ബാങ്കുകള്‍ക്ക് നെഞ്ചിടിപ്പേറുന്നു
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളിലൊന്നായ ഗൗതം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില തുടര്‍ച്ചയായ ആറാം ദിവസവും കനത്ത ഇടിവ് നേരിട്ടതോടെ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്ക് നെഞ്ചിടിപ്പേറുന്നു. ഗ്രീന്‍ എനര്‍ജി മുതല്‍ തുറമുഖം, റോഡ് വികസനവും മറ്റ് അടിസ്ഥാന സൗകര്യ മേഖലകളിലും റീട്ടെയ്ല്‍ വ്യാപാരത്തിലും ഉള്‍പ്പെടെ പ്രധാന വ്യവസായങ്ങളില്‍ സജീവമായ അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികള്‍ക്കായി പതിനായിരക്കണക്കിന് കോടി രൂപയാണ് വായ്പയായി രാജ്യത്തെ വിവിധ ബാങ്കുകള്‍ നല്‍കിയിട്ടുള്ളത്.
അമെരിക്കയിലെ പ്രമുഖ ഊഹക്കച്ചവട സ്ഥാപനമായ ഹിണ്ടന്‍ ബെര്‍ഗിന്റെ പ്രതികൂല ഗവേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിക്ഷേപകര്‍ അദാനി ഓഹരികള്‍ വന്‍ തോതില്‍ വിറ്റുമാറുകയാണ്. ആശങ്കകള്‍ പരിഹരിക്കാനായി 20,000 കോടി രൂപയുടെ തുടര്‍ ഓഹരി വില്‍പ്പന അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം റദ്ദാക്കിയെങ്കിലും നിക്ഷേപകരുടെ വിശ്വാസം നേടാനായിട്ടില്ല. ഇതിനിടെ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ള വായ്പകളുടെ വിശദാംശങ്ങള്‍ നല്കാന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് വിവിധ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതോടെ ആശങ്ക ശക്തമായി.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്ബിഐ) അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് 20,600 കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 1,600 കോടി രൂപ വിദേശത്തെ എസ്ബിഐയുടെ ബാങ്കിങ് യൂണിറ്റുകള്‍ വഴിയാണ് നല്‍കിയിരിക്കുന്നത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ക്കും വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാരുകള്‍ അനുവദിച്ച ഭൂമി ഉള്‍പ്പെടെയുള്ള ആസ്തികളും ജാമ്യമായി നല്‍കിയാണ് വായ്പയില്‍ ഏറെ പങ്കും അനുവദിച്ചിട്ടുള്ളതെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഓഹരി വിപണിയിലെ ഇപ്പോഴത്തെ തകര്‍ച്ച തുടര്‍ന്നാല്‍ അനില്‍ ഭിരുഭായ് അംബാനി ഗ്രൂപ്പിന്റെ അവസ്ഥയിലേക്ക് അദാനി കമ്പനികള്‍ നിലം പതിച്ചേക്കാമെന്ന ആശങ്കയും ശക്തമാണ്. ഇപ്പോഴത്തെ പ്രതിസന്ധി അദാനി ഗ്രൂപ്പ് കമ്പനികളുടെ പണലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ വായ്പകളുടെ തിരിച്ചടവ് മുടങ്ങാനും അവ നിഷ്ക്രിയമാകാനും സാധ്യതയേറെയാണ്. ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഈ സാഹചര്യം കാരണമാകുമെന്നും അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ മറ്റൊരു പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കായി 7,000 കോടി രൂപയാണ് വായ്പ നല്‍കിയിട്ടുള്ളത്. പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐഡിഎഫ്സി ഫസ്റ്റ്, കൊട്ടക് മഹീന്ദ്ര എന്നിവയും അദാനി ഗ്രൂപ്പിലേക്ക് വന്‍ തുക വായ്പ അനുവദിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ മൊത്തം കടമായ 1.9 ലക്ഷം കോടിയില്‍ 70,000 മുതല്‍ 80,000 കോടി രൂപ ബാങ്ക് വായ്പയാണെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.