മലയോരമേഖലകളില്‍ കനത്തമഴ : ഇടുക്കി മൂലമറ്റത്ത് ഉരുള്‍പൊട്ടല്‍; വീടുകളില്‍ വെള്ളം കയറുന്നു
തൊടുപുഴ: ഇടുക്കി മൂലമറ്റം കണ്ണിക്കല്‍ മലയില്‍ ഉരുള്‍പൊട്ടൽ. മണപ്പാടി, കച്ചിറമറ്റം പാലങ്ങള്‍ വെള്ളത്തിനടിയിലായി. മൂന്നുങ്കവയല്‍, മണപ്പാടി എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. എന്നാൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
മലയോരമേഖലകളില്‍ കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. പൊന്മുടി, കല്ലാര്‍, മക്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രവേശനമാണ് നിരോധിച്ചത്.
അതേസമയം സംസ്ഥാനത്ത് നാളെ 7 ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത 5 സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴസ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച എട്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴസ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച 12 ജില്ലകളിലും വ്യാഴാഴ്ച 14 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ-തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് ശക്തമായ മഴയ്ക്ക് കാരണം.