അഞ്ചാം വാർഷികം, മെട്രൊ തൃപ്പൂണിത്തുറ തൊട്ടു...
കൊച്ചി: കൊച്ചി മെട്രൊ സർവീസിന് അഞ്ചു കൊല്ലം തികയാനിരിക്കെ, രാജനഗരിയായ തൃപ്പൂണിത്തുറ പേട്ട മുതൽ എസ്എൻ ജംക്ഷൻ വരെ 1.8 കിലോമീറ്റർ മെട്രൊ പാത ഈ മാസം കമ്മിഷൻ ചെയ്യാൻ ഒരുക്കങ്ങളുമായി കൊച്ചി മെട്രൊ റെയ്ൽ ലിമിറ്റഡ് (കെഎംആർഎൽ). ഇതിനു മുന്നോടിയായി പേടൻ ജംക്ഷൻ പാതയിൽ മെട്രൊ റെയ്ൽ സേഫ്റ്റി കമ്മിഷണർ അഭയ് റായിയുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധന തുടങ്ങി. സുരക്ഷാ കമ്മിഷണറുടെ പച്ചക്കൊടി കിട്ടിയാൽ ദിവസങ്ങൾക്കുള്ളിൽ പുതിയ പാതയിൽ സർവീസ്. ഇന്നലെ രാവിലെ ഒൻപതിന് കെഎംആർഎൽ മാനെജിങ് ഡയറക്റ്റർ ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ എസ്എൻ ജംക്ഷനിൽ സുരക്ഷാ കമ്മിഷണറെയും സംഘത്തെയും സ്വീകരിച്ചു. സ്റ്റേഷനുകളിലെ എസ്കലേറ്റർ, സിഗ്നലിങ് സംവിധാനങ്ങൾ, സ്റ്റേഷൻ കൺട്രോൾ റൂം, യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ എന്നിവ പരിശോധിച്ചു. തുടർന്നു സുരക്ഷാ കമ്മിഷണറും സംഘവും പുതിയ പാതയിൽ സഞ്ചരിച്ചു ക്രമീകരണങ്ങൾ വിലയിരുത്തി. 1.8 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ ട്രോളി ഉപയോഗിച്ചു യാത്ര നടത്തി പരിശോധിച്ചു. പുതിയ പാതയിലൂടെ ട്രെയ്ന്‍ ഓടിച്ചുള്ള പരിശോധനയും ഇന്നു നടക്കും.
2017 ജൂലൈ 17നാണു കൊച്ചി മെട്രൊ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചത്. ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്നു അന്നു സർവീസ്. പിന്നീട് ഘട്ടംഘട്ടമായി പേട്ട വരെ ദീർഘിപ്പിക്കുകയായിരുന്നു. നിലവിൽ ആലുവ മുതൽ പേട്ട വരെ 25.612 കിലോമീറ്റർ പാതയിൽ 22 മെട്രൊ സ്റ്റേഷനുകളുണ്ട്. എസ്എൻ ജംക്ഷൻ വരെ സർവീസ് നീട്ടുന്നതോടെ മൊത്തം പാത 27.412 കിലോമീറ്ററായും സ്റ്റേഷനുകളുടെ എണ്ണം 24 ആയും ഉയരും.
കൊച്ചി മെട്രൊ റെയ്ല് ലിമിറ്റഡ് (കെഎംആർഎൽ) നേരിട്ടു നിര്‍മിക്കുന്ന ആദ്യ മെട്രൊ പാതയാണ് പേട്ട മുതല്‍ എസ്എന്‍ ജംക്ഷൻ വരെയെന്ന പ്രത്യേകതയുണ്ട്. ആലുവ മുതൽ പേട്ട വരെ 25.612 കിലോമീറ്റർ പാതയും 22 മെട്രൊ സ്റ്റേഷനുകളും ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ ഡൽഹി മെട്രൊ റെയ്ൽ ലിമിറ്റാണ് (ഡിഎംആർസി) പൂർത്തിയാക്കി കെഎംആർഎല്ലിനു കൈമാറിയത്. 2019 ഒക്റ്റോബറിലാണ് പേട്ട-എസ്എൻ ജംക്ഷൻ പാത നിര്‍മാണം ആരംഭിച്ചത്. 453 കോടിരൂപയാണു നിര്‍മാണച്ചെലവ്. സ്റ്റേഷന് നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കാൻ 99 കോടി രൂപ ചെലവ്.
വടക്കേക്കോട്ട, എസ്എന്‍ ജംക്ഷൻ മെട്രൊ സ്റ്റേഷനുകൾ
രണ്ട് സ്റ്റേഷനുകളിലേക്കു കൂടി മെട്രൊ ട്രെയ്ന്‍ എത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 22ല്‍ നിന്നു 24 ആകും. നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേക്കോട്ടയിലേത്. 4.3 ലക്ഷം ചതുരശ്രയടിയാണു വിസ്തീര്‍ണം. ജില്ലയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ സോണിലാണ് എസ്എന്‍ ജംക്ഷന് സ്റ്റേഷൻ പൂര്‍ത്തിയാകുന്നത്.
തൃപ്പൂണിത്തുറയിലേക്ക് ട്രെയ്ൻ ഉടൻ
ഒന്നാംഘട്ടത്തിൽ ആലുവ മുതൽ തൃപ്പൂണിത്തറ വരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആലുവ മുതൽ പേട്ട വരെ ഫെയ്സ്-ഒന്ന്, പേട്ട മുതൽ എസ്എൻ ജംക്ഷൻ വരെ ഫെയ്സ്-2, എസ്എൻ ജംക്ഷൻ മുതൽ തൃപ്പൂണിത്തുറ വരെ ഫെയ്സ്-ഒന്ന് ബി എന്നിങ്ങനെയാണു നിർമാണം പൂർത്തിയാകുന്നത്. എസ്എൻ ജംക്ഷനിൽ നിന്ന് തൃപ്പൂണിത്തുറ വരെ സ്ഥലമെടുപ്പു പൂർത്തിയാക്കി പില്ലറുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. തൃപ്പൂണിത്തുറ റെയ്ൽവേ സ്റ്റേഷന് സമീപത്തായിട്ടാണ് മെട്രൊ ടെർമിനൽ. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 28 കിലോമീറ്ററാണു നീളം. ഡിസംബറോടെ തൃപ്പൂണിത്തുറ പാത കമ്മിഷൻ ചെയ്യാനാകുമെന്നാണു പ്രതീക്ഷ. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 7,337 കോടി രൂപയാണ് നിർമാണച്ചെലവ്. കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടത്തിൽ ( ഫെയ്സ് -2) കലൂർ ജെഎൽഎൻ മുതൽ കാക്കനാട് വരെ 11.2 കിലോമീറ്റർ മെട്രൊ പാതയ്ക്ക് 1,957 .05 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്. സ്ഥലമേറ്റെടുക്കലിന് തുടക്കമായെങ്കിലും കാക്കനാട് മെട്രൊ പാതയ്ക്ക് ഇതുവരെ കേന്ദ്രാനുമതി കിട്ടിയിട്ടില്ല.