ചക്രവാതച്ചുഴി; 12 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; 5 ദിവസം വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി മുതല്‍ വടക്കന്‍ കേരളം വരെ ഒരു ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാദ്ധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തു മറ്റൊരു ചക്രവാത ചുഴി നിലനില്‍ക്കുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ വ്യക്തമാക്കി. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ (അതിശക്തമഴ) ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. മലയോരമേഖലകളില്‍ അടക്കം അതീവജാഗ്രത വേണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.