കടക്കെണി ആശങ്കകൾ ഗൗരവമായി കാണണം
കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളുടെ കടക്കെണി അപകടകരമായ വിധത്തിലാണെന്നാണ് റിസർവ് ബാങ്ക് നിയോഗിച്ച വിദഗ്ധർ തയാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അതിനർഥം കടം വന്നുകയറി പ്രതിസന്ധിയിൽ അകപ്പെട്ട ശ്രീലങ്കയുടെ അവസ്ഥ കേരളത്തിനു വന്നു ചേരാതിരിക്കാൻ അനാവശ്യ ചെലവുകൾ തടയാനും വായ്പാബാധ്യതകൾ നിയന്ത്രിക്കാനും സംസ്ഥാന സർക്കാർ തയാറാവണം എന്നാണു താനും. സർക്കാർ സർവീസിൽ തന്നെ അനിവാര്യമായ ചെലവുകൾക്കപ്പുറം ധൂർത്തെന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന എന്തൊക്കെ നടക്കുന്നുണ്ടെന്ന് സൂക്ഷ്മമായി വിശകലനം ചെയ്തു മുന്നോട്ടുപോകേണ്ട ഘട്ടമാണിത്. അതല്ലാതെ പ്രതിസന്ധിക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി മുന്നോട്ടുപോകുന്നതിൽ അർഥമില്ല.
കേന്ദ്രം സഹായിക്കാത്തതു മാത്രമാണു പ്രശ്നമെന്നു സംസ്ഥാനവും ഇവിടുത്തെ ധനകാര്യ മാനെജ്മെന്റിന്റെ പ്രശ്നമാണെന്നു കേന്ദ്രവും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവാനേ തരമുള്ളൂ. സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താൻ എങ്ങനെ സഹകരിക്കാമെന്ന് ഇരു സർക്കാരുകളും ആലോചിക്കുക എന്നതാണ് കരണീയം. വിദഗ്ധസംഘം ചൂണ്ടിക്കാണിക്കുന്നതുപോലുള്ള തിരുത്തൽ നടപടികൾക്കു മടിക്കേണ്ടതുമില്ല. കേരളത്തിന്റെ സാമ്പത്തികാരോഗ്യത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്ന സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ന്യായം അംഗീകരിച്ചാലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഗണ്യമായ തോതിലുണ്ട് എന്നതു യാഥാർഥ്യമാണ്. പ്രതിസന്ധി മറ്റു സംസ്ഥാനങ്ങളുടേതു പോലെ മാത്രമാണ് എന്നതാണല്ലോ ധനമന്ത്രി അവകാശപ്പെടുന്നത്. അങ്ങനെയാണെന്നു പറഞ്ഞാൽ പോലും അതിനു പരിഹാരം കാണേണ്ടതാണല്ലോ.
കേരളത്തിനു പുറമേ പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളെയാണ് കടുത്ത പ്രതിസന്ധി നേരിടുന്നവയായി സാമ്പത്തിക വിദഗ്ധരുടെ സംഘം തയാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക അവസ്ഥ ശ്രീലങ്കയിലെ പ്രതിസന്ധി ഓർമിപ്പിക്കുന്നുണ്ടെന്നും റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ദേബബ്രത പാത്രയുടെ മാർഗനിർദേശത്തിൽ തയാറാക്കിയ റിപ്പോർട്ട് പറയുന്നു. കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷമായി മൊത്തം കടത്തിന്റെ വളർച്ച മൊത്തം ആഭ്യന്തര ഉത്പാദന വളർച്ച(ജിഎസ്ഡിപി)യെ മറികടന്നിരിക്കുകയാണ് എന്നാണു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. വളർച്ചയെക്കാൾ വേഗത്തിൽ കടം പെരുകിയാൽ അന്തിമ ഫലം എന്താവുമെന്നു സാധാരണ ബുദ്ധി ഉപയോഗിച്ചു തന്നെ അറിയാവുന്നതാണ്.
വായ്പാ പരിധി നിയന്ത്രിച്ചു നിർത്തണമെന്ന് വിദഗ്ധ സംഘം മുന്നറിയിപ്പു നൽകുമ്പോൾ എടുത്താൽ പൊന്താത്ത ബാധ്യതകൾ ഇപ്പോൾ ഏറ്റെടുക്കണോ എന്നു പലവട്ടം ചിന്തിക്കണം എന്നു കൂടി അതിനർഥമുണ്ട്. നമ്മുടെ പൊതുധനകാര്യ സ്ഥിതി ആശങ്കാജനകമാണെന്ന് വർഷങ്ങൾക്കു മുൻപു തന്നെ പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സർക്കാരുകൾ അത് അവഗണിക്കുന്നത് വർഷം ചെല്ലുന്തോറും പ്രശ്നം കൂടുതൽ വഷളാക്കുന്നുണ്ടോ എന്നു രാഷ്ട്രീയ പരിഗണനകൾ മാറ്റിവച്ചു പരിശോധിക്കേണ്ടതാണ്.
2026-27ഓടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 35 ശതമാനത്തിലേറെ വായ്പാബാധ്യത വരുന്ന സംസ്ഥാനമായി കേരളം മാറുമെന്നാണ് വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് പറയുന്നത്. വായ്പകൾ അത്രയേറെ വരുന്ന മൂന്നു സംസ്ഥാനങ്ങളെ രാജ്യത്തുണ്ടാവൂ എന്നും അവർ വ്യക്തമാക്കുന്നുണ്ട്. രാജസ്ഥാനും പശ്ചിമ ബംഗാളുമാണ് മറ്റു രണ്ടു സംസ്ഥാനങ്ങൾ. ഇങ്ങനെ കടക്കെണിയിൽ രാജ്യത്ത് മുൻപന്തിയിൽ കയറി നിൽക്കേണ്ടിവരുന്നത് വരുമാനത്തിലേറെയും റവന്യൂ ചെലവുകൾക്ക് ഉപയോഗിക്കുന്ന സംസ്ഥാനത്തിന് എങ്ങനെ നല്ലതാവാനാണ്. മൊത്തം വരുമാനത്തിന്റെ 90 ശതമാനത്തിലേറെയാണ് നാം റവന്യൂ ചെലവിനായി ഉപയോഗിക്കുന്നത്. ഭരണപരമായ ആവശ്യങ്ങൾക്കുള്ള ചെലവു കഴിഞ്ഞ് വികസന പദ്ധതികൾക്കു പണം കണ്ടെത്താൻ കഴിയാത്ത സംസ്ഥാനത്ത് വായ്പകളുടെ ഭാരം നാളെ ഭീഷണി ഉയർത്തുക തന്നെ ചെയ്യും. അങ്ങനെയൊരവസ്ഥ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്ക് ഇനി ഒട്ടും അമാന്തം പാടില്ല.
സാമ്പത്തിക അച്ചടക്കത്തിന്റെ പേരിൽ സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതു വളർച്ച ത്വരിതപ്പെടുത്തുന്നതിനെ സഹായിക്കില്ല എന്ന വാദം ധനമന്ത്രി ബാലഗോപാൽ ഉയർത്തുന്നുണ്ട്. കടം വാങ്ങി കെഎസ്ആർടിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ അത് ഇനിയെത്ര കാലം കൂടി നടക്കും എന്ന ചോദ്യത്തിനും ഇതിനൊപ്പം ഉത്തരം കിട്ടേണ്ടതില്ലേ. നിപ്പയും കൊവിഡും രണ്ടു വെള്ളപ്പൊക്കങ്ങളും സൃഷ്ടിച്ച പ്രതിസന്ധികൾ കേരളത്തിനു മുന്നിലുണ്ട് എന്നതു വസ്തുതയാണ്. സാമ്പത്തികമായി സംസ്ഥാനത്തിന് അപ്രതീക്ഷിത ചെലവുകളും വരുമാനത്തിൽ തിരിച്ചടികളും ഇതു മൂലമുണ്ടായി. രാജ്യമൊട്ടുക്കും കൊവിഡിന്റെ ആഘാതത്തിൽ നിന്നു തിരിച്ചുവരാനാണു ശ്രമിക്കുന്നത്. കേന്ദ്രത്തിൽ അടക്കം സ്ഥിതിഗതികൾ മെച്ചമൊന്നുമല്ല. ഇതൊക്കെ അംഗീകരിച്ചാലും വായ്പാഭാരത്താൽ തലപൊക്കാൻ കഴിയാത്ത അവസ്ഥ ഒഴിവാക്കാനുള്ള ശ്രമങ്ങൾ അനിവാര്യം തന്നെയാണ്.