കടകംപള്ളി വീട്ടിൽക്കയറ്റാൻ കൊള്ളാത്തവൻ; ശ്രീരാമകൃഷ്ണനെതിരെയും സ്വപ്നയുടെ ലൈംഗികാരോപണം! മന്ത്രിയും സ്പീക്കറുമല്ലേ വിട്ടുകളയാന്‍ ശിവശങ്കര്‍; സ്വപ്നയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെയും സ്വപ്ന സുരേഷിന്റെ ലൈംഗികാരോപണം.
കടകംപള്ളി സുരേന്ദ്രൻ വീട്ടിൽക്കയറ്റാൻ കൊള്ളാത്തവനെന്നും സ്വപ്ന. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ.
മുൻധനമന്ത്രി തോമസ് ഐസക്കും ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നും സ്വപ്ന ആരോപിച്ചു.
കടകംപള്ളി സുരേന്ദ്രൻ വീട്ടിൽക്കയറ്റാൻപോലും കൊള്ളാത്തയാളാണ്. മന്ത്രി എന്ന നിലവിട്ടായിരുന്നു കടകംപള്ളി സുരേന്ദ്രൻ തന്നോട് പെരുമാറിയത്.
അശ്ലീല സന്ദേശം അയക്കുകയും ഫോണിൽവിളിച്ച് മുറിയിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം നിരന്തരം തന്നെ ശല്യം ചെയ്തിരുന്നു.
ബലരാമപുരത്ത് ഔദ്യോഗിക ചടങ്ങിനെത്തിയ മന്ത്രി തന്റെ വീട്ടിൽവരികയും ലൈംഗിക താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.
എറണാകുളത്ത് ഔദ്യോഗിക പരിപാടിക്കായി എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു.
മുറിക്കുപുറത്തുവച്ച് മോശമായി പെരുമാറിയപ്പോൾ താൻ ദേഷ്യപ്പെട്ടെന്നും സ്വപ്ന പറയുന്നു.
പി. ശ്രീരാമകൃഷ്ണൻ കോളജ് വിദ്യാർഥികളെപ്പോലെയാണ് പെരുമാറിയത്. ഐ ലവ് യു സന്ദേശങ്ങൾ അദ്ദേഹം അയക്കുമായിരുന്നു.
ഹോട്ടലിലേക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്കും ഒറ്റയ്ക്കു വരാൻ നിർബന്ധിച്ചിരുന്നതായും സ്വപ്ന വെളിപ്പെടുത്തി.
ഇക്കാര്യങ്ങളെല്ലാം എം. ശിവശങ്കറിനോട് താൻ പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയും സ്പീക്കറുമല്ലെ വിട്ടുകളയാനായിരുന്നു തന്നോട് ഉപദേശിച്ചത്. ഇഡിക്കും എൻഐഎയ്ക്കും മുന്നിലും ഇക്കാര്യം താൻ പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
മൂന്നാറിന് കൊണ്ടുപോകാം എന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രലോഭനം. മൂന്നാർ സുന്ദരമായ സ്ഥലമല്ലെ, അവിടേക്കുപോകാമെന്ന് ഐസക്ക് പറഞ്ഞു. എന്നാൽ അദ്ദേഹം ഫോണിൽ ശല്യം ചെയ്തിട്ടില്ലെന്നും സ്വപ്ന പറയുന്നു.