തീരജീവിതത്തിന്റെ കഥ
ആലപ്പുഴയുടെ തീരജീവിതവുമായി നേരിട്ടുള്ള ബന്ധമുള്ളയാണ് നാടകത്തിന്റെ സംവിധായകൻ ജോബി മഠത്തിൽ. അത്തരം പശ്ചാത്തലത്തിലുള്ള കഥ രംഗത്ത് അവതരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. 2019-ൽ സ്കൂൾ കലോത്സവത്തിലും, കേരള യൂണിവേഴ്സിറ്റിയിൽ അവതരിപ്പിച്ചു. അവിടെയെല്ലാം ഈ വിഷയം ഇങ്ങനെ തന്നെയാണ് അവതരിപ്പിച്ചത്. അപ്പോഴൊന്നും ഇല്ലാത്ത വിവാദം ഇപ്പോഴുണ്ടാകുന്നതിന്റെ കാരണം അജ്ഞാതം. പതിനാലു വേദികളിലും ഇല്ലാത്ത വിവാദം പതിനഞ്ചാമത്തെ വേദിയിൽ ഉണ്ടാവുകയായിരുന്നു.
പുരോഹിതന്മാർക്കു വേണ്ടി ഈ നാടകം അവതരിപ്പിക്കാമോ എന്ന ആവശ്യവുമായി ഒരു സംഘം പുരോഹിതന്മാർ എത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. കലാകാരന്മാർ എങ്ങനെയാണ് ഇതൊക്കെ കാണുന്നതെന്നു സന്യാസിസമൂഹം മനസിലാക്കുന്നതു നല്ലതായിരിക്കും എന്നതായിരുന്നു അവരുടെ പക്ഷം. നാടകം കണ്ട ശേഷമായിരുന്നു അവരുടെ പ്രതികരണം. അവർക്കൊന്നും തോന്നാത്ത പ്രശ്നം ഇപ്പോൾ എങ്ങനെയുണ്ടായി എന്നത് അതിശയിപ്പിക്കുന്നുണ്ട്. ഇറ്റ്ഫോക്കിൽ ഏറ്റവും കൂടുതൽ പേർ കണ്ട നാടകങ്ങളിലൊന്നായിരുന്നു കക്കുകളി. മതനിന്ദയുടെ വിഷയമൊന്നും അവിടെ ഉയർന്നു വന്നതേയില്ല.