മെൽബണിൽ ഇന്ത്യൻ ദീപാവലി: കോഹ്ലി ക്ലാസിക്കിൽ ഇന്ത്യയ്ക്ക് വിജയം
മെല്‍ബണ്‍: ട്വന്റി20 ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആവേശവിജയം. വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് തോൽവിയുടെ വക്കിൽ നിന്ന ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. 53 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്സും സഹിതം 82 റണ്‍സ് നേടി കോഹ്ലി പുറത്താകാതെ നിന്നു. 37 പന്തില്‍ ഒരു ഫോറും രണ്ട് സിക്സും സഹിതം 40 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ഡ്യ കോഹ്ലിക്ക് മികച്ച പിന്തുണ നല്കി.
ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നേരിടാൻ ഇന്ത്യ ഫീൽഡിങ്ങിന് ഇറങ്ങിയപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാൻ 159 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
ഇന്ത്യയുടെ തുടക്കം നിരാശപെടുത്തുന്നതായിരുന്നു. പാക് പേസർമാർ തുടക്കത്തിൽ തകർത്തെറിഞ്ഞപ്പോൾ 6.1 ഓവറിൽ ഇന്ത്യക്ക് നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി. കെ.എൽ. രാഹുലിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും തുടക്കത്തിൽ തന്നെ തിരികെ അയച്ചു. നന്നായി തുടങ്ങിയ സൂര്യകുമാർ യാദവിനെയും ഹാരിസ് റൗഫ് ആണ് പുറത്താക്കിയത്. 10 പന്തുകളിൽ 15 റൺസെടുത്ത സൂര്യ മുഹമ്മദ് റിസ്വാന് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. അഞ്ചാം നമ്പറിലെത്തിയ അക്സർ പട്ടേൽ (2) റണ്ണൗട്ടായി.
അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. സാവധാനം ആരംഭിച്ച വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും മുഹമ്മദ് നവാസ് എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ 3 സിക്സർ അടക്കം 20 റൺസ് അടിച്ച് വിജയത്തിന് തിരികൊളുത്തി എന്നാൽ വസാന ഓവറുകളിൽ തകർത്തെറിഞ്ഞ ഹാരിസ് റൗഫ് അടക്കമുള്ള പാക് പേസർമാർ ഇന്ത്യയെ നിയന്ത്രിച്ചുനിർത്തി. ഹാർദികിന് കൂറ്റൻ ഷോട്ടുകൾ കളിക്കാനായില്ലെങ്കിലും കൊഹ്ലിയെ വേണ്ടവിധത്തിൽ സപ്പോർട്ട് നല്കാൻ ഹാർദിക്കിനായി.
ഇതിനിടയിൽ ഫിഫ്റ്റി തികച്ച കോഹ്ലി ഷഹീൻ അഫ്രീദി എറിഞ്ഞ പതിനെട്ടാം ഓവറിൽ 3 ബൗണ്ടറികൾ അടക്കം 17 റൺസ് നേടിയത് ഇന്ത്യൻ വിജയത്തിന് പ്രതീക്ഷ നൽകി. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ട മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ മികച്ച പ്രകടനവും പാക്ക് ബോളർ മുഹമ്മദ് നവാസിൻ്റെ പിഴവും ഇന്ത്യയ്ക്ക് തുണയായി.
52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.