ബാങ്ക് മാനേജരെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.
ബാങ്ക് മാനേജരെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.
തൊടുപുഴ: യൂണിയന് ബാങ്ക് തൊടുപുഴ ശാഖാ മാനേജരായിരുന്ന പേഴ്സി ജോസഫ് ഡസ്മണ്ടിന് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം ഏറ്റ സംഭവത്തില്‍ ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ഹൈക്കോടതി അഭിഭാഷകന് സി എ ടോമി ചെറുവള്ളി മുഖേന അയച്ചിരിക്കുന്ന നോട്ടീസില്‍ പതിനെട്ട് പേരാണ് കക്ഷികളായുള്ളത്. 2011 ജൂലൈ 26ന് തൊടുപുഴ പോലീസ് സ്റ്റേഷനിലാണ് നോട്ടീസിനാസ്പദമായ സംഭവം നടന്നത്. വനിതാ പോലീസ് ഉദ്യോഗസ്ഥരെ അപമാനിച്ചു എന്ന പേരില്‍ ബാങ്ക് മാനേജരെ അന്നത്തെ ഡി വൈ എസ് പി ആര് നിശാന്തിനി സ്റ്റേഷനില്‍ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കൂടാതെ പത്ര -ദൃശ്യ മാധ്യമങ്ങളില്‍ പീഡനം ബാങ്ക് മാനേജര്‍ അറസ്റ്റില്‍ എന്ന വാര്‍ത്തയും പോലീസ് പ്രചരിപ്പിച്ചിരിന്നു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണായിരുന്ന ഷീജാ ജയന് ഇപ്പോഴത്തെ തൃശൂര്‍ പോലീസ് ചീഫ് ആര് നിശാന്തിനി, വനിതാ പോലീസ് ഉദ്യോഗസ്ഥരായ പ്രമീള, ബിജു, യമുന, അന്നത്തെ ജില്ലാ പോലീസ് ചീഫ് ജോര്‍ജ് വര്‍ഗ്ഗീസ്, പോലീസ് ഉദ്യോഗസ്ഥരായ കെ വി മുരളീധരന് നായര്‍, ക്ലീറ്റസ് ജോസഫ്, സി എ അബ്ദുള്‍ കരീം, താലൂക്കാശുപത്രിയിലെ ഡോ. പി എന്‍ അജി,ഇന്റലിജന്‍സ് എ ഡി ജി പി ആര് ശ്രീലേഖ, റിട്ട. പോലീസ് ഉദ്യോഗസ്ഥന് കെ ഐ മുഹമ്മദ്, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന് പീറ്റര്‍, റിട്ട. റവന്യു ഉദ്യോഗസ്ഥ നിവേദിത പി ഹരന്, ഡി വൈ എസ് പി എസ് റ്റി സുരേഷ് കുമാര്‍, സംസ്ഥാന പോലീസ് ഐ ജി, ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പടെ 18 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന്റെ പ്രസക്ത ഭാഗം ഇങ്ങനെ. ഒന്നാം കക്ഷി ഷീജാ ജയന് തൊടുപുഴയിലുള്ള ശക്തി ടയേഴ്സിന്റെ വായ്പ കുടിശിഖ പുതുക്കി കൂടുതല്‍ തുക നല്‍കണമെന്ന് ബാങ്ക് മാനേജരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മാനേജര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ക്ഷുഭിതയാകുകയും ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ആര് നിശാന്തിനി തൊടുപുഴയില്‍ ഡി വൈ എസ് പിയായി ചുമതലയേറ്റപ്പോള്‍ മുതല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആയ ഷീജ ജയനുമായി സുഹൃത്ത് ബന്ധത്തിലായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും ഗൂഡാലോചന നടത്തി. ബാങ്ക് മാനേജരെ കള്ളക്കേസില്‍ കുടുക്കുവാന്‍ ഗൂഡാലോചന നടത്തി. വനിതാ പോലീസ് ഉദ്യോഗസ്ഥരായ പ്രമീള, ബിജു, യമുന എന്നിവരുമായി ഗൂഡാലോചന നടത്തി ബാങ്ക് മാനേജര്‍ക്ക് സ്വഭാവ ദൂഷ്യം ഉണ്ടെന്ന് വരുത്തി തീര്‍ക്കുവാനും ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ അല്ലാ എന്ന പേരില്‍ വാഹന വായ്പ എടുക്കാനെന്ന വ്യാജേന യൂണിയന് ബാങ്കിലെത്തി മാനേജരെ വശീകരിക്കാനും ശ്രമം നടത്തി. ഇത് പരാജയപ്പെട്ടപ്പോള്‍ മാനേജരെ ഡി വൈ എസ് പിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പ്രമീളയെ അപമാനിച്ചെന്നും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് ക്രൂരമായി ദേഹോപദ്രവം ഏല്പിച്ചു. മാപ്പ് എഴുതി നല്കിയാല് കേസില്‍ നിന്ന് ഒഴിവാക്കാം എന്ന് പറയുകയും ചെയ്തു. ആര് നിശാന്തിനി ക്രൂരമായി മര്‍ദ്ദിക്കുകയും മാപ്പ് എഴുതി നല്കുവാന് വിസമ്മതിച്ചതിന് പോലീസ് ഡ്രൈവര്‍ റ്റി എം സുനില്‍, സി പി ഒ മാരായ ഷാജി, നൂര്‍സമീര്‍, പേരറിയാന്‍ പാടില്ലാത്ത ഒരു പോലീസുകാരനും കൂടി എ എസ് പി ഓഫീസില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തിനിടെ നിലവിളിച്ചു കൊണ്ട് പോലീസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ മാനേജരെ വീണ്ടും ഉപദ്രവിക്കുകയായിരുന്നു. മാനേജരുടെ നിസഹായവസ്ഥ കണ്ട് പ്രമീളയും യമുനയും ആനന്ദിക്കുകയും ചിരിക്കുകയും ചെയ്തിട്ടുള്ളതാണ്. ആര് നിശാന്തിനിയുടെ ഇംഗിതത്തിന് വഴങ്ങി മാപ്പ് എഴുതി കൊടുക്കാത്തതിനാല്‍ ആറാം കക്ഷി ജോര്‍ജ് വര്‍ഗ്ഗീസ്, എട്ടാം കക്ഷി ക്ലീറ്റസ് ജോസഫ്, പതിനൊന്നാം കക്ഷി ആര് ശ്രീലേഖ എന്നിവര്‍ ഗൂഡാലോചന നടത്തി ഏഴാംകക്ഷി മുരളീധരന് നായരെ കൊണ്ട് ജീ ഡി എടുപ്പിച്ചും മൂന്നാം കക്ഷി പ്രമീളയെ കൊണ്ട് മൊഴി കൊടുപ്പിച്ചും തന്റെ കക്ഷിക്കെതിരായി വാസ്തവ വിരുദ്ധമായി ക്രൈം നമ്പര്‍ 1074/2011 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. കള്ളക്കേസ് ഉണ്ടാക്കിയതറിഞ്ഞ് മാനേജറുടെ സഹ പ്രവര്‍ത്തകര്‍ ജാമ്യം എടുക്കാനായി ഏഴാം കക്ഷി കെ വി മുരളീധരന് നായര്‍, ഒമ്പതാം കക്ഷി സി എ അബ്ദുള്‍ കരീം, എന്നിവരെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരായ ആര് നിശാന്തിനി , ജോര്‍ജ് വര്‍ഗ്ഗീസ്, ക്ലീറ്റസ് ജോസഫ് എന്നിവരെ ബാങ്ക് എം പ്ലോയീസ് യൂണിയന്റെ പ്രവര്‍ത്തകരും അഭിഭാഷകരും ബന്ധപ്പെട്ടെങ്കിലും ജാമ്യം നല്‍കിയില്ല തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു വരുത്തി മാനേജര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപമാനകരമായ വ്യാജ വാര്‍ത്തകള്‍ നല്‍കുകയായിരുന്നു. പത്താം കക്ഷി ഡോ. പി എന്‍ അജി പോലീസ് കസ്റ്റഡിയിലിരിക്കേ പരിശോധിച്ചുവെങ്കിലും മാനേജരോട് സംസാരിക്കുക പോലും ചെയ്യാതെ എ എസ് പി ആര് നിശാന്തിനിയുടെ നിര്‍ദേശ പ്രകാരം യാതൊരു പരിക്കുകളും രേഖപ്പെടുത്താതെ വേദന സംഹാരി മാത്രം കുത്തിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന വിഭാഗങ്ങളെ കൊണ്ട് മാനേജര്‍ക്കെതിരെ പോലീസ് സ്റ്റേഷന് മാര്‍ച്ചും നടത്തിയിരുന്നു. ബാങ്ക് ജീവനക്കാരുടെയും മറ്റും അന്വേഷണത്തെ തുടര്‍ന്ന് മറ്റ് മാര്‍ഗ്ഗമില്ലാതെ പോലീസ് ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തി തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയായിരുന്നു. മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ മാനേജര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ആശുപത്രിയില്‍ നല്കിയ മൊഴി തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം അസല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാത്തതും കണ്ടെത്തുകയും ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്ക് നോട്ടീസ് അയച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ല. ഇതിനിടെ തെളിവുകള്‍ നശിപ്പിക്കുവാന്‍ ജില്ലാ പോലീസ് ചീഫായ ജോര്‍ജ് വര്‍ഗ്ഗീസ് യൂണിയന് ബാങ്ക് ശാഖയില്‍ ചെന്ന് സി സി ടിവി ദൃശ്യങ്ങള്‍ കാണുകയും ഡിസ്ക് വാങ്ങുകയും ചെയ്തിട്ടുള്ളതാണ്. പിന്നീട് ഉന്നത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ സ്വീകരിക്കുവാന്‍ ഉണ്ടായ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ സാജന് പീറ്റര്‍ ഉത്തരവിട്ടിരുന്നു. പിന്നീട് സാജന് പീറ്റര്‍ സസ്പെന്ഷന് നടപടികളും വകുപ്പ്തല നടപടികളും മരവിപ്പിക്കുകയായിരുന്നു. പിന്നീട് മൂന്നാം കക്ഷി പ്രമീള മനുഷ്യാവകാശ കമ്മീഷനില്‍ പരാതി കൊടുക്കുകയും മാനേജര്‍ തര്‍ക്കം കൊടുക്കുകയും കൂടാതെ ഒരു പരാതിയും നല്കിയിട്ടുള്ളതാണ്. ഇരു ഭാഗത്തെയും പരാതികള്‍ വേണ്ട വിധം അന്വേഷിക്കുവാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ല. അന്നത്തെ ഡി ജി പിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്റേണല്‍ ഇന്‍വസ്റ്റിഗേഷന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു. അതനുസരിച്ച് അന്നത്തെ എറണാകുളം സെക്യൂരിറ്റി ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ പോലീസ് സൂപ്രണ്ട് എ വി ജോര്‍ജ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അത് മാനേജര്‍ക്ക് അനുകൂലമാണെന്ന് മനസ്സിലാക്കിയ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തി മുക്കുകയായിരുന്നു. രണ്ട് മുതല്‍ 15 വരെ കക്ഷികള്‍ കേരള സര്‍ക്കാരിന്റെ ജീവനക്കാരായതു കൊണ്ട് അവര്‍ ചെയ്ത കുറ്റത്തിന് അവര്‍ ഓരോരുത്തരും ഒറ്റക്കും കൂട്ടായും ഉത്തരവാദികളാണ്. മാനേജര്‍ക്കെതിരെ നല്കിയ കേസില്‍ പുനരന്വേഷണം നടത്തുവാന്‍ അനുവാദം വാങ്ങി 15-ാം കക്ഷി സുരേഷ് കുമാര്‍ മാനേജരെ ക്രൂശിക്കുവാനും മറ്റ് കക്ഷികളെ രക്ഷിക്കുവാനും ചാര്‍ജ് ഷീറ്റ് കൊടുത്തുവെങ്കിലും മാനേജരെ വെറുതേ വിട്ടു കൊണ്ടുള്ള വിധിയില്‍ ഇക്കാര്യം കോടതി കണ്ടെത്തിയിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ തന്റെ കക്ഷിയെ മനപൂര്‍വ്വം ആക്ഷേപിക്കുവാനും ഉപദ്രവിക്കുവാനും ശാരീരികമായും മാനസികമായും പീഡിപ്പിക്കുവാനും ഗൂഡാലോചന നടത്തിയ സാഹചര്യത്തില്‍ കക്ഷികള്‍ എല്ലാവരും ഒറ്റക്കൊറ്റക്കും കൂട്ടായും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് അഡ്വ. ടോമി ചെറുവള്ളി മുഖേന നല്‍കിയിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
അഡ്വ. ടോമി ചെറുവള്ളിയുടെ ഫോണ്‍: 9446863973