മഴ മുന്നറിയിപ്പില്‍ മാറ്റം: മഴ തീവ്രമാകും: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ഡാമുകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. 3 ദിവസം വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇന്ന് തീവ്രമഴ കണക്കിലെടുത്ത് 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകൾ
നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത
വെള്ളിയാഴ്ച: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എരണാകുളം, ഇടുക്കി, കാസര്‍കോട്
ശനിയാഴ്ച: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എരണാകുളം, ഇടുക്കി, പാലക്കാട് മലപ്പുറം
9 ഡാമുകളിൽ റെഡ് അലർട്ട്
കനത്ത മഴയുടെ സാഹചര്യത്തിൽ 9 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടമലയാർ, കാക്കി, ബാണാസുരസാഗർ, ഷോളയാർ, പൊൻമുടി, കുണ്ടള, ലോവർ പെരിയാർ, കല്ലാർകുട്ടി, മുഴയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിടരിക്കുന്നത്.
കൊച്ചിയിലെ പ്രധാനപാതകളും ഇടറോഡുകളിമെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കൊച്ചി നഗരത്തിലും പുത്തന്‍കുരിശില്‍ ദേശീയപാതയിലും വെള്ളം കയറി. കലൂര്‍, തമ്മനം ഭാഗത്തും ഇടറോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
പലയിടങ്ങളിലും പ്രധാന റോഡുകളിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വൈറ്റില,ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഗതാഗതകുരുക്ക്. രാവിലെ ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും ഇറങ്ങിയ ആളുകളെല്ലാം വഴിയില്‍ കുടുങ്ങി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സ്ഥിതിയാണ്.