ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ജൈവമാലിന്യം കൊണ്ടുവരാൻ അനുവദിക്കില്ല
കൊച്ചി: ഈ മാസം 30നുശേഷം മറ്റു തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ജൈവമാലിന്യം ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ കൊണ്ടുവരാൻ അനുവദിക്കേണ്ടെന്ന് തീരുമാനം. കൊച്ചി കോർപറേഷനിലെ ജൈവമാലിന്യം മാത്രമാകും ബ്രഹ്മപുരത്ത് അനുവദിക്കുക. നിലവിൽ ബ്രഹ്മപുരത്തേക്ക് മാലിന്യം അയക്കുന്ന തദ്ദേശസ്ഥാപനങ്ങൾ അടുത്തമാസംമുതൽ നിയമാനുസൃത ബദൽ സംവിധാനമുണ്ടാക്കി മാലിന്യം സംസ്കരിക്കണമെന്നും തദ്ദേശമന്ത്രി എം ബി രാജേഷ്, വ്യവസായമന്ത്രി പി രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകനയോഗം നിർദേശിച്ചു.
ജില്ലയിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് അവലോകനയോഗം ചേർന്നത്. കൊച്ചി നഗരസഭയ്ക്കുപുറമെ സമീപത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യവും വർഷങ്ങളായി ബ്രഹ്മപുരത്ത് കൊണ്ടുവരുന്നുണ്ട്. തദ്ദേശഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് ശാസ്ത്രീയ മാലിന്യസംസ്കരണം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണം. ശരിയായ സംസ്കരണ സംവിധാനങ്ങളില്ലാത്ത വീടുകൾ, സ്ഥാപനങ്ങൾ എന്നിവ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.
കൗൺസിലർമാരുടെ നേതൃത്വത്തിൽ വ്യാപക ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കണം. മരട്, തൃപ്പൂണിത്തുറ, കോതമംഗലം, ഏലൂർ മുനിസിപ്പാലിറ്റികളിൽ ക്യാമ്പയിൻ കാര്യക്ഷമമായി നടക്കുന്നതായും യോഗം വിലയിരുത്തി. കൊച്ചി നഗരത്തിൽ ശേഷിക്കുന്ന അജൈവമാലിന്യം ഒറ്റത്തവണയായി നീക്കം ചെയ്യാനുള്ള സാധ്യത കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ചേർന്ന് പരിശോധിക്കും. പ്രചാരണ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യസംസ്കരണ സംവിധാനങ്ങളുടെ പ്രദർശന വിപണനമേള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 30ന് മുമ്പായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
ബ്ലോക്കുതലത്തിൽ ജനപ്രതിനിധികളുടെ യോഗം വിളിക്കും. തെരഞ്ഞെടുത്ത ഹരിതകർമസേനാംഗങ്ങളെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശീലകരായി നിയോഗിക്കും. വഴിയരികിൽ തള്ളിയിട്ടുള്ള മാലിന്യം മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നീക്കാനും കഴിയുന്നത്രസ്ഥലങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ഓൺലൈൻ യോഗത്തിൽ എംഎൽഎമാരായ ടി ജെ വിനോദ്, കെ ബാബു, പി വി ശ്രീനിജിൻ, എൽദോസ് കുന്നപ്പിള്ളി, മേയർ എം അനിൽകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കലക്ടർ എൻ എസ് കെ ഉമേഷ്, നഗരസഭാ അധ്യക്ഷർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.