കൊച്ചിയിൽ സ്വര്‍ണ്ണം മോഷ്ടിച്ച പൊലീസുകാരന് അറസ്റ്റില്‍
വൈപ്പിന്‍ : സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച പൊലീസുകാരന് അറസ്റ്റില്‍. കൊച്ചി സിറ്റി എ. ആര്. ക്യാമ്പിലെ 2015 ബാച്ചുകാരനായ അമല്‍ദേവ് (35)ആണ് അറസ്റ്റിലായത്. ഞാറക്കല്‍ പെരുമ്പിള്ളി ചര്‍ച്ച് റോഡ് അസീസ്സിലൈനിലെ പോണത്ത് നടേശന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണം അപഹരിച്ചത്. ഈ മാസം 13നായിരുന്നു മോഷണം. നിബിന്റെ ഭാര്യ ശ്രീമോളുടെ സ്വര്‍ണ്ണമാണ് മോഷണം പോയത്. 8 പവന് 1 ഗ്രാം സ്വര്‍ണ്ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
നടേശന്റെ മകന് നിബിന്റെ അടുത്ത സുഹൃത്ത് എന്ന നിലയില്‍ ഈ വീട്ടില്‍ അമല്‍ദേവ് നിത്യസന്ദര്‍ശകനായിരുന്നു. ഇരുവരും അയല്‍ക്കാരുമാണ്. മോഷണ വിവരം ആദ്യം കുടുംബം അറിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം ഒരു വിവാഹത്തിന് പോകാന്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം എടുക്കാന്‍ നോക്കിയപ്പോഴാണ് സ്വര്‍ണ്ണം കളവ് പോയത് മനസ്സിലായത്. തുടര്‍ന്ന് ഞാറക്കല്‍ പൊലീസില്‍ പരാതി നല്കി. പതിവായി വീട്ടില്‍ വരുന്നവരെ കേന്ദ്രീകരിച്ച് ഞാറക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന് അമല്‍നാഥ് പിടിയിലായത്. വൈദ്യപരിശോധനക്കും വിവിധ ഇടങ്ങളിലെ തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയില്‍ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം 43000 രൂപയ്ക്ക് ഞാറക്കല്‍ പെരുമ്പിള്ളി സ്റ്റോപ്പിലെ പണയ വ്യാപാരസ്ഥാപനത്തിലും മറ്റൊരുഭാഗം എറണാകുളം ബാനര്ജിറോഡിലെ കെ.എല്‍.എം. ഫിന്‍കോര്‍പ്പില്‍ 79000രൂപക്കും പണയം വച്ചു. ശേഷിച്ചത് ഞാറക്കല്‍ ഗീതാസ്റ്റോഴ്സ് ഉടമ രാജന് 1.21 ലക്ഷം രൂപക്ക് വിലക്കുകയും ചെയ്തു. മാല, വള, കമ്മല്‍, ജിമ്മിക്കി എന്നിവയായിരുന്നു ആഭരണങ്ങള്‍. സി.ഐ. രാജന്, കെ. അരമനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ. മാരായ സുനില്‍കുമാര്‍, ബിബിന്‍, ഡോളി, വന്ദനകൃഷ്ണ, സി.പി.ഒ. മാരായ സ്വരാഭ്, ഗിരിജന്‍, സിനില്‍, പ്രീജന്‍, നിധില്‍, രഗീഷ്, സനില്‍, രേഖ, റാണി എന്നിവരുായിരുന്നു.