പണം പിൻവലിക്കാനെത്തി ക്യൂവിൽ നിന്ന് കരയുന്ന വിമുക്തഭടന്റെ ചിത്രം നോട്ട് ദുരിതത്തിൽ വലയുന്ന സാധാരണക്കാരന്റെ പ്രതിരൂപമാകുന്നു
ന്യൂഡൽഹി: പണം പിൻവലിക്കാനെത്തി ക്യൂവിൽ നിന്ന് കരയുന്ന വിമുക്തഭടന്റെ ചിത്രം നോട്ട് ദുരിതത്തിൽ വലയുന്ന സാധാരണക്കാരന്റെ പ്രതിരൂപമാകുന്നു. ഗുർഗോണിലെ ഒരു കൊച്ചുമുറിയിൽ തനിയെ കഴിയുന്ന നന്ദലാൽ എന്ന 78 കാരന്റെ ചിത്രമാണ് സാമ്പത്തിക നിയന്ത്രണത്തിന്റെ ഇന്ത്യൻ മുഖമായി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്
ദത്തുപുത്രിയുടെ വിവാഹത്തിനായി വീടുവിറ്റ നന്ദലാൽ ഇപ്പോൾ 100 ചതുരശ്ര അടി മാത്രമുള്ള മുറിയിലാണ് കഴിയുന്നത്. ജീവിതത്തിൽ സ്വന്തമെന്ന് പറയാൻ മറ്റാരുമില്ല. പതിനഞ്ച് വർഷം മുമ്പ് വിവാഹം ചെയ്തയച്ച ദത്തുപുത്രി ഫരീദാബാദിലേക്ക് പോയതിന് ശേഷം തനിച്ചാണ് താമസം. ഗുർഗോൺ സെക്ടർ 6 ലെ ഭീം നഗറിലെ വാടകവീട്ടിലാണ് ഇയാൾ താമസിക്കുന്നത്. ഒരു ചെറിയ കിടക്ക, ഒരു പെട്ടി, ഒരു പഌസ്റ്റിക് കസേര, ഒരു ബക്കറ്റ്, ഒരു ആഷ്ട്രേ, ഒരു വാട്ടർബോട്ടിൽ, ദൈവങ്ങളുടെ രണ്ടു ഛായാചിത്രങ്ങൾ ഇത്രയുമാണ് മുറിയിലുള്ളത്.
പഞ്ചാബിലും ജമ്മുവിലും കശ്മീരിലും അതിർത്തി സംരക്ഷിച്ചതിന്റെ പേരിൽ സർക്കാർ നൽകുന്ന പെൻഷൻ വാങ്ങാൻ സ്റ്റേറ്റ് ബാങ്കിന്റെ ഗുർഗോൺ ബാങ്കിൽ അക്കൗണ്ടും നന്ദലാലിന്റെ പേരിലുണ്ട്.
എസ്ബിഐയുടെ ഗുർഗോണിലെ ന്യൂ കോളനി ബ്രാഞ്ചിനു മുമ്പിൽ ക്യൂ നിൽക്കുമ്പോൾ മനോവിഷമം താങ്ങാനാകാതെ കരയുന്ന നന്ദലാലിന്റെ മുഖം സാമ്പത്തിക നിയന്ത്രണത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാരന്റെ മുഖമായി മാറിയിരിക്കുകയാണ്. ബുധനാഴ്ച ഹിന്ദുസ്ഥാൻ ടൈംസ് ആണ് ബാങ്കിന് മുന്നിലെ ക്യൂവിൽ നിന്നുകൊണ്ട് കരയുന്ന നന്ദലാലിന്റെ ചിത്രം പുറത്തുവിട്ടത്. നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാരിന്റെ നടപടിയിൽ ജനം നരകിക്കുന്നു എന്ന ആശയത്തിൽ ചിത്രം പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
പെൻഷൻ വാങ്ങാൻ ബാങ്കിന് മുന്നിൽ മൂന്ന് ദിവസം നിൽക്കേണ്ടി വന്നതിന്റെ മുഴുവൻ വേദനയും അദ്ദേഹത്തിന്റെ മുഖത്തുണ്ട്. അവസാനം ക്യൂ നിൽക്കുന്നവർ തന്നെ വൃദ്ധന് തുണയായി. എല്ലാവരും അദ്ദേഹത്തെ കയറ്റിവിടാൻ തയ്യാറായി. എന്നാൽ ആകെ കിട്ടിയത് 1000 രൂപയാണെന്നും ഇദ്ദേഹം പറഞ്ഞു. ഡിസംബർ ആദ്യ ആഴ്ച കിട്ടുന്ന 8000 രൂപ പെൻഷൻ കൊണ്ട് വീട്ടു ജോലിക്കെത്തുന്നയാൾക്കും പച്ചക്കറി കടക്കാരനും പാലുകാരനുമെല്ലാം പണം കൊടുക്കാനുണ്ട്. ‘എന്താണ് അവർ എന്റെ പണം എനിക്ക് തരാത്തത്’ എന്ന നന്ദലാലിന്റെ ചോദ്യം ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ ക്യൂ നിൽക്കുന്ന ദശലക്ഷക്കണക്കിന് ആൾക്കാരുടേതായി മാറുകയാണ്.
നന്ദലാലിന്റെ ഭാര്യ മൂന്ന് ദശകം മുമ്പ് വേർപിരിഞ്ഞതാണ്. ഇതിന് ശേഷമാണ് അദ്ദേഹം ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്. വിവാഹം കഴിപ്പിച്ചയച്ച ദത്തുപുത്രി മാത്രമാണ് ഇപ്പോൾ ആശ്രയം. ഇടയ്ക്കിടെ അവർ പിതാവിന് പണം അയച്ചു കൊടുക്കും.