കേരളത്തിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്
തിരുവനന്തപുരം: കൊവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 3 പാദത്തിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600% വർധനയുണ്ടായി. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 196% വർധനവും രേഖപ്പെടുത്തി- മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2022ന്റെ ആദ്യ 2 പാദങ്ങളിലെ കണക്കനുസരിച്ച് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികളെത്തി. ഇത് സർവകാല റെക്കോർഡാണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ടൂറിസ്റ്റുകളെത്തിയത്- 28,93,631 പേർ. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ടൈം മാഗസിൻ ലോകം കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തു, കാരവൻ പോളിസിയെ ടൈം മാഗസിൻ അഭിനന്ദിച്ചു. വേൾഡ് ട്രാവൽ മാർക്കറ്റിൽ കേരളം ജനപ്രിയ പവലിയനായി. വാട്ടർ സ്ട്രീറ്റ് അടക്കമുള്ള ടൂറിസം പദ്ധതികൾക്ക് പുരസ്കാരങ്ങൾ ലഭിച്ചു. ട്രാവൽ പ്ലസ് ലിഷർ മാഗസൻ മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ തെരഞ്ഞെടുത്തു. ഇതെല്ലാം ലോക ടൂറിസം മാപ്പിൽ സംസ്ഥാനത്തിനുണ്ടായ ഉയർച്ച സൂചിപ്പിക്കുന്നു.
നവീന ടൂറിസം പദ്ധതികളുടെ തുടർച്ചയെന്നോണം കാരവൻ പാർക്കുകൾ വ്യാപിപ്പിക്കും. കെടിഡിസി സഹായത്തോടെ ബോൾഗാട്ടി, കുമരകം വാട്ടർസ്കേപ് എന്നിവിടങ്ങളിൽ പാർക്ക് നിർമിക്കും. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കാൻ ഉടൻ ഇടപെടലുണ്ടാകും. 9 ജില്ലകളിൽ ബേപ്പൂരിലേതിന് സമാനമായ കടൽപ്പാലങ്ങൾ നിർമിക്കും. ബീച്ച് ടൂറിസം, മലയോര ടൂറിസം മേഖലകൾക്കു പ്രാധാന്യം നൽകാനും ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി ഹൈക്കിങ്, ട്രെക്കിങ് സാധ്യതകൾ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കും- മന്ത്രി വിശദീകരിച്ചു. ടൂറിസം ഡയറക്ടർ പി.ബി. നൂഹും പങ്കെടുത്തു.
റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിങ് ഉപയോഗിച്ചത് 67,000 പേർ
റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിങിലൂടെ 2021 നവംബർ 1 മുതൽ 2022 നവംബർ 1 വരെ 67,000 പേർ സൗകര്യം പ്രയോജനപ്പെടുത്തി. ഹോസ്പിറ്റാലിറ്റി രംഗത്തെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ചർച്ചകൾ നടക്കുന്നു. ടൂറിസം ക്ലബ്ബുകൾ ശക്തിപ്പെടുത്തും. വിദ്യാർഥികൾ, തൊഴിലാളികൾ എന്നിവർക്കു പുറമെ ഓട്ടൊറിക്ഷാ തൊഴിലാളികളെ കൂടി ടൂറിസം പ്രചാരണത്തിന്റെ ഭാഗമാക്കാൻ പദ്ധതിയുണ്ട്.
വിദേശ സഞ്ചാരികളെ ആകർഷിക്കാൻ വിദേശ മലയാളികളെ ഉൾപ്പെടുത്തി ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും. ഡസ്റ്റിനേഷൻ ചലഞ്ച് 2023ൽ 100ൽപ്പരം പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാവുന്ന തരത്തിൽ ആസൂത്രണം ചെയ്തുവരുന്നു. 40% ത്രിതല പഞ്ചായത്തുകളുടെ കൂടി ഇടപെടലോടെയാണ് പദ്ധതി നടപ്പിലാക്കുക. 2021ൽ ജനകീയമായി മാറിയ വാട്ടർ ഫെസ്റ്റ് ഡിസംബറിൽ വീണ്ടും നടത്തും- മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.