വയനാട് നോറോ വൈറസ് സ്ഥിരീകരിച്ചു; 98 വിദ്യാർഥികൾ ചികിത്സ തേടി
കൽപ്പറ്റ: വയനാട്ടിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് ബാധ കണ്ടെത്തിയത്.
സ്കൂളിലെ 98 വിദ്യാർത്ഥികൾ ചികിത്സ തേടിയിരുന്നു. നവോദയ സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസിൽ നിന്നാണ് രോഗം പടർന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മാസം കൊച്ചി കാക്കനാട്ടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഒന്നാം ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് രോഗബാധയുണ്ടായത്. നോറോ വൈറസ് ബാധയുള്ള വിദ്യാർത്ഥി സ്കൂളിലെത്തിയതോടെയാണ് നോറോ വൈറസ് പടർന്നുപിടിക്കാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ നോറോ വൈറസ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരാം.