ഐഎസ്എല്‍ ;കൊച്ചി ഒരുങ്ങി,ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം
കൊച്ചി:ഐഎസ്എല്ലില്‍ ഞായറാഴ്ച്ച അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ മത്സരത്തിനായുള്ള ഒരുക്കങ്ങള്കൊച്ചിയില് പൂര്‍ത്തിയായി. ഫുട്ബോള്‍ പ്രേമികള്‍ കാത്തിരുന്ന ഐഎസ്എല്‍ ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം.ഇരു ടീമുകളും ഇന്ന് അവസാനവട്ട പരിശീനം നടത്തുന്നുണ്ട്. കോച്ചുമാരും തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. ഇന്ന് വൈകുന്നേരം ഇവര്‍ മാധ്യമങ്ങളെ കാണും.
ഫൈനല്‍ മത്സരം കാണുന്നതിനായി ക്രിക്കറ്റ് ഇതിഹാസവും ,ബ്ലാസ്റ്റേഴ്സ് ഉടമയുമായ സച്ചിന് ടെ ന്ഡുല്ക്കറും, കൊല്‍ക്കത്ത ടീം ഉടമയായ സൗരവ് ഗാംഗുലിയും ഉള്‍പ്പെടെയുള്ള വിഐപികള്‍ എത്തുന്നതിനാല്‍ കര്‍ശന സുരക്ഷയും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. കളികണാന്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ ഭാര്യ അഞ്ജലിയും,ബ്ലാസ്റ്റേഴ്സ് ഉടമകളിലൊരാളായ നിത അംബാനിയും എത്തും. അതേസമയം വിഐപികള്‍ എത്തുന്നതിനാല്‍ സ്റ്റേഡിയത്തില്‍ പൊലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റേഡിയത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സെമിഫൈനൽ മത്സരത്തിലേതു പോലെ തന്നെ ഫൈനൽ മത്സരങ്ങൾക്കും വൈകിട്ട് 3.30 മുതൽ പ്രവേശനം അനുവദിക്കും. ആറു മണിക്ക് അവസാനിപ്പിക്കും. അകത്തു കയറിയാൽ പുറത്തിറങ്ങാൻ അനുവദിക്കില്ല. ബാഗുകൾ, ഹെൽമറ്റ്, വെള്ളക്കുപ്പികൾ, വലിയ ഡ്രമ്മുകൾ, പുകയില ഉൽപ്പന്നങ്ങൾ, പടക്കം, തീപ്പെട്ടി തുടങ്ങിയ ഒന്നും സ്റ്റേഡിയത്തിലേക്കു കടത്താൻ അനുവദിക്കില്ല. മൂന്നു വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ടിക്കറ്റ് വേണം. 18 വയസിനു താഴെയുള്ള കുട്ടിക്കൊപ്പം ടിക്കറ്റുള്ള ഒരു രക്ഷിതാവ് ഉണ്ടായിരിക്കണം. സ്റ്റേഡിയത്തിനുള്ളിൽ സൗജന്യമായി ശുദ്ധജലം നൽകാൻ 48 വാട്ടർ സ്റ്റേഷനുകൾ സ്ഥാപിക്കും
അതേസമയം ഫൈനലിനുള്ള ടിക്കറ്റ് വില്‍പ്പന ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. ആയിരക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ക്ക് ടിക്കറ്റ് ലഭിച്ചിട്ടുമില്ല. മറ്റ് ജില്ലയില്‍ നിന്നുള്ളവര്‍ ഇന്ന് തന്നെ ഫൈനല്‍ കാണാനായി കൊച്ചിയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.ഇതിനിടെ ഫൈനലിനുള്ള ടിക്കറ്റുകള്‍ ലഭിക്കാതെ ഫുട്ബോള്‍ പ്രേമികള്‍ അലയുമ്പേള് വ്യാജസൈറ്റുകള് വഴി ടിക്കറ്റുകള്‍ കരിഞ്ചന്തകളിലും വില്‍ക്കപ്പെടുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.