ശക്തമായ മഴ; എറണാകുളം മണികണ്ഠൻചാൽ പാലം മുങ്ങി; ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്നു
എറണാകുളം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും രാവിലെ മുതൽ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് എറണാകുളം പൂയംകുട്ടിയിലെ മണികണ്ഠൻചാൽ പാലം മുങ്ങി. 4 ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠൻ ചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമായ ഈ പാലം മുങ്ങിയതോടെ ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.
പാലം മുങ്ങിയാൽ അത്യാവശ്യക്കാർക്ക് മറുകരയെത്താൻ പഞ്ചായത്തിന്റെ ഒരു വള്ളമുണ്ടായിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ ചെയ്യാത്തത് കൊണ്ട് ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലാണ്. ഇരുകരകളിലായി കുടുങ്ങിപ്പോയവർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ പാലത്തിലെ വെള്ളമിറങ്ങാൻ കാത്തിരിക്കേണ്ട അവസ്ഥയാണ്.
കനത്തമഴയെ തുടര്‍ന്ന് ഇടുക്കി മുരിക്കാശേരിക്ക് സമീപം മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ചോട്ടുപുറത്ത് എല്‍സമ്മയുടെ വീടാണ് ഇടിഞ്ഞത്. വീട്ടുകാര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം, സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ജൂലൈ 5 ,6 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പതിവിലും 6 ദിവസം മുമ്പെയാണ് ഇക്കുറി കാലവർഷം രാജ്യമാകെ വ്യാപിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.