ഡൽഹി-മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഡൽഹി-മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 12,150 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച എക്പ്രസ് വേയാണിത്. ഇത് മുഴുവൻ മേഖലയിലെയും സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കിഴക്കൻ രാജസ്ഥാനിലെ ദൗസയിലാണ് ഉദ്ഘാടന പരിപാടികൾ നടന്നത്.
സരിസ്ക നാഷണൽ പാർക്ക്, കേവൽദേവ് ദേശീയോദ്യാനം, രൺതംബോർ നാഷണൽ പാർക്ക്, ജയ്പൂർ, അജ്മീർ തുടങ്ങിയ നഗരങ്ങൾക്കും എക്സ്പ്രസ് വേ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ഓൺലൈനായി പരിപാടിയെ അഭിസംബോധന ചെയ്തു.
ദൗസയിൽ നടന്ന ചടങ്ങിൽ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര സഹമന്ത്രി വി കെ സിംഗ്, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
246 കിലോമീറ്റർ ദൂരം വരുന്ന ഡൽഹി-ദൗഹ-ലാൽസോട്ട് ആണ് ആദ്യഘട്ടത്തിൽ കമ്മീഷൻ ചെയ്യുന്നത്. ഇതോടെ ഡൽഹിയിൽ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്ക് നിലവിൽ ആവശ്യമായ 5 മണിക്കൂർ യാത്ര മൂന്നര മണിക്കൂറായി കുറയും
ഗുജറാത്ത് മുതൽ മഹാരാഷ്ട്ര വരെ അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയെ ഒരു എഞ്ചിനീയറിംഗ് വിസ്മയമായാണ് വിലയിരുത്തുന്നത്. നിലവിൽ എട്ടുവരി പാതയാണ് നിർമ്മിക്കുന്നതെങ്കിലും ഭാവിയിൽ 12 വരി പാതയാക്കാനാവും. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി ഒരു ഹെലിപ്പോർട്ടും സജ്ജമാക്കിയട്ടുണ്ട്. 2024 ഓടെ പദ്ധതി പൂർണമായും പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നത്