ഇക്കുറി സുരക്ഷിതവും ആരോഗ്യകരവുമായ തീര്ഥാടനം; മന്ത്രി വീണാ ജോര്ജ്
പത്തനംതിട്ട : സുരക്ഷിതവും ആരോഗ്യകരവുമായ തീർത്ഥാടനം സാധ്യമാക്കാനുള്ള വകുപ്പുകൾ ഇതിനായി പ്രവർത്തിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടറേറ്റ് കോൺഫറൻസ് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ സുരക്ഷിതമായി ദർശനം നടത്തി മടങ്ങി പോകണം. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർ യഥാസമയം എത്തുന്നുണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണം. ഇത് സംബന്ധിച്ച കൺട്രോൾ റൂമിലും വിവരങ്ങൾ നൽകണം. തീർത്ഥാടനത്തോട് അനുബന്ധിച്ച എല്ലാ പ്രവൃത്തികളും ഈ മാസം 10 ന് മുൻപായി പൂർത്തീകരിക്കണം. ക്രമീകരണങ്ങൾ പൂർത്തിയായോയെന്നു പരിശോധിക്കുന്നതിന് ഈ മാസം 11ന് നേരിട്ട് സന്ദർശനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
പമ്പയിൽ കെഎസ്ആർടിസി ബസുകളുടെ പാർക്കിംഗിന് ഉചിതമായ സ്ഥലം കണ്ടെത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പ്ലാപ്പള്ളി - ആങ്ങമൂഴി റോഡിന്റെഅറ്റകുറ്റ പണി ഈ മാസം 10ന് പൂർത്തിയാക്കണം. റോഡ് പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കണം. ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ള ജില്ലയിലെ 17 റോഡുകൾക്ക് പുറമേ തീർത്ഥാടകർ സഞ്ചരിക്കുന്ന മറ്റ് പ്രധാന പാതകളും അറ്റകുറ്റപ്പണി നടത്തണം. വാഹനം ഒഴിവാക്കാൻ റോഡുകളിൽ ക്രാഷ് ഗാർഡ്, ഹംപ് മാർക്കിംഗ്, ബ്ലിങ്കേഴ്സ് സാധ്യതയുള്ള സുരക്ഷാ ക്രമീകരണങ്ങളും വളവുകളിൽ മാർക്കിംഗും പൊതുമരാമത്ത് വകുപ്പ് ഉറപ്പാക്കണം.
ആറാട്ടുപുഴ ചെട്ടിമുക്ക് - ചെറുകോൽപുഴ റോഡിന്റെ നിർമാണ പ്രവർത്തനം അടിയന്തിരമായി തയ്യാറാക്കാനും നിർദ്ദേശം നൽകി. കൈപ്പട്ടൂർ പാലത്തിൽ സംരക്ഷണഭിത്തി ബലപ്പെടുത്തുന്ന സ്ഥലം തീർഥാടനകാലത്ത് ദേശീയപാത വിഭാഗം തുടർച്ചയായി നിരീക്ഷിച്ച് അപകടസ്ഥിതിയില്ലെന്ന് ഉറപ്പാക്കണം. പത്തനംതിട്ടയിൽ ഇതുമൂലം ഗതാഗത കുരുക്ക് ഉണ്ടാകാൻ ഇടവരരുത്. തിരുവാഭരണപാതയുടെ ശുചീകരണം ബന്ധപ്പെട്ടവർ സമയബന്ധിതമായി പൂർത്തിയാക്കണം.
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് തീർത്ഥാടന പാതയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ ജോലി ചെയ്യുന്നവർ ഹെൽത്ത് കാർഡ് കൈയിൽ കരുതണം. ഭക്ഷണവുമായി ബന്ധപ്പെട്ട തീർത്ഥാടകർക്ക് പരാതികൾ അറിയിക്കുന്നതിന് എല്ലാ ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെടോൾഫ്രീ നമ്പരുകൾ പ്രദർശിപ്പിക്കണം. പന്തളത്തെ ഡിടിപിസി അമനിറ്റി സെന്റർ തന്നെ ശുചീകരിച്ച് തീർത്ഥാടനത്തിന് ഉടൻ സജ്ജമാക്കണം.
തീർത്ഥാടനത്തോട് അനുബന്ധിച്ച് കോന്നി മെഡിക്കൽ കോളേജിൽ 15 ബെഡുകൾ ഉൾപ്പെടുത്തി ശബരിമല വാർഡ് ക്രമീകരിക്കും. പമ്പ ഗവ ആശുപത്രിയിൽ ആരോഗ്യവകുപ്പിന്റെകൺട്രോൾ റൂം തുറക്കും. പമ്പ- സന്നിധാനം പാതയിൽ 18 മെഡിക്കൽ സെന്ററുകൾ സജ്ജമാക്കും. ആന്റി വേനം, ആന്റി റാബിസ് വാക്സിൻ പോലുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. കോവിഡാനന്തര തീർത്ഥാടന കാലം ആയതിനാൽ ശ്വാസകോശം, ഹൃദയസംബന്ധമായ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ക്രമീകരണങ്ങൾ നോഡൽ ഓഫീസർ നേരിട്ടു വിലയിരുത്തി റിപ്പോർട്ട് ഡിഎംഒ മുഖേന നൽകണം. ശബരിമലയിൽ എത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ള സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള എല്ലാ തീർഥാടകരും ആരോഗ്യ രേഖകൾ കൂടി കൈയിൽ കരുതണമെന്നും അടിയന്തര സാഹചര്യത്തിൽ ചികിത്സയ്ക്ക് ഇതു സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായ യോഗത്തിൽ വിവിധ വകുപ്പുകളുടെ സേവനം തീർഥാടകർക്ക് ലഭ്യമാക്കുന്നതിനുള്ള ഹെൽപ്പ് ലൈൻ നമ്പരുകൾക്ക് വ്യാപകമായ പ്രചാരണം നൽകണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. ജില്ലാതലത്തിൽ ട്രാഫിക് സ്കീം തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ എം. മഹാജൻ അറിയിച്ചു. സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ മൂന്ന് താൽക്കാലിക പോലീസ് സ്റ്റേഷനുകൾ തീർത്ഥാടന കാലത്ത് ഉണ്ടാകും.
തീർത്ഥാടന പാതയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഇക്കോ ഗാർഡുകളെ നിയോഗിച്ചതായി ഡിഎഫ്ഒ ആയുഷ് കുമാർ ഖോരി അറിയിച്ചു. തീർഥാടകർ കടന്നു പോകുന്ന ഉപ്പുപാറ - ശബരിമല കാനനപാത വൃത്തിയാക്കി. അഴുത - പമ്പ പാത നവീകരണം രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകും.
തീർഥാടനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി സർവീസ് ഈ മാസം 15 മുതൽ ആരംഭിക്കും. തിരക്കിനും മുതിർന്ന പൗരന്മാർക്ക് സേവനം നൽകുന്നതിനും പമ്പ ത്രിവേണിയിൽ 10 കൂപ്പൺ കൗണ്ടർ കെഎസ്ആർടിസി ക്രമീകരിക്കും.
കുടിവെള്ള വിതരണ ക്രമീകരണങ്ങൾ ഈ മാസം 10ന് പൂർത്തിയാകുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. പത്തനംതിട്ട - പമ്പ പാത, പമ്പ ത്രിവേണി, അച്ഛൻകോവിൽ, സീതത്തോട്, പന്തളം തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന കടവുകളിൽ സുരക്ഷാ വേലി ഇറിഗേഷൻ വകുപ്പ് സജ്ജമാക്കി. പമ്പയിൽ തീർഥാടകർക്കായി 60 ഷവർ യൂണിറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പിന്റെഅറ്റകുറ്റപ്പണികൾ ഈ മാസം ഒമ്പതിന് പൂർത്തിയാകും.
ഈമാസം 14 മുതൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എക്സൈസ് റേഞ്ച് ഓഫീസുകൾ പ്രവർത്തിക്കും. ജില്ലാതലത്തിലുള്ള കൺട്രോൾ റൂമിനു പുറമേ തിരുവല്ല, റാന്നി പതിപ്പും കൺട്രോൾ റൂം തുറക്കും. പത്തനംതിട്ട- പമ്പ പാതയിൽ എക്സൈസ് സ്ക്വാഡ് പട്രോളിംഗ് നടത്തും. പന്തളം, ആറന്മുള എന്നിവിടങ്ങളിൽ എക്സൈസ് വകുപ്പിന്റെഎയ്ഡ്പോസ്റ്റ് തുടങ്ങും.
ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ചിട്ടുള്ള ഭക്ഷണശാലകളിൽ ഇത് കാണിക്കുമെന്നും ഹോട്ടലിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. സംയുക്ത സ്ക്വാഡ് മുഖേന ഗ്യാസ് ഗോഡൗണുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. നിലയ്ക്കൽ ബെയ്സ് ക്യാമ്പിൽ റോഡിന്റെപ്രവൃത്തി തുടങ്ങിയെന്നും ഈ മാസം 10ന് അകം പൂർത്തീകരിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ഇലവുങ്കൽ കേന്ദ്രീകരിച്ച് മോട്ടോർവാഹന വകുപ്പിന്റെസേഫ്സോൺ പദ്ധതി നടപ്പാക്കും. ശബരിമല പാതകളിൽ സേഫ്സോണിന്റെ20 സ്ക്വാഡുകൾ 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കും. ശുചിത്വമിഷന്റെ അഭിമുഖത്തിൽ നിലയ്ക്കൽ തീർഥാടകരിൽനിന്നും പ്ലാസ്റ്റിക് കവറുകൾ ശേഖരിച്ച ശേഷം പകരം തുണി സഞ്ചികൾ വിതരണം ചെയ്യും. റാന്നി, ളാഹ, കണമല എന്നിവിടങ്ങളിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തുണിസഞ്ചി വിതരണം ചെയ്യും.
പമ്പ, സന്നിധാനം ആശുപത്രികൾ നവംബർ ഒന്നിന് പ്രവർത്തനം ആരംഭിച്ചതായി ഡിഎംഒ(ആരോഗ്യം) അറിയിച്ചു. ശുചീകരണത്തിനായി സന്നിധാനത്തും പമ്പയിലും 300 വീടുകളും നിലയ്ക്കൽ ബെയ്സ് ക്യാമ്പിൽ 350 ഉം പന്തളത്തും കുളനടയിലും 50 വിശുദ്ധസേനാംഗങ്ങളെയും ജില്ലാ കളക്ടറും അടൂർ ആർഡിഒ മെമ്പർ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റി വിന്യസിക്കും.
ദുരന്തനിവാരണ വിഭാഗത്തിന്റെ കീഴിലുള്ള പ്രവർത്തന കേന്ദ്രങ്ങൾ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഈ മാസം 15ന് പ്രവർത്തനം ആരംഭിക്കും.പമ്പാനദിയിലെ ജലത്തിന്റെഗുണനിലവാരം തീർത്ഥാടന കാലത്ത് പരിശോധിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ സ്ക്വാഡ് പ്രവർത്തിക്കും. നിലയ്ക്കൽ മൊബൈൽ ഫുഡ്സേഫ്റ്റി ലാബ് വിന്യസിക്കും.
തീർഥാടകർക്ക് പരാതി നൽകുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെടോൾഫ്രീ നമ്പർ സജ്ജമാക്കും. മൊബൈൽ കവറേജ് മെച്ചപ്പെടുത്തുന്നതിന് കൂടുതലായി 10 ടവറുകൾ സജ്ജമാക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. തീർഥാടകർ എത്തുന്ന ജില്ലയിലെ പ്രധാന കടവുകളിൽ ലൈഫ് ഗാർഡിനെയും ഒരു ലൈഫ് ജാക്കറ്റും ലൈഫ്ബോയിയും നൽകിയിട്ടുണ്ട്. തീർഥാടകർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു. പന്തളം രാജകൊട്ടാരം പ്രതിനിധി നാരായണ വർമ്മ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.