പ്രേംനസീറിന്റെ കഥാപാത്രപേരുകളിലെ കൗതുകമറിയാം : ഇന്ന് നിത്യഹരിതനായകന്റെ ഓര്‍മ്മദിനം
മലയാളിയുടെ സ്മരണകളിലെ നിത്യഹരിത സാന്നിധ്യം, പ്രേംനസീര്‍. ഇന്നും മായാതെ, മറയാതെ ആരാധകരുടെ മനസില്‍ പ്രേംനസീര്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പില്ക്കാലത്ത് അഭ്രപാളികളിലെ ആരാധനാപുരുഷന്മാരായ ആര്‍ക്കും തിരുത്താനാകാത്ത എത്രയോ റെക്കോഡുകള്‍ നസീറിന്റെ പേരിലുണ്ട്. ഇന്ന് ജനുവരി പതിനാറ്, പ്രേംനസീറിന്റെ ഓര്‍മ്മദിനം.
ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായ അഭിനേതാവ്, ഒരേ നായികയ്ക്കൊപ്പം നിരവധി തവണ നായകനായി, നൂറോളം നായികമാരുടെ നായകവേഷത്തിലെത്തി, ഒരു വര്‍ഷത്തില്‍ മുപ്പതോളം സിനിമകളില്‍ നായകനായി എന്നിങ്ങനെ നിരവധി തിരുത്താനാകാത്ത റെക്കോഡുകളുടെ ഉടമ. ഇമേജുകളുടെ ഭാരമില്ലാതെ വൈവിധ്യമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിനൊക്കെയപ്പുറം രേഖപ്പെടുത്താത്ത ചില കൗതുകങ്ങളും പ്രേംനസീറിന്റെ പേരിലുണ്ട്.
പ്രേംനസീര്‍ ചെയ്ത കഥാപാത്രങ്ങളുടെ പേരുകളിലാണ് ഈ കൗതുകം. രവി എന്ന പേരിനാണു പ്രേംനസീറിന്റെ സിനിമാജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുള്ളത്. രവി എന്ന പേരുള്ള കഥാപാത്രമായി നസീര്‍ എത്തിയത് 175 ഓളം സിനിമകളിലാണ്. ചന്ദ്രനാണ് തൊട്ടുപിന്നില്‍. എണ്‍പത്തഞ്ചോളം സിനിമകളില്‍ നസീര്‍ ചന്ദ്രനായി.
മുരളി, വിജയന്, ഗോപി, വേണു എന്നിവയും നസീറിന്റെ ആവര്‍ത്തിച്ചു വരുന്ന കഥാപാത്രപേരുകളായിരുന്നു. ആവര്‍ത്തിച്ചു വരാത്ത പേരുകളുമുണ്ട്. ചീനവലയിലെ പുഷ്കരന്, അരക്കള്ളന്‍ മുക്കാക്കള്ളനിലെ നാഗന്, കടത്തനാട്ട് മാക്കത്തിലെ നമ്പീശന് എന്നിവ. സ്വന്തം പേര് ടൈറ്റിലായ രണ്ടു ചിത്രങ്ങളിലും അഭിനയിച്ചു. സിഐഡി നസീറും, പ്രേംനസീറിനെ കാണ്മാനില്ല എന്ന ചിത്രവും. കൂടുതല്‍ ടൈറ്റില്‍ റോളില്‍ അഭിനയിച്ചതും ഇദ്ദേഹം തന്നെ. ശശികുമാര്‍ സംവിധാനം ചെയ്ത പിക്നിക് എന്ന ചിത്രത്തിലെ ഏഴ് പാട്ടുകളും പാടി അഭിനയിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു.