ചാലക്കുടി പിള്ളപാറയിൽ ഒഴുക്കിൽപ്പെട്ട ആന രക്ഷപ്പെട്ടു; മണിക്കൂറുകൾ നീണ്ട സ്വയം പരിശ്രമത്തിനുശേഷം കരകയറി
ചാലക്കുടി: മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കാട്ടാന മണിക്കൂറുകൾ നീണ്ട സ്വയം പരിശ്രമത്തിനുശേഷം കരകയറി. ചാലക്കുടി പിള്ളപാറയിൽ കുടുങ്ങിയ കാട്ടാനയാണ് അതിശക്തമായ മലവെള്ളപ്പാച്ചിലിനെ അതിജീവിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരകയറിയത് .
ഇന്ന് രാവിലെയാണ് കാടിറങ്ങിയ കാട്ടാന ഒഴുക്കിൽപ്പെട്ടത് നാട്ടുകാർ കാണുന്നത്. പിള്ളപ്പാറയിലെ എണ്ണപ്പനത്തോട്ടത്തിലേക്കും സമീപത്തെ കൃഷിയിടത്തിലേക്കും ഫലങ്ങൾ തിന്നാനെത്തിയ കാട്ടാന തിരിച്ചുപോകുന്പോൾ ഇന്നലെ അർധരാത്രിയോടെയോ ഇന്ന് പുലർച്ചെയോ ആയിരിക്കും മലവെള്ളപ്പാച്ചിലിൽപെട്ടതെന്ന് സംശയിക്കുന്നു.
രാവിലെ ആറോടെ നാട്ടുകാരാണ് ഒഴുക്കിൽപ്പെട്ട ആനയെ കാണുന്നത്. കനത്ത മഴയിൽ പുഴയില് കനത്ത ഒഴുക്കായിരുന്നു ഉണ്ടായിരുന്നത്. പുഴയിൽ ഉണ്ടായിരുന്ന ചെറിയ പച്ചത്തുരുത്ത് മാത്രമായിരുന്നു ആനയുടെ പിടിവള്ളി.
ഒഴുക്കിൽപ്പെട്ട് വീഴാതിരിക്കാനും ഒഴുകി പോകാതിരിക്കാനും ആന പരിശ്രമിച്ചുകൊണ്ടിരുന്നു. പുഴയുടെ മധ്യ ഭാഗത്ത് ഒരു തുരുത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരുന്നത്.
പിന്നീട് അവിടെ നിന്ന് നീന്തി കുറേക്കൂടി ഉയർന്ന തുരുത്തിൽ എത്തിച്ചേർന്നു.കനത്ത മഴയിൽ പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവുകൾ തുറന്നതു കൊണ്ട് പുഴയിലെ നീരൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നു.
ആന തനിയെ നീന്തി രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തിയതാണ് അവസാനം ഫലം കണ്ടത് .പാറകളിലും മറ്റും തട്ടി ആനയ്ക്ക് പരിക്കേറ്റിയിട്ടുണ്ട്.
കാട്ടാന മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയത് അറിഞ്ഞ് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തിയിരുന്നു.മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കാട്ടാനയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു