കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരൻ ഓർമ്മയായിട്ട് ഇന്ന്,ആറാണ്ട്. അസാമാന്യകർമ്മകുശലതയും അപാരമായ നേതൃപാടവവും കൊണ്ട്, ഇൻഡ്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്നു കെ. കരുണാകരൻ.
കണ്ണോത്ത് കരുണാകരൻ മാരാർ, സാക്ഷാൽ കെ. കരുണാകരൻ, കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരേ ഒരു ലീഡര്‍. തന്റെ ശരികളില്‍ ഉറച്ചുനിന്ന് അതിലേക്ക് സമൂഹത്തെ നയിക്കാന്‍ കാര്യപ്രാപ്ത്തിയുമുണ്ടായിരുന്ന അപൂർവ്വം നേതാക്കളിലൊരാൾ. കൗശലക്കാരനായ നേതാവായി എതിരാളികൾ വിലയിരുത്തുമ്പോഴും, അദ്ദേഹത്തിന്റെ ദീര്ഘവീക്ഷണത്തെയും വികസനോന്മുഖതയെയും എല്ലാവരും അംഗീകരിച്ചു. ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു ലീഡർ നാലുതവണ കേരള മുഖ്യമന്ത്രിയുമായി.
സാധാരണപ്രവർത്തകനായി തുടങ്ങി സവിശേഷമായ തന്ത്രവും സാമർത്ഥ്യവും കൊണ്ട് കോൺഗ്രസ്സിൻടെ നെടുംതൂണുകളിൽ ഒന്നായി കരുണാകരൻ മാറി. രാഷ്ട്രീയത്തിലെ സംഭവബഹുലമായ ജീവിതത്തിന് കര്‍മ്മസാക്ഷി ആയിരുന്നു അദ്ദേഹം. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ലീഡർ. അടിയന്തരാവസ്ഥാ കാലത്തെ പ്രതിസന്ധിഘട്ടത്തിൽ, പാർട്ടിയെ ഇന്ദിരക്കുമൊപ്പം നിന്ന് നയിച്ചു.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപുരുഷനും വാർത്തകളിൽ നിറഞ്ഞുനിന്നതുമായ വ്യക്തിയായിരുന്നു ലീഡർ. രാജൻ കേസും പാമോലിൻ അഴിമതിയാരോപണവും രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പൊട്ടുകളായി. ഐഎസ്ആര്‍ഒ ചാരക്കേസിന്റെ പേരിൽ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട് കേന്ദ്രത്തിലേക്കു ചുവടു മാറ്റിയ കരുണാകരൻ തുടർന്ന് രാജീവ് ഗാന്ധിയുടെ മരണശേഷം കനത്ത വീഴ്ചയിൽനിന്നും കോൺഗ്രസിനെ രക്ഷിച്ചു.
നേതൃത്വനിരയില്‍ ദേശീയതലത്തിൽ ക്ഷാമം നേരിട്ട ഘട്ടത്തിലാണ്, പി വി നരസിംഹറാവുവിനെപ്പോലുള്ള പ്രാദേശിക നേതാവിനെ പ്രധാനമന്ത്രിപദത്തിലേക്കുയര്‍ത്തിക്കാട്ടി പുതിയൊരു അധ്യായത്തിന് തുടക്കമിട്ടത്. ഇതോടെ കിങ് മേക്കര്‍ എന്ന സ്ഥാനവും കരുണാകരനു നല്കപ്പെട്ടു. അവസാനഘട്ടത്തില്‍ കോണ്‍ഗ്രസിൽ നിന്ന് അകന്ന അദ്ദേഹത്തിന് പുതിയൊരു പാര്‍ട്ടിയുണ്ടാക്കേണ്ട സ്ഥിതിയുണ്ടായി. എന്നാല്‍ അന്ത്യഘട്ടത്തില്‍ പാര്‍ട്ടി പിരിച്ചുവിട്ട് തറവാട്ടിലേക്കു മടങ്ങുന്നതും കേരളം കണ്ടു. കേരള ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വങ്ങളിലൊരാളായ ലീഡർ വിടപറഞ്ഞിട്ട് ഇന്നേക്ക് ആറ് വർഷം.