പിണറായി വിജയൻ ചികിത്സ തേടിയ മായോ ക്ലിനിക് കേരളത്തിലേക്ക് ; കൊച്ചി കലൂരില്‍ 100 കോടി രൂപ ചെലവില്‍ അത്യാധുനിക ലാബ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയില്‍ ചികിത്സ തേടിയ മയോ ക്ളിനിക്, കാന്‍സര്‍ പരിചരണരംഗത്തെ ഇന്ത്യന്‍ കമ്പനിയായി കാര്‍ക്കിനോസില്‍ വന്‍ നിക്ഷേപം നടത്തി.തുക വെളിപ്പെടുത്തിയിട്ടില്ല. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെങ്ങും കാന്‍സര്‍ ഗവേഷണ, പരിചരണസൗകര്യങ്ങള്‍ ഒരുക്കുന്ന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സ്ഥാപനമാണ് കാര്‍ക്കിനോസ്.
മലയാളിയായ ഡോ.മോനി കുര്യാക്കോസ് കാര്‍ക്കിനോസിന്റെ സഹസ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമാണ്. രത്തന്‍ ടാറ്റയ്ക്ക് ഉള്‍പ്പെടെ വന്‍ നിക്ഷേപമുള്ള കാര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍ മുംബയ് ആസ്ഥാനമായാണ് പ്രവര്‍ത്തനം. കാന്‍സര്‍ പരിചരണത്തിന് പുതിയ സംവിധാനങ്ങള്‍ ഒരുക്കാനാണ് മയോയുടെ നിക്ഷേപം പ്രയോജനപ്പെടുത്തുക. കാര്‍ക്കിനോസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ മയോ ക്ളിനിക്കിന്റെ പ്രതിനിധിയെയും ഉള്‍പ്പെടുത്തും.
പിണറായി വിജയന് രണ്ടുതവണ ചികിത്സ നടത്തിയതോടെയാണ് അമെരിക്കയിലെ മയോ ക്ളിനിക് കേരളത്തില്‍ ശ്രദ്ധനേടിയത്. കഴിഞ്ഞ മാസവും മയോ ക്ളിനിക്കില്‍ അദ്ദേഹം ചികിത്സയ്ക്ക് പോയിരുന്നു.അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കാന്‍സര്‍ കണ്ടെത്തുക, കുറഞ്ഞ ചെലവില്‍ ഫലപ്രദ ചികിത്സ ലഭ്യമാക്കുക, ഗവേഷണം തുടങ്ങിയവയാണ് കാര്‍ക്കിനോസിന്റെ ലക്ഷ്യം. കൊച്ചി കലൂരില്‍ 100 കോടി രൂപ ചെലവില്‍ അത്യാധുനിക ലബോറട്ടി സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
ലോകോത്തര ചികിത്സാസംവിധാനം ഇവിടെ ഒരുക്കും. എറണാകുളം, കോതമംഗലം, മൂന്നാര്‍, തൊടുപുഴ എന്നിവിടങ്ങളില്‍ കാര്‍ക്കിനോസിന് കാന്‍സര്‍ പരിചരണകേന്ദ്രങ്ങളുണ്ട്. രാജ്യവ്യാപകമായി കാന്‍സര്‍ പരിചരണ, ഗവേഷണ കേന്ദ്രങ്ങള്‍ തുറക്കുകയാണ് ലക്ഷ്യം.കാര്‍ക്കിനോസില്‍ 100 കോടി രൂപ മുടക്കിയ രത്തന്‍ ടാറ്റയാണ് പ്രധാന നിക്ഷേപകന്. ടാറ്റാ ഗ്രൂപ്പില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആര്.വെങ്കട്ടരമണനാണ് കാര്‍ക്കിനോസിന്റെ സ്ഥാപകനും സി.ഇ.ഒയും. ടാറ്റാ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടറായിരുന്ന രവികാന്ത്, മാനേജ്മെന്റ് വിദഗ്ദ്ധന് സുന്ദര്രാമന്, ഡോ.ഷഹ്വീര്‍ നൂര്യേധന്‍ തുടങ്ങിയവര്‍ സഹസ്ഥാപകരാണ്