കേന്ദ്ര സർക്കാരിൻറെ നാഷണൽ എഡ്യൂക്കേഷൻ പോളിസി മുഴുവനായി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവല്ല: മതേതരത്വത്തിനും ഭരണഘടന മൂല്യങ്ങൾക്കും ഊന്നൽ നൽകിയുള്ള പാഠപുസ്തകങ്ങൾ മാത്രമേ സംസ്ഥാനത്ത് പുറത്തിറക്കുകയുള്ളുവെന്ന് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര സർക്കാരിൻറെ നാഷണൽ എഡ്യൂക്കേഷൻ പോളിസി (എൻ ഇ പി ) മുഴുവനായി സംസ്ഥാനത്ത് നടപ്പാക്കില്ല. കേരളസംസ്കാരത്തിനും മതേതരത്വത്തിനും എതിരായി എൻഇപിയിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമാണ്. കുട്ടികളിൽ ചരിത്രത്തെ മാറ്റി പഠിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം അംഗീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഒന്നു മുതൽ അഞ്ചു വരെയുള്ള വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കുട്ടിയുമായി ഏറ്റവും അടുത്തിടപെടുന്നവർ അധ്യാപകർ ആയതിനാൽ
ഒന്നു മുതൽ നാലുവരെ പഠിക്കുന്ന ഓരോ കുട്ടികളുടെയും എല്ലാ വിവരങ്ങളും അധ്യാപകർ അറിഞ്ഞിരിക്കണം. കുട്ടികൾക്ക് സമാധാനത്തോടും സന്തോഷത്തോടും കൂടി പഠിക്കുന്നതിനുള്ള അന്തരീക്ഷം ആണ് വേണ്ടത്. കുട്ടികളുടെ പ്രകടനം കണ്ട് ഗ്രേഡ് നിശ്ചയിക്കുന്നതും കളികളിലൂടെ സ്വന്തമായി കാര്യങ്ങൾ മനസിലാക്കുന്നതുമായ ഫിൻലാൻഡ് മോഡലിനെ പറ്റിയും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിൽ മാത്രം 74 കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. വളരെ മികച്ചതും രാജ്യത്തിനാകെ മാതൃകയായതുമായ സ്കൂൾ സംവിധാനമാണ് കേരളത്തിലേത്. രാജ്യത്ത് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ 2016 മുതൽ നടത്തുന്നത്. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 3000 കോടി രൂപ ചെലവഴിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ 47 ലക്ഷം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. സംസ്ഥാനത്ത് 45000 ലാബ് മുറികൾ സജ്ജമാക്കിയിരിക്കുന്നു.
ഓരോ നിയോജകമണ്ഡലത്തിലും ഓരോ സ്കൂൾ വീതം എന്ന കണക്കിൽ 140 മണ്ഡലങ്ങളിലും ഒരെണ്ണം അധികമായും മൊത്തം 141 സ്കൂളുകളിൽ അഞ്ചു കോടി രൂപ വീതം ചിലവിട്ട് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. മൂന്ന് കോടി രൂപ ചിലവിട്ട് 386 സ്കൂളുകളുടെയും ഒരു കോടി രൂപ ചിലവിട്ട് 446 സ്കൂളുകളുടെയും വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനവും നടക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഏറെ മുന്നേറിയിരിക്കുന്നു എന്ന് ഇതിലൂടെ മനസിലാക്കാം. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം അക്കാദമികമായ മുന്നേറ്റത്തിനും പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്കരണം ടെക്സ്റ്റ് ബുക്കുകളുടെ കാലത്തിന് അനുസരിച്ചുള്ളതാക്കും. അതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ആറ് പേരിൽ നിന്ന് 72 കുട്ടികളായി എണ്ണം വർധിച്ച കുറ്റൂർ പാണ്ടിശേരി ഭാഗം ഗവൺമെന്റ് എൽ പി സ്കൂളിലെ പഠന സൗകര്യം വർധിപ്പിക്കുന്നതിനായി സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചതായി ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു.