സമുദ്രത്തില്‍ നിന്ന് എണ്ണ ഖനനം ചെയ്യുന്നതിന് ഒബാമ സ്ഥിരം വിലക്കേര്‍പ്പെടുത്തി
വാഷിങ്ടണ്‍: അമേരിക്കയുടെ നിയന്ത്രണത്തിലുള്ള സമുദ്ര ഭാഗങ്ങളില്‍ നിന്ന് എണ്ണയും പ്രകൃതിവാതകവും ഖനനം ചെയ്യുന്നത്് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ സ്ഥിരമായി വിലക്കി. ആര്‍ട്ടിക്ക് സമുദ്രത്തിലെയും അറ്റ്ലാന്റിക് സമുദ്രത്തിലെയും മേഖലകളില്‍ നിന്ന് എണ്ണ കുഴിച്ചെടുക്കുന്നിതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ജനുവരിയില്‍ സ്ഥാനമൊഴിയുന്നതിന് മുമ്പ് സമുദ്ര മേഖലകളെ സംരക്ഷിക്കാനാണ് ഈ നടപടി. ട്രംപിനെ പിന്തുണക്കുന്നവര്‍ക്ക് ഈ തീരുമാനം മാറ്റാന്‍ പ്രയാസമായിരിക്കും.
കാനഡയും വാഷിങ്ടണുമായി ചേര്‍ന്ന് ആര്‍ട്ടിക് സമുദ്രത്തെ സംരക്ഷിക്കുന്നതിന് ഈ വ്യവസ്ഥ നടപ്പാക്കിയിട്ടുണ്ട്. ആര്‍ട്ടിക്കിന്റെ മിതവ്യയവും ആവാസവ്യവസ്ഥയും ശക്തവും സുസ്ഥിരവുമായി നിലനിര്‍ത്തുന്നതിനാണ് ഈ തീരുമാനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രദേശിക സംസ്കാരത്തെയും വന്യജീവികളെയും മേഖലയെയും പരിക്കേല്‍പ്പിക്കുന്നതുകൊണ്ടാണ് വിലക്കേര്‍പ്പെടുത്തിയത്.
കാനഡ ഈ വ്യവസ്ഥ അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുനപരിശോധന നടത്തും. എന്നാല്‍ ഒബാമയുടെ പ്രഖ്യാപനം സ്ഥിരമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സമുദ്ര വിഭവങ്ങളെ അനിശ്ചിതകാലത്തേക്ക് പാട്ടത്തിന് കൊടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ പ്രസിഡന്റിന് അധികാരം നല്കുന്ന 1953 ലെ നിയമത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസില്‍ നിലവിലുള്ള എണ്ണ വിഭവങ്ങളെ പൂര്‍ണമായും പ്രയോജനപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് പരിസ്ഥിതി സംഘടനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിരുന്നു. പക്ഷേ നിയമപരമായി കൊണ്ടുവന്ന ‘സ്ഥിര’ തീരുമാനം മാറ്റാന്‍ എന്തെങ്കിലും തരത്തിലുള്ള ശ്രമമുണ്ടായാല്‍ അത് നിയപരമായ ഒരു വെല്ലുവിളിയിലേക്ക് നീങ്ങുമെന്നാണ് ഇതിനെ പിന്തുണക്കുന്നവര്‍ പറയുന്നത്.
ഒരു പ്രസിഡന്റും സമുദ്രത്തിലെ എണ്ണ, പ്രകൃതിവാതകവുമായി ബന്ധപ്പെട്ടുള്ള മുന്‍ പ്രസിഡന്റിന്റെ സ്ഥിര തീരുമാനം റദ്ദ് ചെയ്തിട്ടില്ലെന്ന് ആര്‍ട്ടിക് പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരിച്ച് ഫ്രണ്ട്സ് ഓഫ് ദ എര്‍ത്ത് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് ഒബാമയുടെ തീരുമാനം റദ്ദാക്കിയില്‍ ട്രംപിന് കോടതി കയറേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ സ്ഥിര വിലക്കിന്റെ ആവശ്യമില്ലെന്നും ട്രംപിന്റെ ഭരണകൂടം ഇതില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു.
വൈറ്റ് ഹൗസിലെ ഉന്നത പദവികളിലേക്ക് ട്രംപ് തെരഞ്ഞെടുത്തിരിക്കുന്നവരുടെ ലിസ്റ്റുകള്‍ ചില പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എക്സോണ്‍ മെബൈല്‍ ഒയില്‍ കമ്പനി മേധാവിയായ റെക്സ് ടില്ലേഴ്സനാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്. അദ്ദേഹത്തിന്റെ എനര്‍ജി സെക്രട്ടറിയായ റിക് പെറി ടെക്സാസിലെ ഗവര്‍ണറായിരുന്നപ്പോള്‍ എണ്ണവ്യവസായത്തിനേര്പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ടയാളാണ്. രണ്ടു പേരുടെ നിയമനങ്ങളെയും പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്.