കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു
ചെന്നൈ: സിപിഎം മുന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ രാത്രി 8 മണിക്ക് ആയിരുന്നു അന്ത്യം. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ മൂന്ന് പതിറ്റാണ്ടായി സിപിഎം സംസ്ഥാന നേതൃനിരയിൽ ഉണ്ടായിരുന്നു. 3 തവണ സി.പി.എം സംസ്ഥാന സെക്രട്ടറിയായി. 5 തവണ തലശ്ശേരി എംഎൽഎയായിരുന്നു.
മൃതദേഹം എയർ ആംബുലൻസിൽ നാളെ ഉച്ചയോടെ തലശ്ശേരിയിൽ എത്തിക്കും. മുഖ്യമന്ത്രി നാളെ തലശേരിയിലെത്തും. അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു. അഞ്ചു തവണ തലശേരി എംഎൽഎ ആയിരുന്നു മുൻ മന്ത്രി കൂടിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച മൂന്നു മണിക്ക്.എകെജി സെന്ററിൽ പതാക പാതി താഴ്ത്തിക്കെട്ടി.നാളെ മൂന്നു മണി മുതൽ തലശേരി ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.
കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും സമവായ ശ്രമക്കാരനുമായിരുന്നു കോടിയേരി. വിദ്യാർഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ. കണ്ണൂരിൽ നിന്നും യാത്ര തുടങ്ങിയാൽ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ 3 പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാൽ കോടിയേരി തന്നെ ആയിരുന്നു. കണ്ണൂരിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിൽ എത്തുന്നതിലും, ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും കോടിയേരി പിണറായിയുടെ തുടർച്ചയായി.
ഈ വർഷം കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹത്തെ തുടർച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. തലശേരിയിൽനിന്ന് അഞ്ചു തവണ (1982, 1987, 2001, 2006, 2011) നിയമസഭാംഗമായിട്ടുണ്ട്. അർബുദ രോഗബാധയെത്തുടർന്ന് 2019 ഒക്ടോബറിൽ യുഎസിൽ ചികിത്സ തേടിയ അദ്ദേഹം ഈ വർഷം ഏപ്രിൽ 30ന് യുഎസിൽത്തന്നെ തുടർചികിത്സയ്ക്കു പോയിരുന്നു. മേയ് 17 ന് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തുംവരെ സംസ്ഥാന സെന്ററാണ് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
2020 ൽ ആരോഗ്യകാരണങ്ങളാൽ അവധി വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സംസ്ഥാന സെകട്ടേറിയറ്റ് അംഗീകരിച്ചതോടെ ഇടക്കാലത്ത് ഒരു വർഷം സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി ഒഴിഞ്ഞു. നിലവിലെ പിബി അംഗം എ.വിജയരാഘവനായിരുന്നു അന്ന് പകരം ചുമതല.
എട്ടാംക്ലാസ് മുതൽ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു.19 വയസ്, ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖർക്കൊപ്പമുള്ള ജയിൽക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണൻ വളർന്നു. 1982 ൽ തലശേരി എംഎൽഎ. തോൽവിയറിയാതെ പിന്നെയും 4 തവണ നിയമസഭയിലേക്ക്. 90ൽ ഇ.പി ജയരാജനെ മറികടന്ന് ജില്ലാ സെക്രട്ടറിയായി. അന്ന് മുതൽ ഇങ്ങോട്ട് കോടിയേരി പാർട്ടിക്ക് പിന്നിൽ പോയിട്ടില്ല.
രാഷ്ട്രീയചൂരിൽ ത്രസിക്കുന്ന കണ്ണൂർ തട്ടകത്തിൽനിന്നാണ് നാടിൻ്റെ പേരു തന്നെ സ്വന്തം പേരിനു പകരം വയ്ക്കാവുന്ന തലത്തിലേക്ക് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന രാഷ്ട്രീയത്തിൽ വളർന്നത്. സ്കൂൾ പഠനകാലത്തുതന്നെ രാഷ്ട്രീയപ്രവർത്തനത്തിൽ കോടിയേരി ബാലകൃഷ്ണൻ സജീവമായി. ഒണിയൻ ഗവൺമെന്റ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരിക്കെ ഇന്നത്തെ എസ്എഫ്ഐയുടെ ആദ്യരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് സ്കൂളിൽ ആരംഭിച്ച് അതിന്റെ സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കം.
രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് പത്താം ക്ലാസിനുശേഷം വീട്ടുകാർ തുടർന്നു പഠിക്കാൻ അയയ്ക്കാതെ ചെന്നൈയിലേക്കയച്ചു. അവിടെ ചിട്ടിക്കമ്പനിയിൽ രണ്ടു മാസം ജോലി ചെയ്തു. തിരിച്ചെത്തിയശേഷം മാഹി മഹാത്മാഗാന്ധി കോളജിൽ പ്രീഡിഗ്രിക്കു ചേർന്നു. 1970 ല് കമ്യൂണിസ്റ്റ് പാര്ട്ടിയില് അംഗമായി. 1970 ൽ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. ഇക്കാലയളവിൽ മാഹി മഹാത്മാഗാന്ധി കോളജ് യൂണിയൻ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. 1970 ൽ തിരുവനന്തപുരത്ത് എസ്എഫ്ഐയുടെ രൂപീകരണ സമ്മേളനത്തിലും പങ്കെടുത്തു. 1973 ൽ കോടിയേരി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. അതേവർഷം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1979 വരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തുടർന്നു.
കണ്ണൂർ കല്ലറ തലായി എൽപി സ്കൂൾ അധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബർ 16 നാണ് ജനനം. കോടിയേരിയിലെ ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. മാഹി മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽനിന്ന് പ്രീഡിഗ്രിയും ബിരുദപഠനവും പൂർത്തിയാക്കി.
സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എം.വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റർ ജീവനക്കാരിയും ആയ എസ്.ആർ. വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ. അഖില, റിനീറ്റ.