ശ്രീനിവാസനെ കൊലപ്പെടുത്തിയത് ഒറ്റരാത്രിയിലെ പദ്ധതിയിൽ; ലിസ്റ്റിൽ ഉള്ളവർക്കായി എസ്ഡിപിഐ സംഘം മൂന്നിടങ്ങളിൽ തെരച്ചിൽ നടത്തി
പാലക്കാട് :ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ പട്ടാപ്പകൽ കൊലപ്പെടുത്തിയത് ഒറ്റരാത്രിയിലെ ആസൂത്രണത്തിൽ. എസ്ഡിപിഐ ആക്രമണങ്ങളുടെ പതിവ് രീതിയാണ് ഈ കൊലപാതകത്തിനും പിന്തുടർന്നത്. വിഷുദിവസം കൊല്ലപ്പെട്ട സുബൈറിന്റെ മൃതദേഹം സൂക്ഷിച്ച മോർച്ചറിക്ക് പിറകിലെ മൈതാനത്തോടുചേർന്നാണ് മറുകൊല ചെയ്യാൻ അക്രമിസംഘം പദ്ധതിയിട്ടത്. കൊല്ലേണ്ടവരുടെ ലിസ്റ്റ് പരിശോധിച്ച് എളുപ്പം എത്തിപ്പെടാനും രക്ഷപ്പെടാനുമുള്ള സ്ഥലം കണ്ടെത്തി. ഇതിനായി അഗ്നിരക്ഷാ ഉദ്യോഗസ്ഥനായ എസ്ഡിപിഐ അനുഭാവിയുടെ സഹായമുണ്ടായി.
രക്ഷപ്പെടാനും ആയുധങ്ങളെത്തിക്കാനും ആളുകളെ തയ്യാറാക്കി. 16ന് പകൽ കൊലപ്പെടുത്തിയ ആറംഗസംഘത്തിനു പുറമെ വിവിധ വാഹനങ്ങളിൽ കുറച്ചുപേരെ സ്ഥലം നിരീക്ഷിക്കാനും പൊലീസിന്റെ സാന്നിധ്യം അറിയിക്കാനുമായി വിട്ടു. പ്രശ്നങ്ങളില്ലെന്ന് വിവരം ലഭിച്ചശേഷമാണ് മൂന്ന് ബൈക്കിലായി അഞ്ചുപേർ ശ്രീനിവാസന്റെ സ്ഥാപനത്തിലെത്തിയത്. സംഭവശേഷം നേരത്തേയുണ്ടായിരുന്നവർ ഉൾപ്പെടെ മുഴുവനാളുകളും രക്ഷപ്പെട്ടു. കുറച്ചുപേർ സുബൈറിന്റെ പോസ്റ്റുമോർട്ടം നടക്കുന്ന ജില്ലാ ആശുപത്രിയിലെത്തി. പാലക്കാട് നഗരത്തിനുപുറമെ തൃത്താല, ഒറ്റപ്പാലം, കല്ലേക്കാട് എന്നിവിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് അക്രമിസംഘം ലിസ്റ്റിലുള്ളവർക്കായി തെരച്ചിൽ നടത്തി. അവരെ കിട്ടാതായപ്പോഴാണ് ലിസ്റ്റിലെ അവസാനക്കാരനായ ശ്രീനിവാസനിലേക്കെത്തിയത്.
അറസ്റ്റിലായത് 25പേർ
ശ്രീനിവാസനെ വധിച്ച കേസിൽ നേരിട്ട് പങ്കെടുത്തവരും സഹായിച്ചവരും ഗൂഢാലോചനയിലുമായി 26 പ്രതികളിൽ 25പേരെ അന്വേഷകസംഘം ഒന്നരമാസത്തിനകം പിടികൂടി. പോപുലർ ഫ്രണ്ട് പ്രവർത്തകരായ കൽപ്പാത്തി ശങ്കുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ(22), റിയാസ്(35), മുഹമ്മദ് റിസ്വാൻ (20), അബ്ദുൾറഹ്മാൻ (20), ശങ്കുവാരമേട് സ്വദേശികളായ അക്ബർ അലി(25), അബ്ബാസ് (32), മുണ്ടൂർ പൂതനൂർ സ്വദേശികളായ നിഷാദ്(38), അബ്ദുൾ കാദർ (34), പുതുപ്പരിയാരം താഴെമുരളി ഷഹദ്(22), പള്ളി ഇമാം കാഞ്ഞിരപ്പുഴ സ്വദേശി സദ്ദാംഹുസൈൻ (30), കാവിൽപ്പാട് സ്വദേശികളായ അഷറഫ് (21), ഫിറോസ് (33), കൽപ്പാത്തി കുന്നുംപുറം അസ്വാക്ക് (23), നൂറണി ചാടനാംകുറുശി പോപുലർ ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി ഫയാസ്(28), പള്ളിത്തെരുവ് അബ്ദുൾ ബാസിദ് അലി (27), പറക്കുന്നം റിഷിൽ(25), പട്ടാമ്പി ഓങ്ങല്ലൂർ ഉമ്മർ, മരുതൂർ സ്വദേശികളായ അബ്ദുൾ നാസർ(40), കാജാ ഹുസൈൻ(33), അഷ്റഫ് മൗലവി (48), കൊടലൂർ ഹനീഫ(28), വാടാനാംകുറുശി സ്വദേശി ഷജിത് (25), അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ കൊടുവായൂർ സ്വദേശി ജിഷാദ് (31), പട്ടാമ്പി കീഴായൂർ നസീർ (46), കെ അലി (55)എന്നിവരാണ് അറസ്റ്റിലായത്.