രാജ്യത്ത് ഇന്നലെ 227 പേർക്ക് കൊവിഡ്; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ മോക്ക് ഡ്രിൽ
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 227 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധ മൂലം നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3424 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 2 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4.46 കോടിയായി (4,46,77,106) ഉയര്‍ന്നു. മരണസംഖ്യ 5,30,693 ആണ്.വിദേശങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തും അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ചൈന, ജപ്പാന്, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലന്ഡ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അതേസമയം, കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. നാളെയാണ് മോക്ക് ഡ്രില്‍ നടക്കുക. അന്ന് വൈകീട്ടു തന്നെ ഫലം അപ്ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചിരുന്നു.
കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ആ സാഹചര്യത്തെ നേരിടുന്നതിനായാണ് മോക്ക് ഡ്രിലിന്റെ ലക്ഷ്യം. ജില്ല തിരിച്ചുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങള്‍ ഇതിലൂടെ ഉറപ്പുവരുത്തും. കൊവിഡ് ടെസ്റ്റ് കേന്ദ്രങ്ങള്‍, മരുന്നുകള്‍, മാസ്ക്, പിപിഇ കിറ്റ്, മെഡിക്കല്‍ ഓക്സിജന്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും മോക്ക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നു