ഇതേ കേസില്‍ ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ് നേരത്തേ അറസ്റ്റിലായിരുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാംസണ് ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ആന്റ് ഡെവലപ്പേഴ്സിന്റെ പേരിലായിരുന്നു തട്ടിപ്പ് നടന്നത്. മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളിലായി തട്ടിപ്പിനിരയായ എണ്‍പതിലേറെപ്പേര്‍ പരാതിയുമായെത്തിയിരുന്നു. കേസ് പിന്നീട് പൊലീസ് ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗത്തിന് കൈമാറുകയായിരുന്നു.
2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന പേരില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിന്റെ പേരില്‍ പലരില്‍ നിന്നായി 40 ലക്ഷം മുതല്‍ ഒരു കോടി വരെ വാങ്ങി. പണി പൂര്‍ത്തിയാക്കി ഡിസംബറില്‍ ഫ്ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് മനസിലാക്കിയ നിക്ഷേപകര്‍ പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. ഭര്‍തൃപിതാവിന്റെ കമ്പനിയില്‍ ഫ്ളാറ്റുകളുടെ സെയില്‍സ് വിഭാഗത്തിലായിരുന്നു ധന്യ മേരി വര്‍ഗീസ് ജോലി ചെയ്തിരുന്നത്. ധന്യയും തട്ടിപ്പില്‍ പങ്കാളിയായെന്നും ചലച്ചിത്രതാരം എന്ന പ്രതിച്ഛായ അവര്‍ ഇതിനായി ഉപയോഗിച്ചെന്നും പരാതിക്കാര്‍ ആരോപിച്ചു.