരംഭത്തിൽ ഒരു ട്രെയിനാകും കേരളത്തിനായി സർവീസ് നടത്തുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നീ എട്ട് സ്റ്റോപ്പുകൾ ഉണ്ടാവും എന്നാണ് റിപ്പോർട്ട്. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയ്ൻ ഉച്ചയോടെ കണ്ണൂരിലെത്തും. അര മണിക്കൂറിൽ തിരിച്ചും സർവീസ് നടത്തുന്ന രീതിയിലാണ് പരിഗണിക്കുന്നത്.
50 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത്തിലെത്താന്‍ വന്ദേഭാരതിന് കഴിയുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. പൂർണമായും എ സി കോച്ചുകളുള്ള വന്ദേ ഭാരതിന് മുന്നിലും പുറകിലും ഡ്രൈവിംഗ് സീറ്റ് നൽകിയിട്ടുണ്ട്. ഓട്ടമാറ്റിക് ഡോറുകൾ, എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെ മികച്ച സീറ്റുകൾ, ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, എൽഇഡി ലൈറ്റിങ്, വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികൾ തുടങ്ങിയവയാണ് വന്ദേഭാരത് ട്രെയിനിൻ്റെ മറ്റ് സവിശേഷതകൾ.
24നു കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് സർവീസ് ഉദ്ഘാടനം ചെയ്യിക്കാൻ റെയ്ൽവേ ഏഴിന മാർഗനിർദേശങ്ങളും പുറത്തിറക്കി. 25ന് രാവിലെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്താൻ ആലോചനയുള്ളതായാണ് സൂചന.
ട്രെയ്നിന്റെ വേഗത മണിക്കൂറിൽ 180 കിലോമീറ്റർ ആണെങ്കിലും, കുറഞ്ഞ വേഗതയായ മണിക്കൂറിൽ 130 എന്ന നിലയിൽ സർവീസ് നടത്താൻ കേരളത്തിൽ ബുദ്ധിമുട്ടാണ്. അതുകൊണ്ട് 90-110 കിലോമീറ്റർ ശരാശരി വേഗം ലഭിക്കത്തക്ക വിധമാവും സർവീസ്.