മുസിരിസ് ബിനാലെ; വൈകിട്ട് ഏഴിന് സമാപന സമ്മേളനം
കൊച്ചി: മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഇന്ന് സമാപിക്കും. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വൈകിട്ട് ഏഴിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക, യുവജനകാര്യ, ഫിഷറിസ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കും. അഞ്ചാം പതിപ്പിന്റെ ക്യൂറേറ്റര്‍ ഷുബിഗി റാവുവിനെ ചടങ്ങില്‍ വച്ച് മന്ത്രി പി.രാജീവ് ആദരിക്കും.
പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാരായ ജിജി സ്കറിയ, പി.എസ്.ജലജ, രാധ ഗോമതി എന്നിവരെയും ആദരിക്കും. 109 ദിവസം നീണ്ട പ്രദർശനത്തിനാണു സമാപനമാകുന്നത്. കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, ഫൗണ്ടേഷന് ട്രസ്റ്റി ബോണി തോമസ് എന്നിവര്‍ ചേര്‍ന്ന് ബിനാലെ ഷോര്‍ട്ട് ഗൈഡ് കൈമാറ്റം നിർവഹിക്കും. മന്ത്രി കെ.രാജന്, മുന്‍മന്ത്രി എം.എ.ബേബി എന്നിവര്‍ സമാപന സന്ദേശം നല്‍കും.
സമാപനദിനമായ ഇന്നു പ്രവേശനം സൗജന്യമാണ്. വൈകിട്ട് അഞ്ചിന് പ്രദര്‍ശന വേദികളിൽ പ്രവേശനം അവസാനിക്കും. ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ബിനാലെ ഇന്റര്‍നാഷണല്‍ പാര്ട്ട്ണര്ഷിപ്സ് ആന്‍ഡ് പ്രോഗ്രാംസിന്റെ ഡോ. ശ്വേതല്‍ പട്ടേല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫ. കെ.വി.തോമസ്, എംഎല്‍എമാരായ കെ.ജെ.മാക്സി, കെ.ബാബു, കെ.എന്‍.ഉണ്ണിക്കൃഷ്ണന്, ടി.ജെ.വിനോദ്, കോര്പ്പറേഷന് കൗണ്‍സിലര്‍ പദ്മജ എസ്.മേനോന്, ടൂറിസം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ടൂറിസം ഡയറക്റ്റര്‍ പി.ബി.നൂഹ് എന്നിവർ പങ്കെടുക്കും. തുടര്‍ന്ന് പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രൊജക്റ്റ് മലബാറിക്കസ് സംഗീത വിരുന്ന് അരങ്ങേറും.