ശതാബ്ദി നിറവിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന്റെ വേദി തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് തിരുവനന്തപുരം വേദിയാവുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തൊഴിൽ വകുപ്പ് സംസ്ഥാന ആസൂത്രണബോർഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന കോൺക്ലേവ് മെയ് 24ന് വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ്, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഡയറക്ടർ ജനറൽ, തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, തൊഴിൽ വിഷയങ്ങളിലെ വിദഗ്ധർ, നിയമജ്ഞർ എന്നിങ്ങനെ രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള 150 പ്രമുഖ വ്യക്തിത്വങ്ങൾ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേവിൽ ഡെലിഗേറ്റ്സുകളായി പങ്കെടുക്കുമെന്നും കോൺക്ലേവ് മെയ് 26ന് സമാപിക്കുമെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി അറിയിച്ചു. പ്രധാനപ്പെട്ട ആറ് സെഷനുകളിലായി കാലിക പ്രാധാന്യമുള്ള ഒട്ടേറെ വിഷയങ്ങൾ കോൺക്ലേവ് ചർച്ച ചെയ്യും.
കൊറിയൻ വിദ്യാഭ്യാസമന്ത്രി ഉൾപ്പെടെ ഓൺലൈനായും കോൺക്ലേവിന്റെ ഭാഗമാകും. തൊഴിലാളികളുടെ അവകാശങ്ങൾ, നിയമനിർമ്മാണം, സാമൂഹ്യ സുരക്ഷ,അനൗപചാരിക തൊഴിൽ രീതികളിൽ നിന്ന് ഔപചാരിക തൊഴിൽ രീതികളിലേക്കുള്ള മാറ്റവും പ്രശ്നങ്ങളും വിശകലനവും, ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവും , ഗാർഹിക തൊഴിലാളികൾ, സ്കീം - കെയർ വർക്കേഴ്സ് തൊഴിലാളികളുടെ ക്ഷേമം, ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും, ഗിഗ്, പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം തുടങ്ങിയവ അതിൽ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തീരുമാനങ്ങൾക്കും നയങ്ങൾക്കും കാരണമാകുന്ന തരത്തിലുള്ള ഫലപ്രദമായ ആശയങ്ങളും നിർദ്ദേശങ്ങളുമാണ് ഈ കോൺക്ലേവിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ തൊഴിലും സംസ്ഥാന ആസൂത്ര ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി.കെ രാമചന്ദ്രൻ, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത് കുമാർ, ലേബർ കമ്മിഷണർ കെ .വാസുകി എന്നിവരും പങ്കെടുത്തു.